ad
Deshabhimani

print edition കളം നിറഞ്ഞ് മലയാളം

malayalacinema
avatar
കെ എ നിധിൻ നാഥ്‌ [email protected]

Published on Dec 27, 2025, 12:30 AM | 4 min read

​​​മലയാള സിനിമയുടെ പെരുമ ഉയർത്തിപ്പിടിച്ച വർഷമാണ്‌ കടന്നുപോകുന്നത്‌. ഉള്ളടക്കത്തിന്റെ മികവിലും ബോക്‌സോഫീസ്‌ പ്രകടനത്തിലും മലയാള സിനിമയ്ക്ക്‌ 2025 വലിയ നേട്ടമാണ്‌ സമ്മാനിച്ചത്‌. രണ്ട്‌ ഇൻഡസ്‌ട്രിയൽ ഹിറ്റുകൾ പിറന്നു. ശ്രദ്ധേയ പ്രകടനങ്ങൾ, കഥപറച്ചിലിലും പരിചരണത്തിലും വിഷയങ്ങളുടെ മിടുക്കിലും ഇന്ത്യയിലെ മറ്റ്‌ ഭാഷകളെക്കാൾ മലയാളം ബഹുദൂരം മുന്നിലെത്തി. മലയാള സിനിമ അതിരുകൾതാണ്ടി പാൻ ഇന്ത്യനായി ഒന്നുകൂടി നിലയുറപ്പിച്ചു. സിനിമയുടെ ബിസിനസ്‌ സാധ്യതകളുടെ വാതിൽ കൂടുതൽ തുറന്ന വർഷമാണ്‌. അസാധ്യമെന്ന്‌ കരുതിയിരുന്ന കോടി ക്ലബുകളിൽ മലയാള സിനിമകൾ അനായാസം കയറി. ചരിത്രത്തിലാദ്യമായി 300 കോടി ക്ലബിൽ സിനിമയെത്തി. അരുൺ ഡൊമിനിക്‌ ഒരുക്കിയ കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായ ലോക: ചാപ്‌റ്റർ വൺ: ചന്ദ്ര പുതിയ ബോക്‌സോഫീസ്‌ ചരിത്രം സൃഷ്ടിച്ചു.


​തിങ്കളാഴ്‌ച പരീക്ഷ


ഇരുനൂറോളം സിനിമകളാണ്‌ ഇ‍ൗ വർഷം തിയറ്ററിലെത്തിയത്‌. റി റീലുസകൾ ഉൾപ്പടെ വലിയ റിലീസുകളുണ്ടായി. എന്നാൽ പതിവ്‌ പോലെ പ്രേക്ഷക സ്വീകാര്യത നേടാനായ സിനിമകൾ വിരലിൽ എണ്ണാവുന്നത്‌ മാത്രമായിരുന്നു. ലോക, തുടരും, എമ്പുരാൻ, ഡീയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂർവം, ഓഫീസർ ഓൺ ഡ്യൂട്ടി, രേഖാചിത്രം, കളങ്കാവൽ, എക്കോ, ദി പെറ്റ് ഡിറ്റക്ടീവ്, പൊന്മാൻ, പടക്കളം, ബ്രൊമാൻസ്, നരിവേട്ട, പടക്കളം, തുടങ്ങിയവയും നേട്ടമുണ്ടാക്കി. ക്രിസ്‌മസ്‌ റിലീസായി തിയറ്ററിലെത്തിയ സർവംമായ വലിയ വിജയത്തിലേക്ക്‌ നീങ്ങുകയാണ്‌. നിവിന്റെ തിരിച്ച്‌ വരവിന്‌ കൂടി സാധ്യമാക്കിയാണ്‌ 2025 അവസാനിക്കുന്നത്‌.


അതേസമയം പ്രേക്ഷകരെ പരിഹസിക്കുന്ന സിനിമകളെ അവർ നിഷ്‌കരുണം തള്ളി. വലിയ പ്രചാരണ കോലാഹലങ്ങളും അതിഥി വേഷ ഗിമ്മിക്കുകളും വില പോയില്ല. ഇവയെല്ലാം ബോക്‌സോഫീസിലെ ‘ തിങ്കളാഴ്‌ച പരീക്ഷ’ പരാജയപ്പെട്ടു.


ബോക്സ് ഓഫീസില്‍ നേട്ടം കൊയ്യാനായില്ലെങ്കിലും തിയറ്റർ ഇതര കാഴ്‌ച സാധ്യതയിൽ നല്ല അഭിപ്രായവും പ്രേക്ഷക സ്വീകാര്യതയും നേടിയ സിനിമകളും അനവധിയാണ്‌. നാരായണീന്റെ മൂന്നാണ്‍മക്കള്‍, മൂണ്‍വാക്ക്, അവിഹിതം, സർക്കീട്ട്‌, തലവര എന്നിവ തിയറ്റാനന്തര ഹിറ്റായി മാറി. ഈ വര്‍ഷം ഇറങ്ങിയ വെബ് സീരിസുകളില്‍ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍, ദി കേരള ക്രൈം ഫയല്‍സ്–2, സംഭവവിവരണം നാലര സംഘം എന്നിവ വലിയ ശ്രദ്ധ നേടി.


