തല ഉയർത്തി നെഞ്ചുവിരിച്ച് ഇതാ ഖത്തർ
Tuesday Dec 20, 2022

ലോകകപ്പ് നേടിയപോലുള്ള സന്തോഷത്തിലാണ് ഖത്തർ. ഇവിടെ കളി സാധ്യമാകുമോയെന്ന സംശയം യൂറോപ്പിന്റെ മാത്രമായിരുന്നില്ല. ഖത്തറുകാർക്കുതന്നെ ആശങ്കയുണ്ടായിരുന്നു. എന്നാൽ, എല്ലാ സംശയങ്ങളും ആശങ്കകളും കാറ്റിൽപ്പറത്തി അതിഗംഭീരമായി ലോകകകപ്പ് സംഘടിപ്പിച്ചു. മികവുറ്റ സംഘാടനം, പിഴവറ്റ സുരക്ഷ. അതായിരുന്നു ആതിഥേയരുടെ വിജയമന്ത്രം.
ചെറിയ രാജ്യത്ത് വലിയ ലോകകപ്പ് എങ്ങനെ സാധ്യമാകുമെന്നായിരുന്നു ആദ്യ ചോദ്യം. 12 വർഷംമുമ്പ് ലോകകപ്പ് സമ്മാനിച്ച അന്നത്തെ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർതന്നെ അത് തെറ്റായ തീരുമാനമായിരുന്നുവെന്ന് പറഞ്ഞു. ലോകകപ്പിന് തൊട്ടുമുമ്പായിരുന്നു ബ്ലാറ്ററുടെ ഏറ്റുപറച്ചിൽ.
ഖത്തറിനെതിരെ കടുത്ത നിലപാട് എടുത്ത യൂറോപ്യൻ മാധ്യമങ്ങൾക്ക് ഇത് ആഘോഷമായി. പക്ഷേ, കളി നടത്തി ഖത്തർ കളം പിടിച്ചു. തുടക്കംമുതൽ അവരുടെ എല്ലാ മറുപടിയും പ്രവൃത്തിയിലൂടെയായിരുന്നു.
ലോകകപ്പിനായി നിർമിച്ച എട്ട് സ്‌റ്റേഡിയങ്ങളായിരുന്നു പ്രധാന സവിശേഷത. ലോകത്തെ ഏത് കളിമുറ്റങ്ങളെയും വെല്ലുന്നതായിരുന്നു. മുഴുവൻ സ്‌റ്റേഡിയങ്ങളും നിറഞ്ഞുകവിഞ്ഞു. കളി കഴിഞ്ഞിറങ്ങിപ്പോകുന്ന ആരാധകരെ ഉൾക്കൊള്ളാൻ നഗരങ്ങൾക്ക് സാധ്യമാകുമോയെന്നായിരുന്നു അടുത്ത ചോദ്യം. എന്നാൽ, ഭൂഗർഭ മെട്രോ എല്ലാം മാറ്റിമറിച്ചു. ഒരു ദിവസം നാല് കളിയുള്ളപ്പോഴും ഖത്തറിലെ നഗരങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ടില്ല.
കിക്കോഫിന്റെ തലേന്ന് യൂറോപ്പിനെയും മാധ്യങ്ങളെയും കടുത്ത ഭാഷയിലാണ് ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ വിമർശിച്ചത്. മനുഷ്യാവകാശപ്രശ്‌നങ്ങൾ ഇല്ലാത്ത ഏത് യൂറോപ്യൻ രാജ്യമാണുള്ളതെന്നായിരുന്നു ചോദ്യം. എല്ലാവരും ഇനി കളിയിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതോടെ വിമർശങ്ങൾ കുറഞ്ഞു. കളി തുടങ്ങിയതോടെ നേരിയ എതിർപ്പും ഇല്ലാതായി.
ഒന്നിനൊന്ന് മെച്ചമുള്ള കളികൾ എല്ലാ വിഷയങ്ങളെയും മായ്‌ച്ചുകളഞ്ഞു. 29 ദിവസം 64 കളികൾ നടന്നിട്ടും ഒരു പരാതിയും ഉണ്ടായില്ല. കളിക്കാർക്ക് ഖത്തറിലെ ചൂട് പ്രശ്‌നമാകുമെന്ന് പറഞ്ഞപ്പോൾ സ്‌റ്റേഡിയങ്ങൾ ശീതീകരിച്ചായിരുന്നു മറുപടി. അതിന്റെ ആനുകൂല്യം കളിക്കാർക്ക് മാത്രമല്ല, കാണികൾക്കും കിട്ടി. ആർക്കും വിയർത്തുകുളിച്ച് കളി കാണേണ്ടിവന്നില്ല.
ഈ വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. വലിയ കായികോത്സവങ്ങൾ ഏറ്റെടുക്കാനും അത് നടത്താനും സാധിക്കുമെന്ന് തെളിഞ്ഞു. ഭാവിയിൽ ഒളിമ്പിക്‌സ് പോലുള്ള വലിയ കായികമാമാങ്കങ്ങൾക്ക് ഖത്തർ വേദിയായാൽ അത്ഭുതം വേണ്ട.