തന്ത്രങ്ങളിൽ അർജന്റീന ആശയമറ്റ് ഫ്രാൻസ്

Tuesday Dec 20, 2022


ദോഹ
സൗദി അറേബ്യയോട്‌ തോറ്റുതുടങ്ങിയതായിരുന്നു അർജന്റീന. ലോക കിരീടം നേടാനുള്ള മെസിയുടെ സ്വപ്‌നം നീറ്റലായി അവസാനിക്കുമെന്ന്‌ തോന്നിച്ച ഘട്ടം. ഫ്രാൻസ്‌, ചാമ്പ്യൻമാരുടെ പകിട്ടുമായാണെത്തിയത്‌. പക്ഷേ, എൻഗോളോ കാന്റെ, പോൾ പോഗ്‌ബ, കരിം ബെൻസെമ എന്നിവരുടെ പരിക്കിൽ അവർ പതറുമെന്നായിരുന്നു വിലയിരുത്തൽ.

ലയണൽ മെസിയുടെ കരംപിടിച്ച്‌ അർജന്റീന ഫൈനൽവരെ മുന്നേറി. ഫ്രാൻസിനെ പരിക്ക്‌ തളർത്തിയില്ല. ഇടയ്‌ക്കൊന്ന്‌ ടുണീഷ്യയോട്‌ തോറ്റെങ്കിലും കരുത്തോടെയായിരുന്നു ഫ്രാൻസിന്റെ ഫൈനൽ പ്രവേശം. കിലിയൻ എംബാപ്പെയും ഒൺടോയ്‌ൻ ഗ്രീസ്‌മാനും ആ ടീമിന്റെ മുഖമായി.

ഫൈനൽ ലോകകപ്പ്‌ ചരിത്രത്തിൽ തിളങ്ങുന്ന അധ്യായമായി. അർജന്റീനയ്‌ക്ക്‌ ലയണൽ സ്‌കലോണി തന്ത്രങ്ങൾ പകർന്നു. ദിദിയെഷർ ദെഷാമിന്റെ പരിചയസമ്പത്തിൽ ഫ്രാൻസും ഇറങ്ങി. ശാരീരികക്ഷമതയിൽ പിന്നിലുള്ള എയ്‌ഞ്ചൽ ഡി മരിയയെ ഉൾപ്പെടുത്തിയതായിരുന്നു സ്‌കലോണിയുടെ ആദ്യനീക്കം. മറുവശത്ത്‌ ദെഷാമിന്റെ പടയിൽ അഡ്രിയൻ റാബിയറ്റും ദയോത്‌ ഉപമെകാനോയും തിരിച്ചെത്തി. ടീമിലെ കൂട്ടപ്പനി ബാധിക്കില്ലെന്ന്‌ ദെഷാം ഉറപ്പുനൽകി.

അർജന്റീന ആദ്യം പിടിച്ചത്‌ ഗ്രീസ്‌മാനെ. കളത്തിൽ എവിടെയും സ്വതന്ത്രമായി വിഹരിക്കാറുള്ള ഗ്രീസ്‌മാനെ മക്‌ അലിസ്‌റ്ററും എൺസോ ഫെർണാണ്ടസും വരുതിയിലാക്കി. എംബാപ്പെയിലേക്കുള്ള പന്തൊഴുക്കിന്റെ വഴികൾ ഇവർ അടച്ചു. എംബാപ്പെ ഒറ്റപ്പെട്ടു. പന്ത്‌ കിട്ടാതെ വലഞ്ഞു. നവുവേൽ മൊളീന ഈ ഇരുപത്തിമൂന്നുകാരന്റെ വേഗതയെ മുറിച്ചു. മുന്നേറ്റത്തിൽ ഒളിവർ ജിറൂവിന്റെയും അവസ്ഥ വ്യത്യസ്തമായിരുന്നില്ല.
സ്‌കലോണി കൃത്യം പദ്ധതികൾ നടപ്പാക്കി. അലിസ്‌റ്ററായിരുന്നു ഫൈനലിൽ സ്‌കലോണിയുടെ വജ്രായുധം. മറുവശത്ത്‌ ഫ്രാൻസ്‌ തളർന്നപോലെയായിരുന്നു. പ്രതിരോധത്തിൽ പാളിച്ചകളുണ്ടായി. ഉപമെകാനോ ഒഴികെ മറ്റാർക്കും മികവ്‌ കാട്ടാനായില്ല. വലതുവശം തളർന്നു. ഡെംബെലെ–-ചൗമെനി–-കൗണ്ടെ ശ്രേണി ദുർബലമായി. ആ വശം ഡി മരിയ വിഹരിച്ചു. മെസിയുടെ ക്രോസുകൾ കൃത്യമായി ഡി മരിയയുടെ കാലുകളിലെത്തി. ആദ്യ ഗോൾ വരുന്നതും ആ വഴിക്കാണ്‌. ഡി മരിയയെ പിടിക്കാനുള്ള ഡെംബെലെയുടെ ശ്രമം പെനൽറ്റിയിൽ കലാശിക്കുകയായിരുന്നു. അർജന്റീനയുടെ രണ്ടാംഗോളും ഫ്രഞ്ച്‌ പ്രതിരോധത്തിന്റെ ദൗർബല്യം വരച്ചുകാട്ടി.  ഫ്രാൻസ്‌ വീണ്ടും പിഴവുകൾ വരുത്തി.

