ad
Deshabhimani

ഇത് രക്തത്തിൽ എഴുതിയ പ്രതികാരത്തിന്റെ പുസ്തകം; ‘ദ ബുക്ക് ഓഫ് സിജ്ജിൻ ആൻഡ് ഇല്ലിയീൻ’

The Book Of Sijjin And Illiyyin
avatar
ഹർഷിദ ബത്താലി

Published on Dec 17, 2025, 07:21 PM | 2 min read

ഹനത്തിന്റെ എല്ലാ അതിർവരമ്പുകളും ലംഘിക്കപ്പെടുമ്പോൾ, ചിലപ്പോഴൊക്കെ ചില മനുഷ്യൻ ദൈവത്തിനു പകരം ചെകുത്താനിൽ ആഴത്തിൽ വിശ്വസിച്ചു തുടങ്ങുമെന്ന ഭീകരമായ യാഥാർത്ഥ്യമാണ് 'ദി ബുക്ക് ഓഫ് സിജ്ജീൻ ആൻഡ് ഇല്ലിയ്യീൻ' തുറന്നുകാട്ടുന്നത്. ഒരു 'സിൻഡ്രെല്ല' കഥയുടെ ഭീകരമായ പതിപ്പ് എന്ന് വിളിക്കാവുന്ന ചിത്രം. ഇതിലെ കേന്ദ്രകഥാപാത്രമായ പെൺകുട്ടിയെ വളരെ ചെറുപ്പം തൊട്ടേ വേട്ടയാടി ഒടുവിൽ അവളെ ആഭിചാരത്തിന്റെ ലോകത്തേക്ക് തള്ളിവിടുന്ന ക്രൂരതയുടെ കഥയാണിത്. ഇന്തോനേഷ്യൻ സംവിധായിക ഹദ്ര ഡെങ് റാതുവും തിരക്കഥാകൃത്ത് ലെലെ ലൈലയും ചേർന്ന് ഒരുക്കിയിരിക്കുന്ന ചിത്രം, ഹൊറർ സിനിമകളിലെ സ്ഥിരം ചേരുവകളെക്കാൾ ഉപരിയായി മനുഷ്യന്റെ അടങ്ങാത്ത പകയെയാണ് വിചാരണ ചെയ്യുന്നത്.


സിനിമയുടെ തുടക്കം തന്നെ പ്രേക്ഷകനെ മരണത്തിന്റെ മരവിപ്പിലേക്ക് നയിക്കുന്നു. സാധാരണ ഹൊറർ ചിത്രങ്ങളിലാണെങ്കിലും അതിന്റെ ആദ്യ ഭാ​ഗങ്ങളിലെങ്കിലും സമാധാനപരമായ സന്തോഷത്തോടെ ജീവിക്കുന്ന ആളുകളെ കാണാൻ പറ്റും. ഇതിൽ അതൊന്നും നിങ്ങൾക്ക് കാണാൻ കഴിയില്ല. ഈ ചിത്രത്തിൽ ഭീകരതയുടെ ഉറവിടം എന്നു പറയുന്നത് മനുഷ്യന്റെ ദുർബലമായ മനസാണ്. പ്രേതങ്ങളേക്കാൾ ഭീകരമാണ് ഒരു വ്യക്തിയുടെ ഉള്ളിൽ കുന്നുകൂടുന്ന പകയും, ആ പകയിൽ നിന്ന് ഉടലെടുക്കുന്ന പ്രതികാരത്തിന്റെ തീജ്വാലയും. അതുതന്നെയാണ് 'ദി ബുക്ക് ഓഫ് സിജ്ജീൻ ആൻഡ് ഇല്ലിയ്യീൻ' എന്ന സിനിമയെ വ്യത്യസ്തമാക്കുന്നത്.


മാതാപിതാക്കളെ നഷ്ടപ്പെട്ട യൂലി (Yunita Siregar), തന്റെ രണ്ടാനമ്മയായ അംബറിന്റെ സമ്പന്നമായ വീട്ടിലെത്തുന്നത് ഒരു അഭയാർത്ഥിയായല്ല, ഒരു അടിമയായാണ്. രണ്ട് പതിറ്റാണ്ടോളം 'വേശ്യപുത്രി' എന്ന് മുദ്രകുത്തപ്പെട്ട യൂലി നേരിടുന്ന ഓരോ അപമാനവും അവളുടെ ഉള്ളിൽ പ്രതികാരത്തിന്റെ കനൽ വളർത്തുകയായിരുന്നു. അംബറിന്റെ മരണശേഷവും അവരുടെ മകൾ ലാറാസ് (Dinda Kanyadewi) ആ ക്രൂരത തുടരുമ്പോൾ, ആ പെൺകുട്ടി അമാനുഷിക ശക്തികളെ കൂട്ടുപിടിച്ച് ഒരു ചോരക്കളത്തിന് തുടക്കമിടുന്നു. ശാന്തസ്വഭാവക്കാരിയായ ഒരു പെൺകുട്ടിയിൽ നിന്ന്, ക്രൂരമായ ചിരിയോടെ മരണത്തെ നൃത്തം ചെയ്യിക്കുന്ന പ്രതികാരമൂർത്തിയിലേക്കുള്ള യൂലിയുടെ പരിവർത്തനം ഞെട്ടലുളവാക്കുന്ന കാഴ്ചയാണ്. പിന്നീടുള്ള ഓരോ മരണങ്ങളും അവൾ ആസ്വദിക്കുന്നത് കാണാം. തുടക്കത്തിലുണ്ടാവുന്ന ഭയമൊന്നും, തുടർന്നങ്ങോട്ട് ശരീരം കീറിമുറിക്കുന്ന വേളയിൽ പോലും അവളിൽ എവിടെയും കാണാനാകില്ല എന്നതാണ് സത്യം.


