ചാമ്പ്യന്‍ പിറക്കും രാത്രി

Sunday Dec 18, 2022

മരുഭൂമികൾ നടുങ്ങുന്ന ഇടിമുഴക്കം കേൾക്കാം. മഹാസമുദ്രങ്ങളെ കീറിമുറിക്കുന്ന മിന്നൽ വെളിച്ചം കാണാം. കുളിരിനൊപ്പം സ്വപ്നങ്ങളും പെയ്യുന്ന ഈ രാത്രിയിൽ പുതിയ ലോകചാമ്പ്യൻ പിറക്കും. കാലംപോലും ഒരുവേള നിശ്ചലമാവുന്ന നിമിഷത്തിൽ ഹൃദയം നിലച്ചുപോകാതിരിക്കട്ടെ. കണ്ണും കാതും കരളും നിറച്ച് ഫുട്ബോൾ വിരാജിക്കട്ടെ. നാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോകം പുതിയ ചാമ്പ്യനെ വരവേൽക്കും. അത് യൂറോപ്പിൽനിന്നോ ലാറ്റിനമേരിക്കയിൽനിന്നോ. ഫ്രാൻസോ അർജന്റീനയോ ആരുമാകട്ടെ, അവരെ വാഴ്ത്തിപ്പാടാം.

ഖത്തറിന്റെ ദേശീയദിനാഘോഷമാണ്‌ ഇന്ന്‌. ലോകകപ്പ്‌ ഗംഭീരമായി സംഘടിപ്പിച്ച ആത്മവിശ്വാസത്തിലാണ്‌ രാജ്യം. ഫൈനലിന്റെ കിക്കോഫിനുമുമ്പ്‌ ആഘോഷമുണ്ട്‌. രാത്രി ഏഴിന്‌ തുടങ്ങുന്ന കലാവിരുന്നിനൊടുവിൽ എട്ടരയ്ക്കാണ്‌ കലാശക്കളി. ലുസെയ്‌ൽ സ്‌റ്റേഡിയത്തിന്റെ ശേഷി എൺപതിനായിരമാണ്‌. അർജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള സെമി കാണാൻ 88,966 പേരുണ്ടായിരുന്നു.

അർജന്റീനക്കൊരു ലോക കിരീടം കിട്ടിയിട്ട്‌ 36 വർഷമായി. 1986ൽ മാറഡോണക്കുശേഷം ലയണൽ മെസിയുടെ ബൂട്ടിലാണ്‌ അർജന്റീന സ്വപ്‌നക്കൂട്‌ കൂട്ടുന്നത്‌. 1978ൽ ആദ്യ കിരീടം നേടുമ്പോൾ പ്രതിരോധക്കാരൻ ഡാനിയൽ പാസെറല്ലായിരുന്നു ക്യാപ്‌റ്റൻ. പക്ഷേ ലോകകപ്പിലെ താരമായത്‌ മരിയോ കെംപസാണ്‌. മികച്ച കളിക്കാരനുള്ള സ്വർണപ്പന്തും ടോപ്‌ സ്‌കോറർക്കുള്ള സുവർണപാദുകവും സ്വന്തമാക്കി. കെംപസ്‌ ഫൈനലിലെ രണ്ടെണ്ണമടക്കം ആറ്‌ ഗോളാണ്‌ അടിച്ചത്‌. 1986ൽ മാറഡോണയുടെ നേതൃത്വത്തിലാണ്‌ കിരീടം. 1930, 1990, 2014 വർഷങ്ങളിൽ റണ്ണറപ്പായിരുന്നു.

ഫ്രാൻസിന്‌ ലോക ജേതാക്കളാകാൻ 1998 വരെ കാത്തിരിക്കേണ്ടിവന്നു. ഇപ്പോഴത്തെ കോച്ച്‌ ദിദിയർ ദെഷാമായിരുന്നു കിരീടം നേടിയ ക്യാപ്‌റ്റൻ. 1958ലും 1986ലും മൂന്നാംസ്ഥാനം നേടി. 1982ൽ നാലാമതായിരുന്നു. 2006ൽ ഫൈനലിൽ ഇറ്റലിയോട്‌ തോറ്റ്‌ റണ്ണറപ്പായി. 2018ൽ ദെഷാം കോച്ചായിവന്ന്‌ വീണ്ടും കിരീടം നേടിക്കൊടുത്തു.

