അർജന്റീന കുപ്പായത്തിൽ എനിക്കിനിയും കളിക്കണം. അതിനേക്കാൾ വലിയ ആനന്ദം മറ്റൊന്നിലുമില്ല
Monday Dec 19, 2022

ദോഹ
‘ലോകചാമ്പ്യനായി അർജന്റീന കുപ്പായത്തിൽ എനിക്കിനിയും കളിക്കണം. അതിനേക്കാൾ വലിയ ആനന്ദം മറ്റൊന്നിലുമില്ല. ഇതാണെന്റെ ജീവിതം, കുടുംബം’–- ലയണൽ മെസി ആഗ്രഹവും ജിജ്ഞാസയും മറച്ചുവച്ചില്ല. അർജന്റീനയ്‌ക്കായി ഇനിയും കളിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചു. ഇനി നേടാനൊന്നുമില്ല. നിയോഗങ്ങളെല്ലാം പൂർത്തിയാക്കി.
പതിനേഴ് വർഷമായി ഓമനിച്ചുവച്ച സ്വപ്നമാണ് ലുസെയ്‌ലിൽ നിറവേറിയത്. ഏഴുവട്ടം നേടിയ ബാലൻ ഡി ഓറിനേക്കാൾ വലുതായി മറ്റെന്തങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് മറ്റൊന്നും ആലോചിക്കാതെ ലോകകപ്പ് എന്നായിരുന്നു ഒരിക്കൽ മെസി നൽകിയ മറുപടി. യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും കിരീടങ്ങളും വ്യക്തിപുരസ്‌കാരങ്ങളും പലയാവർത്തി ചൂടിയപ്പോഴും ആ മനസ്സ് അത്യാഹ്ലാദത്തിൽ നിറഞ്ഞിരുന്നില്ല. ലോകകിരീടം എന്നും ഒരു കുറവായി അവശേഷിച്ചു. 2014ൽ മാറക്കാനയിൽ ഒരു കൈയകലെയായിരുന്നു നഷ്ടം. ഫൈനലിൽ അധികസമയത്തെ ഒറ്റഗോളിന് ജർമനിയോട് തോറ്റു. മികച്ച കളിക്കാരനുള്ള സ്വർണപ്പന്ത് കണ്ണീരണിഞ്ഞ്, തലകുനിച്ച് ഏറ്റുവാങ്ങി. തുടർച്ചയായ രണ്ടാംതവണയും കോപ അമേരിക്ക ഫൈനലിൽ കാലിടറിയത് സഹിക്കാനായില്ല. 2016ൽ ചിലിയോട് തോറ്റതിനുപിന്നാലെ ഇനി അർജന്റീന കുപ്പായമിടില്ലെന്ന് അറിയിച്ചു. ഫെഡറേഷന്റെയും ഉറ്റസുഹൃത്തുകളുടെയും നിർബന്ധത്താൽ തീരുമാനം മാറ്റി കളത്തിലെത്തി. 2018 ലോകകപ്പ് യോഗ്യതാ പ്ലേഓഫിൽ ഇക്വഡോറിനെതിരെ ഹാട്രിക്കുമായി ഉശിരൻ മടങ്ങിവരവ്. ആ ലോകകപ്പിൽ പക്ഷേ ഫ്രാൻസിന്റെ കുതിപ്പിൽ പ്രീക്വാർട്ടറിൽ മടങ്ങി.
ഇത്തവണ കണക്കുക്കൂട്ടലുകളൊന്നും പിഴച്ചില്ല. സൗദി അറേബ്യക്കെതിരെ ആദ്യകളിയിലെ തോൽവി കരുത്താക്കി മാറ്റി. ടീമിൽ മെസി വിശ്വാസമർപ്പിച്ചു. അത് ഒരിക്കലും തെറ്റിയില്ല. ടീമിന്റെ പ്രതീക്ഷകൾ ക്യാപ്‌റ്റനും കാത്തു. ഏഴ് ഗോളും മൂന്ന് അവസരങ്ങളും ഒരുക്കി.
അഞ്ച് ലോകകപ്പിലായി ആകെ 13 ഗോളും എട്ടവസരങ്ങളും. 21 ഗോൾ പങ്കാളിത്തം. ചരിത്രത്തിൽ മറ്റാർക്കുമില്ലാത്ത നേട്ടം. പെലെയെ (20) മറികടന്നു.
ഇത് അവസാന ലോകകപ്പാണെന്ന് മെസി ആവർത്തിച്ചിരുന്നു. എന്നാൽ, കിരീടനേട്ടത്തിനുശേഷമുള്ള വാക്കുകൾ പ്രത്യാശ നൽകുന്നതാണ്. ഇനിയും ആ ഇടംകാലുകളുടെ മായാജാലം അർജന്റീന കുപ്പായത്തിൽ കാണാം. മെസിയെ 2026ലും വേണമെന്നും ആഗ്രഹിക്കുന്നിടത്തോളം ടീമിൽ കളിക്കാമെന്നും പരിശീലകൻ ലയണൽ സ്‌കലോണി വ്യക്തമാക്കിക്കഴിഞ്ഞു. അതെ കളി ഇനിയും തുടരും.