ഇടവേളയ്‌ക്കു പിരിയുന്നതിനുമുമ്പ്‌ ദെഷാമിന്‌  ഡെംബെലെയെയും ജിറൂവിനെയും പിൻവലിക്കേണ്ടിവന്നു. അർജന്റീന ഗോൾമുഖത്തേക്ക്‌ ഒറ്റ ഷോട്ടുപോലും പായിക്കാനാകാതെയാണ്‌ ഫ്രാൻസ്‌ ആദ്യപകുതി അവസാനിച്ചത്‌. 2018ൽ അടിയും തിരിച്ചടിയുമായി നിറഞ്ഞ കളിയുടെ നിഴലിലായി അവർ. അർജന്റീന കളിയിൽ പൂർണമായും നിയന്ത്രണം നേടിയപ്പോൾ ഫ്രാൻസിന്റെ പ്രതീക്ഷകൾ മങ്ങി.

പകരക്കാരായെത്തിയ കോളോ മുവാനിയും മാർകസ്‌ തുറാമുമാണ്‌ ഫ്രാൻസിനെ അൽപ്പമെങ്കിലും ചലനാത്മകമാക്കിയത്‌. മുന്നേറ്റത്തിൽ എംബാപ്പെ–-മുവാനി കൂട്ടുകെട്ട്‌ വേഗം കാട്ടി. ഇതിനിടെ ഗ്രീസ്‌മാനെയും ദെഷാം പിൻവലിച്ചു. കിങ്‌സ്‌ലി കൊമാൻ ഇറങ്ങി. അർജന്റീന ഡി മരിയക്ക്‌ പകരം മാർകോസ്‌ അക്യുനയെയും കൊണ്ടുവന്നു.

നിയന്ത്രണം നേടിയിട്ടും ആശയങ്ങളിലെ അവ്യക്തത അർജന്റീനയെ ബാധിച്ചിരുന്നു. കളിയുടെ വേഗവും അവർ കുറച്ചിരുന്നു. ഈ ആശയക്കുഴപ്പം മുതലെടുത്തായിരുന്നു എംബാപ്പെ കളി പിടിക്കാൻ തുടങ്ങിയത്‌. അതിന്റെ ആദ്യ ലക്ഷണം ബാറിനുമുകളിലൂടെ പറന്നു. മൂന്ന്‌ മിനിറ്റിനുള്ളിൽ വീണ്ടും. കളിഗതി ആകെ മാറാൻ തുടങ്ങി. നിക്കോളാസ്‌ ഒട്ടമെൻഡിയുടെ പിഴവിൽനിന്നായിരുന്നു എംബാപ്പെയുടെ തുടക്കം. ജയമുറപ്പിച്ച അർജന്റീനയെ ആശങ്കയിലേക്ക്‌ തള്ളിവിടാൻ കേവലം 97 സെക്കൻഡ്‌ മാത്രമായിരുന്നു എംബാപ്പെയ്‌ക്ക്‌ വേണ്ടിവന്നത്‌. കൊമാന്റെ വേഗത്തെയും കൃത്യതയെയും മനസ്സിലാക്കാൻ അർജന്റീന പരാജയപ്പെട്ടു. പരിക്കുസമയത്തിന്റെ ഏഴാംമിനിറ്റിൽ മെസിയുടെ കരുത്തുറ്റ ഷോട്ട്‌ ലോറിസ്‌ തടുത്തതോടെ കളിയുടെ വിധി അധികസമയത്തേക്ക്‌ നീണ്ടു. 1986 ഫൈനലിൽ ഹോർജെ ബുറുഷാഗ പശ്‌ചിമ ജർമനിക്കെതിരെ ഗോൾ നേടിയ നിമിഷത്തെ ഓർമിപ്പിച്ച്‌ മെസി ഒരിക്കൽക്കൂടി ഫ്രഞ്ച്‌ വല കുലുക്കി. എന്നാൽ, എംബാപ്പെയുടെ പദ്ധതിയിൽ അർജന്റീനയുടെ ആരവംകെട്ടു. ഇക്കുറി പെനൽറ്റി വന്നത്‌, എംബാപ്പെയുടെ അടി മോണ്ടിയലിന്റ കൈയിൽ കൊണ്ടാണ്‌.

അർജന്റീനയും ലുസെയ്‌ൽ സ്‌റ്റേഡിയവും ഒരുപോലെ ഞെട്ടിയ നിമിഷം അധികസമയത്തിന്റെ അവസാനഘട്ടത്തിലായിരുന്നു. എമിലിയാനോ മാർട്ടിനെസ്‌ ഈ ലോകകപ്പിൽ എന്തുകൊണ്ട്‌ അർജന്റീനയുടെ വീരനായകനായി എന്ന്‌ അടയാളപ്പെടുത്തിയ നിമിഷം. മധ്യവരയ്‌ക്ക്‌ മുന്നിൽനിന്ന്‌ പന്ത്‌ ഉയർന്ന്‌ അർജന്റീന ബോക്‌സനരികെ വീണപ്പോൾ മുവാനിയുടെ കാലുകൾ കുതിച്ചു. ബോക്‌സിലേക്ക്‌ കടന്നു. ഒറ്റ ഷൂട്ടിൽ ഫ്രാൻസിനെ ചാമ്പ്യൻമാരാക്കാനും അർജന്റീനയെ തകർക്കാനും പറ്റുന്ന നിമിഷം. അവിശ്വസനീയമായ നീക്കത്തിലൂടെയാണ്‌ മാർട്ടിനെസ്‌ അത്‌ തടഞ്ഞത്‌. ഷൂട്ടൗട്ടിൽ വീര്യം പകർന്നത്‌ ആ ആത്മവിശ്വാസമായിരുന്നു.