The Book Of Sijjin And Illiyyin


ഒരു ദുർമന്ത്രവാദിയുടെ സഹായത്തോടെ അംബറിന്റെ മൃതദേഹം പുറത്തെടുത്ത് നടത്തുന്ന പൈശാചിക കർമ്മങ്ങൾ സിനിമയുടെ ഭീകരതയെ സങ്കല്പാതീതമായ തലത്തിലേക്ക് ഉയർത്തുന്നു. പുഴുക്കളും രക്തവും മുറിഞ്ഞ മാംസവും തൊലി ഉരിഞ്ഞ് പോവുന്നതുമെല്ലാം നിറഞ്ഞ ദൃശ്യങ്ങൾ കേവലം ഭയപ്പെടുത്തുകയല്ല, മറിച്ച് പ്രേക്ഷകനെ അങ്ങേയറ്റം അസ്വസ്ഥമാക്കുകയാണ് ചെയ്യുന്നത്. ലാറാസിന്റെ ഭർത്താവും ഇളയ മകനും വിശ്വസ്തനായ വേലക്കാരനുമെല്ലാം യൂലിയുടെ മന്ത്രശക്തിക്ക് ഇരയാകുമ്പോൾ, അവിടെ മതവിശ്വാസമോ പ്രാർത്ഥനകളോ ഫലം കാണുന്നില്ല. ലാറാസിന്റെ മൂത്ത മകളായ ടിക എന്ന പെൺകുട്ടി തന്റെ വിശ്വാസത്തിലൂടെ രക്ഷപെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും, പകയുടെ ആ പാതാളക്കുഴിയിൽ നിന്ന് ആർക്കും മോചനമില്ലെന്ന് ചിത്രം അടിവരയിടുന്നു.


സിജ്ജീൻ എന്നാൽ നരകവും ഇല്ലിയീൻ എന്നാൽ സ്വർ​ഗവുമാണ്. ഇവ രണ്ടിന്റെയും സംഘർഷമാണ് സിനിമയുടെ പ്രമേയവും. ടിക അവളുടെ വിശ്വാസം കൊണ്ട് പലതിനെയും തരണം ചെയ്യാൻ ശ്രമിക്കുമ്പോൾ, യൂലി തന്റെ പ്രതികാരപ്പകയിലൂടെ എല്ലാവരെയും നിഷ്കരുണം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.





ഹാനി പ്രാദിഗ്യയുടെ ദൃശ്യഭാഷ ആ വീടിന്റെ ഓരോ ഇരുണ്ട കോണിലും മരണം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന പ്രതീതി ജനിപ്പിക്കുന്നു. സാധാരണയായിട്ടുള്ള ഗാർഹിക വസ്തുക്കൾ പോലും കൊലപാതക ഉപകരണങ്ങളായി മാറുന്നത് കാണാം. ഐഎഫ്എഫ്കെ മിഡ്‌നൈറ്റ് സ്ക്രീനിംഗിൽ കണ്ടപ്പോൾ, തിയേറ്ററിനുള്ളിലെ നിശ്ശബ്ദതയെ കീറിമുറിച്ച സൗണ്ട് ഡിസൈനും എഡിറ്റിംഗും പ്രേക്ഷകനെ ശ്വാസം വിടാൻ പോലും അനുവദിക്കാത്ത വിധം പിടിച്ചിരുത്തി.


ഇന്തോനേഷ്യൻ ഹൊറർ സിനിമകളിലെ സ്ഥിരം രീതികളായ പെട്ടെന്നുള്ള പേടിപ്പെടുത്തുന്ന സീനുകളും ശബ്ദങ്ങളും (Jump Scares) രൂപമാറ്റങ്ങളും ഈ ചിത്രത്തിലും കാണാം. എന്നാൽ അതിലൊളിഞ്ഞിരിക്കുന്ന വികാരപരമായ തീവ്രത ഈ ചിത്രത്തെ വേറിട്ടുനിർത്തുന്നു. ഒരുപക്ഷേ കഥാപാത്രങ്ങളുടെ മാനസിക പരിവർത്തനത്തിന് കുറച്ചുകൂടി സമയം നൽകാമായിരുന്നു എന്ന് തോന്നാമെങ്കിലും, പ്രതികാരത്തിന്റെ വേഗതയും ആസുരതയും ആ കുറവ് നികത്തുന്നുണ്ട്.


'സിജ്ജീൻ ആൻഡ് ഇല്ലിയ്യീൻ' എന്നത് തിന്മയുടെയും അനീതിയുടെയും കണക്കുപുസ്തകം കൂടിയാണ്. അങ്ങേയറ്റം ക്രൂരമായ ദൃശ്യങ്ങളിലൂടെയും അസ്വസ്ഥമാക്കുന്ന ശബ്ദങ്ങളിലൂടെയും കടന്നുപോകുന്ന ഈ സിനിമ, പ്രേക്ഷകന്റെ ഉള്ളിൽ ഭയത്തിനുമപ്പുറത്തേക്ക് ഒരുതരം മരവിപ്പാണ് ബാക്കി വെക്കുന്നത്. പ്രതികാരത്തിന്റെ ഇരുണ്ട താളുകൾ ഒന്നൊന്നായി മറിച്ച്, ഒടുവിൽ രക്തത്തിൽ കുതിർന്ന ഒരു സാക്ഷ്യപത്രമായി ഈ ചിത്രം മാറുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home