ad
Deshabhimani

2051 ജനുവരി മുപ്പത്തൊന്ന് ചൊവ്വാഴ്ച ഇങ്ങനെ ആകുമോ?

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2019, 05:39 PM | 0 min read

രാജേഷ് കൃഷ്ണ പ്രൈവസിക്ക് പൈസ പിരിക്കുന്ന കമ്പനിയാണ് ഏറ്റവും ലാഭത്തിൽ ഓടുന്നതത്രേ. മണിക്കൂർ, ദിവസം, ആഴ്ച മാസ കണക്കുകളിൽ പല പാക്കേജുകൾ ലഭ്യമാണ്. തനിക്കും കാമുകിക്കും, അവളുടെ ബർത്ത് ഡേ സമ്മാനമായി ഒരാഴ്ചത്തെ പാക്കേജ് വാങ്ങാൻ തന്റെ, ഡ്രൈവർ വേണ്ടാത്ത കാർ വിറ്റ ഒരു യുവാവിനെ കണ്ടു...!

മൂന്ന് പതിറ്റാണ്ടിനപ്പുറം ലോകം ഇങ്ങനെയാകുമോ? രാജേഷ് കൃഷ്ണയുടെ ഫേസ് ബുക്ക് കുറിപ്പ്.

2051 ജനുവരി മുപ്പത്തൊന്ന് ചൊവ്വാഴ്ച.

"ഡേറ്റ് ശ്രദ്ധിക്കണം"
പരിചിതമല്ലാത്ത ശബ്ദം എന്നെ ഉണർത്തി.

കണ്ണുതുറന്ന് നോക്കുമ്പോൾ ചുവരിലെ പ്രൊജക്ടഡ് ഡിജിറ്റൽ കലണ്ടറിൽ ആ ദിവസം അങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

സ്വപ്നത്തിലല്ലെന്നുറപ്പു വരുത്തി എന്റെ മനസ്സിന്റെ ഇരുണ്ട ഇടനാഴിയിലൂടെ ഞാനൊന്ന് തിരിച്ച് നടക്കാൻ ശ്രമിച്ചു.

തലയ്ക്ക് പരിക്കേറ്റ ആ അപകട ദൃശ്യങ്ങൾ എന്റെ കൺമുന്നിൽ ഒരു സുതാര്യ സ്ക്രീനിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്റെ ബന്ധുക്കൾ സുഹൃത്തുക്കൾ തുടങ്ങി ശത്രുക്കളുടെ വരെ ചിത്രങ്ങളിൽ തുടങ്ങി പഴയ കാമുകിമാരുടെ ചിത്രങ്ങൾ എന്നെ ഉപേക്ഷിച്ചു പോയ ഓഡറിൽ എത്തിയപ്പോൾ ജാള്യതയോടെ ഞാൻ മുഖം തിരിച്ചു. ബാക്ഗ്രൗണ്ടിലെ അദൃശ്യ ശബ്ദം എന്റെ മനസ്സു വായിച്ചിട്ടെന്ന പോലെ മറുപടിയുമായെത്തി.

"ഇത് നിങ്ങളുടെ മനസ്സിന്റെ ബാക്കപ്പാണ്. കറപ്റ്റായ ഫയലുകൾ ഞങ്ങൾ റിട്രൈവ് ചെയ്തത്".
"പടച്ചോനേ പണി പാളിയോ " എന്ന എന്റെ ആത്മഗതത്തിനും വന്നു മറുപടി.
" ആ പിന്നെ ഒന്നു കൂടി, നിങ്ങളുടെ ചിന്തകൾക്കും ഇനി പ്രൈവസിയില്ല" പിന്നെ ഇൻകോർണിറ്റോ മോഡ് പോലെ ഒന്നോ രണ്ടോ ആഴ്ച രേഖപ്പെടുത്തപ്പെടാതെ ജീവിക്കാൻ പാക്കേജുകൾ ലഭ്യമാണ്. ഞങ്ങളിൽ നിന്ന് വാങ്ങിയാൽ ഡിസ്കൗണ്ട് ഉണ്ട്, പക്ഷെ ഞങ്ങൾ ക്രിപ്റ്റോ കറൻസിയേ എടുക്കൂ"

എന്റെ ബോധക്ഷയം മുന്ന് പതിറ്റാണ്ടുകൾ താണ്ടിക്കഴിഞ്ഞെന്ന് ഒരു ഞെട്ടലോടെ മനസ്സിലാക്കി. പക്ഷെ മുന്നിലുള്ള കണ്ണാടിയിൽ എന്റെ ഛായയുള്ള ചെറുപ്പക്കാരനെയും ഞാൻ തിരിച്ചറിഞ്ഞു. ഞാൻ കൂടുതൽ ചെറുപ്പമായിരിക്കുന്നു, എന്റെ നീണ്ട ഉറക്കം നാൽപ്പതുകളിൽ തുടങ്ങിയതാണെങ്കിലും എന്റെ മുപ്പതുകളിലെ രൂപത്തിലേക്ക് ആരോ എന്നെ പ്രീ സെറ്റ് ചെയ്തിരിക്കുന്നു.

