ഉയിർത്തൂ നായകൻ ; കനലുകൾ പൂക്കളായി, ഉയർപ്പിന്റെ ജയഭേരി മുഴങ്ങി

Monday Dec 19, 2022
images credit FIFA WORLD CUP twitter

 

ദോഹ
ഒടുവിൽ കനലുകൾ പൂക്കളായി. കണ്ണീരും ചോരയും വീണ കളങ്ങളിൽ ഉയർപ്പിന്റെ ജയഭേരി മുഴങ്ങി. ഇതിഹാസങ്ങൾ തെളിച്ചിട്ട വഴിയിൽ ലയണൽ മെസി മുദ്ര ചാർത്തി. കാലങ്ങളായി ഹൃദയത്തെ തൊട്ടുവിളിച്ച സ്വപ്‌നമാണ്‌ ലുസെയ്‌ൽ സ്‌റ്റേഡിയത്തിൽ ഇടം കാൽ പൂർത്തിയാക്കിയത്‌. ആകാശത്തേക്ക്‌ കൈകളുയർത്തി ആ പത്താംനമ്പറുകാരൻ ചോദിക്കുന്നു. ആനന്ദമേ, ഇനിയെന്ത്‌ നൽകണം.

ലോകവേദിയിൽ ഇനിയുണ്ടാകില്ലെന്ന്‌ മുപ്പത്തഞ്ചുകാരൻ വ്യക്തമാക്കിയതാണ്‌. പന്തുമായുള്ള നല്ല ബന്ധം അവസാനിക്കുംമുമ്പ്‌ പൂർണതയിലെത്താൻ ഒരു ലോക കിരീടം വേണമായിരുന്നു. ഏറ്റവും മനോഹരമായ കളികൊണ്ട്‌തന്നെ അത്‌ പൂർത്തിയാക്കി. ആദ്യ കളിയിൽ സൗദി അറേബ്യയോട്‌ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയപ്പോൾ മെസി ഇങ്ങനെ പറഞ്ഞു–- ഞങ്ങളെ വിശ്വസിക്കു. ശേഷമുള്ള ഓരോ കളിയിലും ആ കാലുകൾ ആ വിശ്വാസത്തെ ഉറപ്പിച്ചുകൊണ്ടിരുന്നു.
കനലുകൾ പൂക്കളാക്കി ലയണൽ മെസി  ഉയിർത്തു. എട്ട്‌ വർഷംമുമ്പ്‌ മാരക്കാന സ്‌റ്റേഡിയത്തിൽ തലകുനിച്ചുനിന്ന ഒരു ഇരുപത്തേഴുകാരൻ, രണ്ട്‌ വർഷത്തിനുശേഷം മെറ്റ്‌ലൈഫിൽ കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞ രാത്രി. എത്ര കാലം കൊണ്ടായിരുന്നു ആ നീറ്റലുകളെ അയാൾ മായ്‌ച്ചുകളഞ്ഞത്‌.

സംഭവബഹുലമായിരുന്നു മെസിയുടെ ഖത്തർ കഥകൾ.ആഘോഷവും ഉൻമാദവും പ്രതികാരവും കോപവും കാണാൻകഴിഞ്ഞു. കളത്തിൽ പലപ്പൊഴുെം റൊസാരിയോ തെരുവിലെ 12 വയസ്സുകാരനായി. റൊസാരിയോയിലെ കൗമാരക്കാരൻ ഖത്തറിൽ വീണ്ടും ജനിക്കുകയായിരുന്നു. എല്ലാത്തിന്റെയും തുടക്കം 2019ൽ. പരിശീലകൻ ലയണൽ സ്‌കലോണിയുടെ വരവോടെ മാറ്റങ്ങൾ വന്നു. 2018 ലോകകപ്പിലെ തോൽവിയിൽ ഉലഞ്ഞുപോയ ഒരു സംഘമായിരുന്നു അർജന്റീനയുടേത്‌. മെസിക്ക്‌ അനുയോജ്യമായ അന്തരീക്ഷം ടീമിൽ ഉണ്ടാക്കുക എന്നതായിരുന്നു സ്‌കലോണിയുടെ ആദ്യ പദ്ധതി. അതിനായി ഒരു യുവസംഘത്തെ സ്‌കലോണി സൃഷ്‌ടിച്ചെടുത്തു. ബാഴ്‌സലോണയിൽ ഭാവി അനിശ്‌ചിതത്വത്തിലായ സമയത്ത്‌ അർജന്റീന ടീമിൽ മെസിക്ക്‌ സുരക്ഷയും സൗഹൃദവും ലഭിച്ചു. ഉത്സാഹം തിരിച്ചുവന്നു. ടീം ഒരു വീടായി മാറി.

2019ലെ കോപ അമേരിക്ക ക്വാർട്ടറിൽ വെനസ്വേലയ്‌ക്കെതിരെ കളിക്കാൻ ഇറങ്ങുംമുമ്പാണ്‌ മെസി ആദ്യമായി അർജന്റൈൻ ദേശീയഗാനം ആലപിക്കുന്നത്‌. സെമിയിൽ ബ്രസീലിനെതിരെ തോറ്റപ്പോൾ മറ്റൊരു മുഖം കണ്ടു. അർഹമായ പെനൽറ്റി നൽകിയില്ലെന്ന്‌ ആരോപിച്ച്‌ റഫറിയെ വിമർശിച്ചു. ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷനെയും ലാറ്റിനമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷനെയും പറഞ്ഞു. മൂന്ന്‌ കളിയിൽ വിലക്കായിരുന്നു ശിക്ഷ.