ഫ്രാൻസ്‌

പതിവുശൈലിയിൽത്തന്നെയാകും കിരീടപ്പോരിലും ദിദിയെർ ദെഷാം ഫ്രാൻസിനെ ഒരുക്കുക. ഫ്രഞ്ച്‌പട വിജയകരമായി നടപ്പാക്കുന്ന 4–-2–-3–-1 വിന്യാസം. ഡിഫൻസീവ്‌ മിഡ്‌ഫീൽഡർമാർക്കാണ്‌ പ്രധാനവേഷം. ഒപ്പം മധ്യനിരയും കണ്ണികളാകും. ഗോൾവലയ്‌ക്കുകീഴിൽ ക്യാപ്‌റ്റൻ ഹ്യൂഗോ ലോറിസ്‌ എത്തും. റാഫേൽ വരാനെയും ഇബ്രാഹിമ കൊനാറ്റെയും പ്രതിരോധഹൃദയത്തിൽ കാവൽക്കാരാകും. ഇടതുവശം തിയോ ഹെർണാണ്ടസ്‌, വലത്‌–-യൂലെസ്‌ കൗണ്ടെ. ദെഷാമിന്റെ പദ്ധതികളിൽ പ്രധാനികൾ പ്രതിരോധത്തിനുമുന്നിലായി അണിനിരക്കുന്ന ഒർലെയ്‌ൻ ചൗമെനിയും അഡ്രിയാൻ റാബിയറ്റുമാണ്‌. മുന്നേറ്റത്തിന്റെയും പ്രതിരോധത്തിന്റെയും കണ്ണികളാണിവർ. ശരിയായ ചരടുവലിക്കാർ. ഫ്രാൻസിന്റെ വേഗവും താളവുമെല്ലാം ഈ ബൂട്ടുകളിലാണ്‌.

ഒൺടോയ്‌ൻ ഗ്രീസ്‌മാന്‌ സർവസ്വാതന്ത്ര്യം നൽകി നിറഞ്ഞുകളിക്കാനാണ്‌ ദെഷാം ഏൽപ്പിച്ച ചുമതല. മധ്യനിരയിലാണ്‌ സ്ഥാനമെങ്കിലും മൈതാനത്തിന്റെ ഏതു മൂലയിലും ഈ മുപ്പത്തൊന്നുകാരനെ കാണാം. ആക്രമണത്തിന്റെ ആസൂത്രകൻ. ഗ്രീസ്‌മാന്റെ സാന്നിധ്യമാണ്‌ ഫ്രാൻസിനെ സമ്പൂർണരാക്കുന്നത്‌. കിലിയൻ എംബാപ്പെയും ഉസ്‌മാൻ ഡെംബലെയും ഇടത്‌–-വലത്‌ വിങ്ങുകളിൽ അണിചേരും. ഒളിവർ ജിറൂ ഏക സ്ട്രൈക്കർ.

ഈ ഘടനയിലുള്ള പരന്ന കളിയാണ്‌ ഫ്രാൻസിന്റെ കരുത്ത്‌. എല്ലാ നിരയിലും മികച്ച താരങ്ങൾ. എംബാപ്പെയെമാത്രം തളച്ചാൽ ചോരില്ല ആ ശക്തി. പ്രതിരോധമാണ്‌ ചാമ്പ്യൻമാരുടെ ദൗർബല്യം. ഈ ലോകകപ്പിൽ സെമിയിൽ മൊറോക്കോയ്‌ക്കെതിരെ മാത്രമാണവർ ഗോൾ വഴങ്ങാതിരുന്നത്‌. എതിരാളിക്ക്‌ ഗോൾമുഖത്തേക്ക്‌ അനായാസം കടന്നുവരാൻ ഒട്ടേറെ പഴുതുകൾ ഫ്രഞ്ചുകാർ അനുവദിക്കുന്നുണ്ട്‌. പന്ത്‌ കൈവശം വയ്‌ക്കുന്നതിലും പിന്നിലാണ്‌.