ഒട്ടൊക്കെ വിജനമായ പഞ്ചനക്ഷത്ര ആശുപത്രിക്കിടക്കവിട്ട് ഞാൻ എഴുന്നേറ്റപ്പോൾ തന്നെ അടുത്ത അദൃശ്യ കമാൻഡുകൾ എത്തിത്തുടങ്ങി.

ഇവിടെ പൊതുവെ മാനസിക സമ്മർദരോഗങ്ങൾ കൂടുതലാണെങ്കിലും ശാരീരിക അസുഖങ്ങൾ വളരെ കുറവാണത്രേ.

പുറത്തേക്കുള്ള പടികടക്കും മുന്നേ എനിക്കായി ഒരു ഒരു ചെറുമോതിരം നീട്ടപ്പെട്ടു , 1040 ഇൻബിൽട്ട് ഫങ്ങ്ഷനുകളുള്ള, മുന്നിൽ രൂപ രഹിത സ്ക്രീൻ എവിടെയും തെളിയുന്ന ഒരു മൊബൈൽ ഫോണാണതെന്ന് മനസിലാക്കാൻ സമയമെടുത്തു.

കാലത്തിന്റെ ഓട്ടത്തിൽ പേരുകളുടെ സ്ഥാനത്ത് മൊബൈൽ നമ്പർ സ്ഥാനം പിടിച്ചിരിക്കുന്നു. പാസ്പോർട്ടും ബാങ്ക് അക്കൗണ്ടും എല്ലാം ഇതാണത്രേ. ഇത്തിരിയെങ്കിലും സ്വകാര്യതയുള്ള കരിഞ്ചന്തയിൽ മാത്രം കിട്ടുന്ന നമ്പർ ബട്ടൻ മാത്രമുള്ള പഴയ ഫോണുകൾക്ക് വൻ വിലയാണ്. എന്തിനേറെ ഹെൽത്ത് റൊട്ടീൻ ചെക്കപ്പുകളുടെ റിസൾട്ടും സമയാസമയം എന്റെ യന്ത്രഡോക്ടർക്ക് കിട്ടുമത്രേ...!

വഴിനീളെ ആളുകൾ അലസരായി ഇരിക്കുന്നു. ഇരിപ്പു കൂട്ടങ്ങളായാണെങ്കിലും വലിയ സംസാരമോ തർക്കങ്ങളോ ഒന്നുമില്ല. ചിന്ത കംപ്യൂട്ടറിന്റെ പണിയാണത്രെ. എന്തിനും ഏതിനും സോഫ്റ്റ്‌വെയറുകൾ ഉള്ളതിനാൽ എല്ലാം കാലേകൂട്ടി കണക്കുകൂട്ടി വച്ചിരിക്കുന്നു. സ്വകാര്യതയുടെ സുതാര്യത കൂടിയതുകൊണ്ടോ എന്തോ ആൺപെൺ സൗഹൃദങ്ങളിൽ വെള്ളം ചേർക്കലുകൾ കുറഞ്ഞിരിക്കുന്നു. തികച്ചും യാന്ത്രികമായ ജീവിതങ്ങൾ.

ബഹിരാകാശ ടൂർ പാക്കേജുകൾ വിൽക്കുന്ന കടയിൽ വെർച്വൽ സ്ക്രീനിൽ ചന്ദ്രനിലെയും ചൊവ്വയിലെയും വ്യാഴത്തിലെയും വീഡിയോകൾ ഓടുന്നു. ചൊവ്വയിൽ തുടങ്ങിയ കാലിക്കറ്റ് പാരഗണൺ റസ്റ്റോറന്റിൽ മുതലാളിയായ എന്റെ പഴയ സുഹൃത്ത് സുമേഷ് നേരിട്ട് സ്നേഹത്തിൽ ചാലിച്ച സുലൈമാനി എടുത്തു കൊടുക്കുന്നു. സഹായത്തിന് ഏഴ് യന്ത്രമനുഷ്യരും...!

