ആർഷോയ്‍ക്കെതിരെ വനിതാ നേതാവിന്റെ ആക്ഷേപം പച്ചക്കള്ളം; വ്യക്തിവിരോധത്തിന്റെ ബാക്കിപത്രമെന്ന് എഐഎസ്എഫ് മുൻ നേതാവ്

തിരുവനന്തപുരം: പി എം ആർഷോയ്ക്ക് എതിരെ എഐഎസ്എഫ് വനിതാ നേതാവ് ഉയർത്തിയ ആക്ഷേപം പച്ചക്കള്ളമായിരുന്നുവെന്ന് മുൻ സംസ്ഥാന കൗൺസിൽ അംഗം എ എ സഹദ്. ആർഷോ ജാതി അധിക്ഷേപവും സ്ത്രീവിരുദ്ധ പരാമർശവും നടത്തി ഭീഷണിപ്പെടുത്തിയെന്ന വനിതാ നേതാവിന്റെ ആരോപണം തെറ്റായിരുന്നുവെന്നും അന്നത്തെ സംഘട്ടനത്തിൽ മർദ്ദനമേറ്റ തനിക്ക് ഈ വിഷയം നേരിട്ട് അറിയാവുന്നതാണെന്നും സഹദ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റ്
രാഷ്ട്രീയ പ്രവർത്തനത്തിൽ പലവിധ ഓഡിറ്റിങിനും നേതാക്കൾ വിധേയരാവാറുണ്ട്. അത് നല്ലത് തന്നെ. എന്നാൽ, രാഷ്ട്രീയ മര്യാദ കാണിക്കേണ്ടവർ അതിന് നേർവിപരീതം പ്രവർത്തിച്ചപ്പോഴും പച്ചകള്ളങ്ങൾ പ്രചരിപ്പിച്ചപ്പോഴും അതെല്ലാം ബിജെപി പോലുള്ള വർഗീയ കക്ഷികളും രാഷ്ട്രീയ എതിരാളികളും നിരന്തരം തനിക്കെതിരെ ഉപയോഗിക്കുമ്പോഴും പൊതുപ്രവർത്തന മേഖലയിലും വ്യക്തി ജീവിതത്തിലും പ്രതികൂലമായി ബാധിക്കാൻ സർവത്ര സാധ്യതകൾ ഉള്ളപ്പോഴും ദളിത് വിരുദ്ധനെന്നും സ്ത്രീ വിരുദ്ധനെന്നും പറഞ്ഞ് പൊയ്ചാപ്പ കുത്തുമ്പോഴും തന്റെ രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിൽക്കുന്ന ഉരുക്ക് മനുഷ്യാ…. പ്രിയ സഖാവേ ആർഷോ….. ലാൽസലാം
പറയാതെ വയ്യ, MG യൂണിവേഴ്സിറ്റിയിൽ നടന്ന SFI-AISF സംഘട്ടനത്തിൽ അന്നത്തെ SFI എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പിഎം ആർഷോയ്ക്കെതിരെ വനിതാ നേതാവ് നടത്തിയ ആരോപണങ്ങൾ പച്ചക്കള്ളമായിരുന്നു. വനിതാ നേതാവിന്റെ വ്യക്തിവിരോധത്തിന്റെ ബാക്കിപത്രമായിരുന്നു അത്. അന്നത്തെ AISF സംസ്ഥാന കൗൺസിൽ അംഗവും അന്ന് മർദ്ദനം ഏൽക്കേണ്ടിയും വന്ന എനിക്ക് ഈ വിഷയം കൃത്യമായി അറിയാവുന്നതാണ്. വനിത നേതാവ് നടത്തിയത് നാറിയ നാടകമാണെന്ന് അതുകഴിഞ്ഞു നടന്ന AISF സംസ്ഥാന കൗൺസിൽ മീറ്റിംഗിൽ സ: കാനം രാജേന്ദ്രൻ റിപ്പോർട്ട് ചെയ്തതുമാണ്. എന്നാൽ, സംഘടന ഈ സത്യം എഐഎസ്എഫ്/എഐവൈഎഫ് പ്രവർത്തകർക്കിടയിലേക്ക് പോലും കമ്മ്യൂണിക്കേറ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചുകൊണ്ടാണ് പിന്നീട് ഞാൻ എഐഎസ്എഫ് സംസ്ഥാന കൗൺസിലിൽ നിന്നും രാജി വെച്ചത്. ഇനിയും ആർഷോയെ വേട്ടയാടുമ്പോൾ മൗനം പാലിക്കാൻ സാധ്യമല്ല.
ഒരു തരിയെങ്കിലും രാഷ്ട്രീയ മര്യാദയുണ്ടെങ്കിൽ എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി ഇന്നലെ നടന്ന ബിജെപി അക്രമത്തിൽ ആർഷോക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതാണ്.









0 comments