​​‘നീലി’യുടെ യാത്ര


100 ദിവസം തിയറ്ററിൽ പ്രദർശിപ്പിച്ച ലോക 300 കോടി ക്ലബിൽ എത്തി. 303.86 കോടി രൂപയാണ്‌ ലോക തിയറ്ററിൽനിന്ന്‌ നേടിയത്‌. ഒരു മലയാള സിനിമയുടെ ഏറ്റവും വലിയ കളക്ഷനാണിത്‌. പുരുഷ താരങ്ങൾമാത്രം നേടിയിരുന്ന ഇൻഡസ്‌ട്രിയൽ ഹിറ്റ്‌ എന്ന നേട്ടം കല്യാണി ലോകയിലൂടെ നേടി. ഐത്യഹ്യമാലയിൽ കേട്ട യക്ഷിക്കഥയിലെ സൂപ്പര്‍ നായിക നീലി പല നാടുകള്‍ താണ്ടി ഉയരങ്ങളിലേക്ക്‌ പറന്നു.


​2025ലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമായിരുന്നു ലൂസിഫർ ഫ്രാഞ്ചൈസിയിലെ എൽ 2: എന്പുരാൻ. റിലീസിന്‌ മുന്പുണ്ടായ പ്രതിസന്ധികളെ അതിജീവിച്ച്‌ എത്തിയ ചിത്രത്തിന്‌ സമ്മിശ്ര പ്രതികരണമാണ്‌ ലഭിച്ചതെങ്കിലും ബോക്‌സോഫീസിൽ മികച്ച പ്രകടനം നടത്തി. 266.81 കോടിരൂപ നേടി ഏറ്റവും വലിയ ഹിറ്റായി. മഞ്ഞുമ്മൽ ബോയ്‌സിനെയാണ്‌ പിൻതള്ളിയത്‌. പക്ഷേ, ആ നേട്ടത്തിന്‌ മാസങ്ങളുടെ ആയുസ്സാണുണ്ടായത്‌. ലോക എന്പുരാനെ മറികടന്നു.


മോഹൻലാൽ–തരുൺ മൂർത്തി ചിത്രം, തുടരും 235. 38 കോടി നേടി 200 കോടി ക്ലബ്ബിലെ ഇ‍ൗ വർഷത്തെ രണ്ടാമത്തെ ചിത്രമായി. കളങ്കാവൽ, ഡീയസ്‌ ഇറേ, ഹൃദയപൂർവം, ആലപ്പുഴ ജിംഖാന, രേഖാചിത്രം, ഓഫീസർ ഓൺ ഡ്യൂട്ടി, എക്കോ എന്നിവ 50 കോടി നേട്ടം പിന്നിട്ടു.



തിരിച്ചെത്തിയ മോഹൻലാൽ


​​വളരെ കാലത്തിനുശേഷം മലയാളി ആഗ്രഹിച്ച മോഹൻലാലിനെ സ്‌ക്രീനിൽ കണ്ട വർഷമാണ്‌. വൈകാരികമായ സന്ദർഭങ്ങളെ കോർത്തെടുത്ത്‌ തരുൺ മൂർത്തി പ്രേക്ഷകനെ കൊണ്ടുപോകുന്ന ഉള്ളുലയ്‌ക്കുന്ന യാത്രയായിരുന്നു തുടരും. താരത്തിനു മുന്നിൽ വഴിമാറിപ്പോയ മോഹൻലാലെന്ന നടൻ തിരിച്ചെത്തിയ ചിത്രം കൂടിയായിരുന്നു.


‘പണ്ടത്തെ മോഹൻലാൽ’ എന്ന സോഷ്യൽ മീഡിയ വാചകത്തെ ‘എന്നത്തെയും മോഹൻലാൽ’ എന്ന്‌ തിരുത്തി എഴുതിച്ച വർഷം. എന്പുരാൻ താരസാധ്യതകൾ തുറന്നിട്ടപ്പോൾ മലയാളത്തിന്റെ പ്രിയ കൂട്ടുകെട്ട്‌, മോഹൻലാൽ– സത്യൻ അന്തിക്കാട്‌ ഹൃദയപൂർവത്തിലൂടെ വീണ്ടും എത്തി. ഇ‍ൗ മൂന്ന് ചിത്രങ്ങളിലൂടെ ആഗോള ബോക്സ് ഓഫീസിൽ നിന്നും 578.45 കോടി രൂപയാണ് മോഹൻലാൽ ചിത്രങ്ങൾ നേടിയത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം മോഹന്‍ലാലിനെ തേടിയെത്തി.


