ജയമോ തോൽവിയോ, ആ ആനന്ദം ഇനിയില്ല

Sunday Dec 18, 2022

ദോഹ> ലയണൽ മെസിയുടെ ലോകകപ്പ്‌ കഥകൾ അവസാനിക്കുന്നു. അർജന്റീന ചാമ്പ്യൻമാരായാലും ഇല്ലെങ്കിലും ഇനിയൊരു ലോകകപ്പ്‌ വേദിയിൽ മെസിയില്ല. പ്രകടനംകൊണ്ട്‌ ഹൃദയം നിറച്ചാണ്‌ മെസി മടങ്ങുന്നത്‌.

മെസിയുടെ മികവുകണ്ട ലോകകപ്പായിരുന്നു ഇത്‌. നേടിയ അഞ്ച്‌ ഗോളിലും മൂന്ന്‌ അവസരമൊരുക്കലിലും ഒതുങ്ങുന്നതല്ല ആ പ്രകടനം. ഫൈനൽവരെ ടീമിനെ എത്തിച്ച ഓരോ നിമിഷങ്ങളിലും ആനന്ദവും ആഘോഷവും കോപവും നിരാശയുമെല്ലാം ലോകം കണ്ടു.

ഡച്ചിനെതിരായ മത്സരത്തിൽ നഹുവേൽ മൊളീനയ്ക്ക്‌ ഒരുക്കിയ ഗോൾ അവസരം. മെക്‌സിക്കോയ്‌ക്കെതിരായ കൃത്യതയുള്ള ഗോൾ. സെമിയിൽ ക്രൊയേഷ്യക്കെതിരെ ജൂലിയൻ അൽവാരസിന്‌ നൽകിയ അവസരം. അതിലായിരുന്നു ഈ ലോകകപ്പിലെ ഏറ്റവും മികച്ച പ്രതിരോധതാരമായ യോസ്‌കോ ഗ്വാർഡിയോളിനെ വട്ടംകറക്കിയ നീക്കം. അങ്ങനെ അവസാന ലോകകപ്പിൽ ഓർമയിൽ എന്നും നിൽക്കുന്ന നിമിഷങ്ങൾ മെസി നൽകി. അതിനൊപ്പം ഒരു ലോക കിരീടംകൂടി ചൂടണമെന്ന്‌ ഈ മുപ്പത്തഞ്ചുകാരൻ ആഗ്രഹിക്കുന്നു. അർജന്റീന ആഗ്രഹിക്കുന്നു.