കേരളത്തിലെ സമരംമൂലം സ്ഥലമേറ്റെടുക്കാൻ കഴിയാതിരുന്ന കൊച്ചി ലണ്ടൻ വ്യാക്വം ട്യൂബ് അടുത്ത വർഷം നിലവിൽ വരുമത്രേ. ഇതോടെ ലണ്ടനിലേക്കുള്ള യാത്ര സമയം ഒരു മണിക്കൂറിൽ നിന്ന് 6 മിനിറ്റായും ന്യൂയോർക്കിലേക്കുള്ള സമയം 90 മിനിറ്റിൽ നിന്ന് 9 മിനിറ്റായും കുറയും. ഡെലിവറികൾ നടത്തുന്ന ഡ്രോണുകൾ വീടുവീടാന്തരം കയറിയിറങ്ങുന്നു...!

താരതമ്യേന കുറ്റവാളികൾ കുറവാണെങ്കിലും അദൃശ്യചങ്ങലകളാൽ ബന്ധിതരായ മനുഷ്യരുടെ കൂടുകളാണ് എവിടെയും. 'ജിയോ ഫെൻസിങ്' എന്നാണത്രേ പേര്. 6X6, 8X8 തുടങ്ങി പല അളവിലുണ്ട് ഈ സ്വയം തിരഞ്ഞെടുക്കാവുന്ന ജയിലുകൾ.

ശിക്ഷിക്കപ്പെട്ടവരിൽ ഏറെയും സ്വകാര്യത സംരക്ഷിക്കാനുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട യുവാക്കളാണ്. വിചാരണയും കോടതിയുമെല്ലാം വെർച്ച്വലായിട്ടാണ്. കുറ്റകൃത്യം ആരോപിക്കപ്പെട്ടാൽ സെറ്റ് ചെയ്യപ്പെട്ട സോഫ്റ്റ് വെയറിനാൽ മിനിറ്റുകൾക്കുള്ളിൽ റെഡിമെയ്ഡ് വിധി വരുന്നു. ലോകത്തിന്റെ ഏത് കോണിലായാലും അവിടെ തടവിലാക്കപ്പെടുന്നു. കൂടുതൽ പൈസ അടച്ചാൽ കൂടുതൽ സൗകര്യമുള്ള ജയിൽ. നീണ്ട തടവുകൾ ഇല്ലേയില്ല മണിക്കൂർ ദിവസകണക്കുകളിൽ തടവ് ശിക്ഷ.

പ്രൈവസിക്ക് പൈസ പിരിക്കുന്ന കമ്പനിയാണ് ഏറ്റവും ലാഭത്തിൽ ഓടുന്നതത്രേ. മണിക്കൂർ, ദിവസം, ആഴ്ച മാസ കണക്കുകളിൽ പല പാക്കേജുകൾ ലഭ്യമാണ്. തനിക്കും കാമുകിക്കും, അവളുടെ ബർത്ത് ഡേ സമ്മാനമായി ഒരാഴ്ചത്തെ പാക്കേജ് വാങ്ങാൻ തന്റെ, ഡ്രൈവർ വേണ്ടാത്ത കാർ വിറ്റ ഒരു യുവാവിനെ കണ്ടു...!

നോട്ടമെത്താത്ത സ്ഥലങ്ങളില്ല, ഭൂമിയിൽ നിന്നും രണ്ട് മൈൽ ഉയരത്തിൽ മൂന്ന് മൈൽ തലങ്ങും വിലങ്ങും ഇടവിട്ട് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു. മഴയും മേഘങ്ങളും ഇല്ലാത്തതിനാൽ എല്ലാം ക്രിസ്റ്റൽ ക്ലിയർ. കനത്ത ഭിത്തികൾ പോലും തടസ്സമല്ല. വീടിന്റെ ഡിസൈൻ അംഗീകരിച്ചു കഴിഞ്ഞാൽ 12 മിനിറ്റിൽ 4000 സ്ക്വയർ ഫീറ്റ് വീട്‌ റെഡി. പണ്ട് ഞാൻ കണ്ടിട്ടുള്ള 3D പ്രിന്റിങ്ങ് മെഷീന്റെ വലിയ രൂപമാണ് ഈ പണി പൂർത്തിയാക്കുക...!