​നിറഞ്ഞാടി മമ്മൂട്ടി


മലയാളിയുടെ മമ്മൂട്ടി പ്രേമത്തിന്റെ ആഴം വീണ്ടും വരച്ചിട്ട വർഷമാണിത്‌. ചികിത്സയിലായിരുന്നകാലം ഭൂമി മലയാളം ഒപ്പമിരുന്നു. രോഗമുക്തി നേടിയപ്പോൾ അത്രമേല്‍ കാത്തിരുന്ന മടങ്ങി വരവാണിതെന്ന്‌ സാക്ഷ്യപ്പെടുത്തി, സ്‌നേഹം നിറഞ്ഞൊഴുകി. വർഷാന്ത്യം സ്വയം രാകി മിനുക്കുന്ന മമ്മൂട്ടി മാജിക്‌ കളങ്കാവലിലൂടെ സ്‌ക്രീനിലെത്തി. ‘എനിക്ക് ഏറ്റവും ഇഷ്ടമുള്ളതിലേക്ക് തിരികെയെത്തുന്നു' എന്ന്‌ പറഞ്ഞാണ്‌ മമ്മൂട്ടി തിരിച്ചുവരവ്‌ പ്രഖ്യാപിച്ചത്‌.


​കളങ്കാവലിലെ പ്രതിനായകൻ തിയറ്ററിൽ തുടരുകയാണ്‌. 80 കോടി പിന്നിട്ട ചിത്രം ഉള്ളടക്കത്തിലും പ്രകടനത്തിലും പുതിയ തലങ്ങൾ സൃഷ്ടിച്ചു. ജനുവരിയിൽ റിലീസിനു എത്തിയ ഗ‍ൗതം വാസുദേവ മേനോൻ ഒരുക്കിയ ‘ഡൊമിനിക്‌ ആൻഡ്‌ ദി ലേഡീസ്‌ പേഴ്‌സ്‌’ തിയറ്ററിൽ വലിയ നേട്ടമുണ്ടാക്കിയില്ലെങ്കിലും ഒടിടിയിൽ എത്തിയതോടെ വലിയ സ്വീകാര്യതനേടി. അഭിനയത്തിനൊപ്പം ‘മമ്മൂട്ടി കമ്പനി’യിലൂടെ നിർമാതാവിന്റെ റോളിലും മമ്മൂട്ടി കൈയടി നേടുകയാണ്‌.



ഞെട്ടിക്കുന്ന പ്രകടനങ്ങൾ


​രേഖാചിത്രത്തിലെ രേഖ പത്രോസ്‌ അനശ്വര രാജന്റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലാണ്‌. പൊന്മാനിലെ അജേഷിലൂടെ ബേസിൽ ജോസഫ്‌ നടൻ എന്ന നിലയിൽ ഒന്നുകൂടി മികവ്‌ തെളിയിച്ചു. തുടരും സിനിമയിലെ സർപ്രൈസായിരുന്നു ജോർജ്‌ സാർ. പ്രകാശ്‌ വർമ എന്ന തുടക്കക്കാരൻ പക്ഷേ, മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചു. ലോകയുടെ വിജയത്തിനൊപ്പം അടയാളപ്പെടുത്തേണ്ട മികവാണ്‌ കല്യാണി പ്രിയദർശൻ. അഭിനയവും മെയ്‌വഴക്കവുമെല്ലാം ആവശ്യമായ കഥാപാത്രത്തെ കല്യാണി ഭദ്രമാക്കി.


​ഓരോ സിനിമ കഴിയുംതോറും കൂടുതൽ മികച്ചതാകുന്ന ദിലീഷ്‌ പോത്തനിലെ അഭിനേതാവിന്റെ പുതിയ കാഴ്‌ചയായിരുന്നു ‘റോന്തി’ലെ എസ് ഐ യോഹന്നാന്‍. ‘അം ആഃ’യിലെ സ്റ്റീഫൻ/ ഇ‍ൗപ്പൻ എന്ന കഥാപാത്രവും ദിലീഷ്‌ പോത്തൻ എന്ന അഭിനേതാവിന്റെ ഇ‍ൗടുവെപ്പാണ്‌. നാരായണീന്റെ മൂന്നാണ്‍മക്കളിലെ ആതിര ‘ഗാർഗി അനന്തൻ’ എന്ന നടിയുടെ സാധ്യതകൾ തെളിയിക്കുന്നതാണ്‌. ഒറ്റപ്പെടലിന്റെ ലോകത്തുനിന്ന്‌ കോർത്തെടുക്കുന്ന ലോകം ആതിരയിൽ ഗാർഗി സാധ്യമാക്കുന്നുണ്ട്‌.


