ആര്‍ക്ക് സ്വന്തം ഈ ലോകഗോളം
Sunday Dec 18, 2022

ഒരു യുദ്ധത്തിന്റെ മനോഹര പര്യവസാനം കാണാൻ കാത്തിരിക്കുകയാണ് ലോകം. എല്ലാ മുറിവുകളും ഒരു പന്തുകൊണ്ട് തുന്നിച്ചേർക്കപ്പെട്ടിരിക്കുന്നു. എല്ലാ മനസ്സുകളും അതേ പന്തിനാൽ പവിത്രമാക്കപ്പെട്ടിരിക്കുന്നു. ആരുജയിച്ചാലും ജയിക്കുന്നത് ലോകം. ആരു തോറ്റാലും തോൽക്കുന്നത് ഹൃദയം.
രണ്ട് രാജ്യങ്ങളുടെ യുദ്ധമല്ല ഇത്. രണ്ട് വൻകരകളുടേതുമല്ല. ഏഴുകരയും ഏഴുകടലും അണിചേർന്ന മഹായാനം. വിശപ്പും വിനാശങ്ങളും പടയൊരുക്കങ്ങളും പലായനങ്ങളും മറന്ന് ജീവിക്കുകയായിരുന്നു മനുഷ്യർ ഈ യാത്രയിൽ. ഒടുവിൽ, അവർക്ക് നെഞ്ചേറ്റാൻ ഒരു അത്ഭുതദർശനം വേണം. മനുഷ്യസ്നേഹത്തോളം മഹിമയുള്ള ഒന്ന്. ബെത്‌ലഹേമിൽ ഉണ്ണി പിറന്നതിന്റെ ആഘോഷരാവിന് ഇനി ഒരാഴ്ച. ഈ രാവിൽ ലോകം കാത്തിരിക്കുന്നു, മറ്റൊരു തിരുപ്പിറവിക്കായി.
ഈ കപ്പ് ആരെയാണ് മോഹിപ്പിക്കാത്തത്, ആരുടെയൊക്കെ കിനാവുകളിലാണ് നിറയാത്തത്. പെലെയും മാറഡോണയുമൊക്കെ ഇതിഹാസങ്ങളായി വാഴ്ത്തപ്പെട്ടത് ഈ വേദിയിലാണ്. അത് മെസിക്കറിയാം. അതുകൊണ്ടുതന്നെ ബൂട്ടഴിക്കുംമുമ്പൊരു പൊൻകിരീടം വേണം. അത് നെഞ്ചോടുചേർത്ത് ഒരു രാത്രിയെങ്കിലും ഉറങ്ങാതിരിക്കണം. അതിനുള്ള ഒരുക്കത്തിലാണ് മെസി. 36 വർഷത്തിനുശേഷമുള്ള ഉയിർപ്പാണ് അർജന്റീനയും കാത്തിരിക്കുന്നത്. ഫ്രാൻസാകട്ടെ അഴകുള്ള കളിയുമായി ലോകകിരീടത്തിൽ തുടർച്ച തേടുന്നു. ഇറ്റലിക്കും ബ്രസീലിനുംമാത്രം സാധ്യമായ ഒന്ന്. മരുഭൂമിയിൽ കണ്ണീർ വീഴുമെന്നുറപ്പാണ്, അത് സന്തോഷത്തിന്റേതായാലും സങ്കടത്തിന്റേതായാലും.