പ്രൈവസി പാക്കേജുള്ള അപൂർവ്വം വീടുകൾ മാത്രം എന്തോ അലൂമിനിയം ഫോയിൽ പോലെയുള്ള ഷീറ്റുകൾ കൊണ്ട് മറച്ചിരിക്കുന്നു. അത് താൽക്കാലികം മാത്രം, പ്രൈവസി ക്രെഡിറ്റ് തീരുന്നതോടെ അത് മാറ്റപ്പെടും. തൽസമയ വീഡിയോ ലൈവ് സ്ട്രീമിങ്ങ് എല്ലാവർക്കും ലഭ്യമാണ്, പഴയ വിവാരാവകാശത്തിന്റെ പുതിയ രൂപം. എല്ലാ മെസേജും സർക്കാർ വായിക്കും, എല്ലാ കോളും റെക്കോഡ് ചെയ്ത് സൂക്ഷിക്കും. രണ്ടുതരം മനുഷ്യരേയുള്ളൂ, ഉറക്കം കിട്ടാത്തവരും സമാധാനമുള്ളവരും...!

അന്റാർട്ടിക്കയിൽ നിന്ന് വെള്ളം കയറ്റിയ ഷിപ്പുകൾ എല്ലാ മാസവും തീരത്തണയും. കേരളത്തിൽ വെള്ളക്കിണറുകൾ സ്വന്തമായി ഉള്ളവർ കാശുവാരുകയാണത്രേ. പണ്ട് എണ്ണക്കിണറുകൾ നടത്തി പരിചയമുള്ള അറബികളെ കൂട്ടമായി റിക്രൂട്ട് ചെയ്ത് എത്തിക്കാൻ ബ്രിട്ടീഷ് ഏജന്റ്മാർ ക്യൂ നിൽക്കുന്നു. റേഷൻ കടകളിൽ മണ്ണെണ്ണയും അരിയും പച്ചവെള്ളത്തിനും വിറ്റാമിൻ ഗുളികകൾക്കും വഴിമാറിയിരിക്കുന്നു.

ലോകത്തിന്റെ പകുതിയോളം ഭരിക്കുന്നത് സോഷ്യലിസ്റ്റുകളുടെ പുതിയ രൂപമാണത്രെ. കേരളം മാത്രം ഭരിക്കുന്നത് തീവ്ര വലത് നാമജപ വിഭാഗമാണ്. ലോകത്തിൽ വലത് പക്ഷ സ്വാമിമാർ ഭരിക്കുന്ന ഒരേയൊരു നാട് ഇതാണത്രേ. മീശ ഇല്ലാത്ത താടി നീട്ടി വളർത്തിയ നെറ്റിയിൽ നിസ്‌കാര തഴമ്പുള്ള സ്വാമിമാരെയും പഴയ ക്രിസ്ത്യൻ പാതിരിമാരെപ്പോലെ തോന്നുന്ന സ്വാമിമാരെയും ഇവിടെക്കാണാം. എല്ലാവരും സൗഹാർദത്തോടെ ജീവിക്കുന്നു. എന്നും ഒഴുക്കിനെതിരെ നീന്തിയാണല്ലോ കേരളത്തിന് പരിചയം...!! നിങ്ങൾ ഇവിടെ മാത്രമേ അവശേഷിക്കുന്നുള്ളല്ലോ എന്ന ചോദ്യത്തിന് ഒരു മുട്ടൻ സ്വാമിനി ഉടൻ ഉത്തരം പറഞ്ഞു. 'കനലൊരുതരി മതി' എന്ന് ...!!!

പട്ടിണി മൂലം യൂറോപ്പ് എന്നൊരൊറ്റ രാജ്യം ഉണ്ടാവുകയും ഇന്ത്യ മുപ്പതോളം രാജ്യങ്ങളായി വിഭജിക്കപ്പെടുകയും ചെയ്തത്രേ. അവരുടെ യൂണിയനിൽ നിന്നും 'ക്രെക്സിറ്റ് ' എന്നൊരു റഫറണ്ടത്തിലൂടെ കേരളമെന്ന ഒരു രാജ്യം പുറത്തു കടക്കുകയാണത്രേ.!

മമ്മൂട്ടിയുടെ പുതിയ ചിത്രത്തിൽ പഴയ കാല നടൻ മോഹൻലാലിന്റെ കൊച്ചുമകൾ നായികയാവുന്നെന്നു എവിടെയോ വാർത്ത കണ്ടു...!

ജനുവരി 31, കേരളത്തിൽ ഇന്ന് 'ഇര' ദിനമാണത്രേ...!
മന:പൂർവ്വം ഗോഡ്സേജിയെ കേസിൽ കുടുക്കിയ ഏതോ ഗാന്ധിയുടെ ചരമമദിനമാണ് പോലും...!



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home