അർജന്റീന

സൗദി അറേബ്യക്കെതിരായ തോൽവിക്കുശേഷം വ്യത്യസ്ത തന്ത്രവുമായാണ്‌ അർജന്റീന എത്തുന്നത്‌. ആറ്‌ മത്സരങ്ങളിലും ടീമിനെ മാറ്റി പരീക്ഷിച്ചു. സ്ഥിരമായ ആദ്യ 11 എന്ന സങ്കൽപ്പം ലയണൽ സ്‌കലോണി ഒഴിവാക്കി. 4–-4–-2, 4–-3–-3, 5–-3–-2 എന്നീ വിന്യാസങ്ങളിൽ ലാറ്റിനമേരിക്കക്കാർ കളത്തിലെത്തി. ഈ വൈവിധ്യമാണ്‌ അർജന്റീനയുടെ കരുത്ത്‌. പ്രതിരോധം ഭദ്രമാക്കുകയാണ്‌ പൊതുരീതി. ഫൈനലിൽ 4–-4–-2 ആവിഷ്കരിക്കാനാണ്‌ കൂടുതൽ സാധ്യത.

നിക്കോളാസ്‌ ഒട്ടമെൻഡി, ക്രിസ്റ്റ്യൻ റൊമേറോ എന്നിവർ പ്രതിരോധം നയിക്കും. ലിസാൻഡ്രോ മാർട്ടിനെസ്‌ ബെഞ്ചിലുണ്ട്‌. സസ്‌പെൻഷൻ കഴിഞ്ഞ്‌ എത്തുന്ന മാർകോസ്‌ അക്യുന ഇടതുമൂലയിലും നഹുവേൽ മൊളീന വലതുവശത്തും ചേരും. മധ്യനിരയിലെ റോഡ്രിഗോ ഡി പോളിന്‌ എതിർ മുന്നേറ്റത്തിന്റെ മുനയൊടിക്കാനുള്ള ചുമതലകൂടിയുണ്ട്‌. അർജന്റീനയുടെ തുറുപ്പുചീട്ടാണ്‌ ഈ ഇരുപത്തെട്ടുകാരൻ. എൺസോ ഫെർണാണ്ടസും അലെക്‌സിസ്‌ മക്‌ അലിസ്റ്ററും മുന്നേറ്റത്തിന്‌ പന്തെത്തിക്കും. എയ്‌ഞ്ചൽ ഡി മരിയ ആദ്യ 11ൽ ഇടംപിടിച്ചാൽ ലിയാൻഡ്രോ പരദേസ്‌ പുറത്തിരിക്കും. ടീമിലെ ഏക അംഗീകൃത വിങ്ങറാണ്‌ ഡി മരിയ. പരിക്കിന്റെ ക്ഷീണം വിട്ടൊഴിയാത്തതാണ്‌ മുപ്പത്തിനാലുകാരനെ പുറത്തിരുത്തുന്നത്‌. നിർണായക കളിയിൽ ഡി മരിയയുടെ സാന്നിധ്യം അർജന്റീനയ്‌ക്ക്‌ നൽകുന്ന കരുത്ത്‌ ചെറുതാകില്ല.

ലയണൽ മെസി എന്ന മായാജാലക്കാരനിൽ ചുറ്റിപ്പറ്റിയാണ്‌ അർജന്റീനയുടെ കളി. മെസിയുടെ ഓരോ നീക്കങ്ങളും ഫ്രാൻസ്‌ പ്രതിരോധത്തെ വിറപ്പിക്കും. മുന്നേറ്റത്തിൽ ജൂലിയൻ അൽവാരെസും മെസിക്കൊപ്പം ചേരുന്നതോടെ വീര്യംകൂടും. എമിലിയാനോ മാർട്ടിനെസ്‌ ഗോൾവല കാക്കും. പ്രതിരോധത്തിലെ സ്ഥിരതയില്ലായ്‌മയാണ്‌ അർജന്റീനയെ അലട്ടുന്നത്‌. സമ്മർദഘട്ടങ്ങളിൽ അടിപതറുമോ എന്ന ഭയം. ക്വാർട്ടറിൽ നെതർലൻഡ്‌സിനെതിരെ കളിയവസാനം രണ്ട്‌ ഗോളുകൾ വഴങ്ങിയത്‌ ഉദാഹരണം.