മറക്കാനാകില്ല, 
ആ രാത്രി

Monday Dec 19, 2022


ശബ്‌ദവും വെളിച്ചവും നിറഞ്ഞൊഴുകിയ കാർണിവൽ കാണുന്നതുപോലെ, അല്ലെങ്കിൽ ഒരു ഉത്സവപ്പറമ്പ്‌. അതായിരുന്നു ലുസെയ്‌ൽ സ്‌റ്റേഡിയം. പാട്ടും ആട്ടവുമായി ഒരു രാത്രി. കലാശപ്പോരിന്റെ എല്ലാ നാടകീയതയും സസ്‌പെൻസും. കളിയുടെ എല്ലാ വികാരവും ചേർന്നൊഴുകിയ അസ്സൽ ഫുട്‌ബോൾ വിരുന്ന്‌. സ്‌റ്റേഡിയത്തിലേക്ക്‌ ഉച്ചമുതൽതന്നെ ആരാധകരുടെ ഒഴുക്കുണ്ടായിരുന്നു. മെട്രോ ട്രെയിനുകൾ പലതും അർജന്റീന വണ്ടികളായി. ആകാശനീലയണിഞ്ഞ കൂട്ടങ്ങൾ. നാടും ഭാഷയും നിറവും ഒന്നും ആരേയും മാറ്റിനിർത്തിയില്ല. ഒറ്റ മന്ത്രം അർജന്റീന, മെസി.
മാറഡോണയെ ഓർത്തവരുണ്ട്‌. കൈയിലുള്ള ബാനർ വീശി, മെസിക്കായും മാറഡോണക്കായും ആർത്തുവിളിച്ചു. സ്‌റ്റേഡിയത്തിൽ ഇളംനീലയും വെള്ളയും ചേർന്ന മേലാപ്പ്‌ വിരിച്ചു. എല്ലാം 10–-ാംനമ്പറുകാർ. മെസിയുടെ കുപ്പായമണിഞ്ഞ്‌, പതാകയേന്തി, ദേശീയഗാനം പാടി. കളിക്കാർ ബസിൽ വന്നിറങ്ങുന്നത്‌ കൂറ്റൻ സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ നിലയ്ക്കാത്ത കരഘോഷം. എൺപതിനായിരം ശേഷിയുള്ള സ്‌റ്റേഡിയം നിറഞ്ഞുതുളുമ്പി. അതിൽ മുക്കാൽപ്പങ്കും അർജന്റീന ആരാധകർ. കളിക്കുമുമ്പ്‌ സമാപനച്ചടങ്ങുണ്ടായി. ഖത്തറിന്റെ പാരമ്പര്യവും ചരിത്രവും വിളംബരം ചെയ്യുന്ന കലാരൂപങ്ങൾ മൈതാനത്തിറങ്ങി. അരമണിക്കൂറായിരുന്നു കലാവിരുന്ന്‌. തുടർന്ന്‌ സ്വർണക്കപ്പ്‌ മൈതാനത്തെത്തി. സ്‌പാനിഷ്‌ മുൻ ഗോളി ഇകർ കാസിയസും നടി ദീപിക പദുക്കോണും കപ്പ്‌ അവതരിപ്പിച്ചു.

നിലയ്ക്കാത്ത കരഘോഷത്തിന്റെ അകമ്പടിയിൽ കിക്കോഫ്‌. അത്‌ അവസാനിക്കാൻ ഫൈനൽ വിസിലാകേണ്ടിവന്നു. ഓരോ പന്തിലും ആരവം മുഴങ്ങി. മെസി തൊട്ടാൽ, നീക്കിയാൽ, പന്ത്‌ കൈമാറിയാൽ സ്‌റ്റേഡിയം ഇരമ്പി. മെസിയുടെ ഷോട്ടുകൾ സ്‌റ്റേഡിയത്തെ ത്രസിപ്പിച്ചു. ഇടവേളയ്ക്കുമുമ്പ്‌ ഗോൾ വന്നതോടെ കാണികൾ ആഘോഷത്തിലായി. രണ്ടാംപകുതിയും അധികസമയവും ഷൂട്ടൗട്ടും ശരിക്കും ത്രില്ലർ.  കളികഴിഞ്ഞിട്ടും കാണികൾ പിരിഞ്ഞുപോയില്ല. പ്രിയപ്പെട്ടവരെ കണ്ട്‌ മതിയാകാതെ കൈവീശിക്കൊണ്ടിരുന്നു. ഖത്തർ വിടപറയുകയാണ്‌. ലോകത്തെ അമ്പരപ്പിച്ച സംഘാടനംകൊണ്ട്‌ പുതിയ ചരിത്രമെഴുതി.