ചിലിക്കെതിരായ മൂന്നാംസ്ഥാന മത്സരത്തിൽ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായി. 14 വർഷത്തിനിടെ ആദ്യത്തേത്‌. ഖത്തറിൽ ഡച്ചിനെതിരായ മത്സരത്തിലാണ്‌ മെസി പൊട്ടിത്തെറിച്ചത്‌. പരിശീലകൻ ലൂയിസ്‌ വാൻ ഗാൽ ബഹുമാനമില്ലാതെ പെരുമാറിയെന്നായിരുന്നു ഈ മുപ്പത്തഞ്ചുകാരന്റെ പ്രതികരണം. ഗോൾ ആഘോഷങ്ങളിലും വിജയാഘോഷത്തിലും അതിന്റെ തീവ്രത കണ്ടു. മെസി യഥാർഥ നായകനായി.മരിയോ കെംപെസ്‌, റിക്കാർഡോ ബോചിനി, ഡാനിയേൽ പസെറെല, ദ്യേഗോ മാറഡോണ, ഓസ്‌കാർ റുഗ്ഗേറി, ഹാവിയർ മഷെറാനോ, യുവാൻ സെബാസ്‌റ്റ്യൻ വെറോൺ എന്നീ മുൻഗാമികളെപ്പോലെ കളത്തിലെ ജയത്തിനൊപ്പം പുറത്തും മെസി നായകന്റെ ശരീരഭാഷയിൽ സംവദിച്ചു. സഹതാരങ്ങൾ, റഫറിമാർ, എതിരാളികൾ എന്നിവരോടുള്ള സംസാരങ്ങളിലെല്ലാം അത്‌ തെളിഞ്ഞു.

പരാജയങ്ങളിൽ പതറിയപ്പോയ കാലത്തെ മറികടന്നാണ്‌ മെസി അർജന്റീനയുടെ മോഹങ്ങൾക്ക്‌ ചിറകുനൽകിയത്‌. പക്ഷേ, ഒരു രാജ്യാന്തര കിരീടത്തിനായി കളിജീവിതത്തിന്റെ ഒരു പതിറ്റാണ്ട്‌ കാത്തിരിക്കേണ്ടിവന്നു. 2021ൽ ബ്രസീലിനെ ഒരു ഗോളിന്‌ തോൽപ്പിച്ച്‌ കോപ അമേരിക്ക കിരീടം. അതിനുമുമ്പ്‌ മൂന്ന്‌ ഫൈനൽ തോൽവികൾ. 2014 ലോകകപ്പ്‌, 2015, 16 കോപ അമേരിക്ക. 2016ലെ കോപയിൽ ചിലിയിൽ ഷൂട്ടൗട്ടിൽ തോറ്റശേഷം ഹൃദയം തകർന്ന മെസി രാജ്യാന്തര ഫുട്‌ബോളിൽനിന്ന്‌ വിരമിക്കലും പ്രഖ്യാപിച്ചു. എന്നാൽ, അർജന്റീന ഫുട്‌ബോൾ ഫെഡറേഷന്റെ അഭ്യർഥന മാനിച്ച്‌ തീരുമാനം മാറ്റി.

2021ലെ കോപ നേട്ടത്തിനുപിന്നാലെ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയെ തോൽപ്പിച്ച ഫൈനലിസിമ കിരീടവും സ്വന്തമാക്കി. ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയുമായുള്ള സെമിക്കുശേഷം രണ്ട്‌ ദിവസം കുടുംബത്തിനൊപ്പമായിരുന്നു മെസി. ‘ഞാൻ ഏറെ സന്തോഷം അനുഭവിക്കുന്നു. ഇനിയൊരു ലോകകപ്പിനായി വർഷങ്ങൾ മുന്നിലുണ്ട്‌. അതുവരെ തുടരാനാകുമെന്ന്‌ കരുതുന്നില്ല –-മെസി പറഞ്ഞു. അതെ ലോക വേദിയിൽ ഇനിയൊരു മെസിക്കാഴ്‌ചയില്ല.

മെസി ഒന്നാമൻ
ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന താരമായി ലയണൽ മെസി. 26 കളി. ജർമൻ ഇതിഹാസം ലോതർ മതേവൂസിന്റെ റെക്കോഡാണ്‌ മറികടന്നത്‌. അഞ്ചാം ലോകകപ്പിലാണ്‌ മെസി 26–-ാം മത്സരം കളിച്ചത്‌. 2006 മുതൽ എല്ലാ പതിപ്പിലും പന്തുതട്ടി. ലോകകപ്പിലെ അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്‌.  13 ഗോളും എട്ട്‌ ഗോളവസരങ്ങളും സ്വന്തംപേരിലുണ്ട്‌. ലോകകപ്പിൽ കൂടുതൽ ഗോളുകളിൽ പങ്കാളിയായ റെക്കോഡിൽ പെലെയെ(20) മറികടന്നു. കളിജീവിതത്തിലാകെ 1003 മത്സരങ്ങളിൽ  793 ഗോളും നേടിയിട്ടുണ്ട്‌. 340 തവണ ഗോളിന്‌ വഴിയൊരുക്കി.