​കിഷ്കിന്ധ കാണ്ഡം ഒരുമിക്കുന്ന ചിത്രം എന്നതായിരുന്നു ‘എക്കോ’പ്രത്യേകത. എന്നാൽ ചിത്രം തിയറ്ററിലെത്തിയപ്പോൾ ബിയാന മോമിന്‍ എന്ന നടിയുടെ പ്രകടനം– മ്ലാത്തി ചേടത്തി ഇ‍ൗ വർഷത്തെ മികച്ചതിൽ ഒന്നായി. സന്ദീപ് പ്രദീപ് എന്ന യുവതാരത്തിന്റെ ഉദയംകണ്ട വർഷം കൂടിയായിരുന്നു 2025. എക്കോ, പടക്കളം, ആലപ്പുഴ ജിംഖാന, നാരായണീന്റെ മൂന്നാണ്‍മക്കൾ തുടങ്ങിയ സിനിമകളിലൂടെ സന്ദീപ്‌ കളം നിറഞ്ഞു.


​സർക്കീട്ടിലെ ആസിഫ് അലി, തലവരയിലെ അർജുൻ അശോകൻ, കേരള ക്രൈം ഫയല്‍സ് സീസണ്‍ 2വിലെ ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍ എന്നിവരുടെ പ്രകടനങ്ങൾ എടുത്ത്‌ പറയേണ്ടതാണ്‌. പടക്കളത്തിലെ ഷാജി കോമഡി ട്രാക്കിലെ സുരാജ്‌ വെഞ്ഞാറമൂടിന്റെ കാഴ്‌ചയായിരുന്നു. പടക്കളം, പെറ്റ്‌ ഡിക്ടറ്റീവ്‌ എന്നിവയിലൂടെ ഷറഫുദ്ദീനും നിറഞ്ഞു.


ആവിഷ്‌കാരത്തിന്‌ കടുംവെട്ട്‌


കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ ഐഎഫ്‌എഫ്‌കെയിൽ പലസ്‌തീൻ പ്രമേയമായ സിനിമകളടക്കം പ്രദർശനാനുമതി നിഷേധിച്ച്‌ ആവിഷ്‌കാര സ്വാതന്ത്ര്യത്തിലേക്ക്‌ കടന്നുകയറി. ഗുജറാത്ത് വംശഹത്യ കാണിച്ചതിന്‌ എമ്പുരാൻ സിനിമ റീ എഡിറ്റ് ചെയ്യേണ്ടിവന്നു. 38 ഇടങ്ങളിലാണ്‌ കത്രിക വീണത്‌. ‘ബാബ ബജ്റംഗി’ എന്നും ബൽരാജ് എന്നും രണ്ട് പേരുള്ള വില്ലന്മാരുടെ പേര് ‘ബൽദേവ്’ എന്നാക്കി മാറ്റി.


ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയിൽ ബലാത്സംഗ അതിജീവിതയുടെ പേര്‌ ജാനകി എന്നായതും തടസ്സമായി സെൻസർ ബോർഡ്‌ ഉന്നയിച്ചു. ജാനകി എന്നത്‌ സീതാദേവിയുടെ മറ്റൊരു പേരാണെന്നതാണ്‌ അവരെ പ്രകോപിപ്പിച്ചത്‌. ജാനകി വി എന്നതാക്കി എട്ട്‌ മാറ്റങ്ങൾ വരുത്തിയശേഷമാണ്‌ അനുമതി ലഭിച്ചത്‌.


റീ റിലീസിന്‌ തിരിച്ചടി


സമീപകാലത്ത്‌ മലയാളത്തിലുണ്ടായ റി റിലീസ്‌ ട്രെൻഡിന്‌ തിരിച്ചടി നേരിട്ട കാലമാണ്‌. നിരവധി സിനിമകൾ എത്തിയെങ്കിലും വിരലിൽ എണ്ണാവുന്നവ മാത്രമാണ്‌ പ്രേക്ഷകർ സ്വീകരിച്ചത്‌. മോഹൻലാൽ നായകനായ ഛോട്ടാ മുംബൈ തിയറ്ററിൽ ഉത്സവം തീർത്തു. അര്‍ധരാത്രിപോലും പലയിടത്തും ഹൗസ്‍‌ഫുള്‍ ഷോകളും കളിച്ചു. രാവണ പ്രഭുവും ആഘോഷിക്കപ്പെട്ടു. പല ക്ലാസുകൾ അടക്കം ആളില്ലാതെ ആദ്യ ദിനം തന്നെ തിയറ്റർ വിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home