ad
Deshabhimani

ചാവല്ല, ഇത് അസ്സൽ 'കല്യാണം'! ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരു ഐഎഫ്എഫ്കെ സർപ്രൈസ്

chavukalyanam
avatar
ഹർഷിദ ബത്താലി

Published on Dec 19, 2025, 11:00 AM | 2 min read

ലോകസിനിമയിലെ കനംതൂങ്ങുന്ന രാഷ്ട്രീയവും നി​ഗൂഢതയുമെല്ലാം കണ്ട് തലപുകഞ്ഞിരിക്കുന്ന ഡെലിഗേറ്റുകൾക്കിടയിലേക്കാണ് വിഷ്ണു ബി ബീന ഒരു 'ബോംബ്' എറിഞ്ഞത്. 'ചാവു കല്യാണം' എന്ന ഒരു കൊച്ചു ബോംബ്. പേര് കേട്ട് ഇതൊരു മരണവീട്ടിലെ സങ്കടക്കണ്ണീരുകളുടെ കഥയാണെന്ന് കരുതാൻ വരട്ടെ. സ്ഥിരം ഐഎഫ്എഫ്കെ അനുഭവങ്ങളിൽ നിന്നും വ്യത്യസ്തമായ ഒന്നാണ് ഈ ചിത്രം തരുന്നത്. ഇടക്കിടെയായി വരുന്ന മനസുതുറന്ന പൊട്ടിച്ചിരികളും, സിനിമ കഴിഞ്ഞിട്ടും അവരുടെ മുഖത്തുണ്ടാവുന്ന സന്തോഷവും കണ്ടാൽതന്നെ മനസിലാവും, 72 മിനിട്ട് മാത്രമുള്ള ഈ കൊച്ചു ചിത്രം ഇത്തവണത്തെ ഐഎഫ്എഫ്കെയിലെ 'ക്രൗഡ് പുള്ളർ' ആയത് എന്തുകൊണ്ടാണെന്ന്.


കോരപ്പൻ എന്ന കാരണവർ മരിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. മരിച്ചതിന്റെ സങ്കടമൊക്കെ എല്ലാവരുടെയും ഉള്ളിലുണ്ട്. എന്നാൽ സാധാരണയായി മരണവീട്ടിൽ ആളുകൾ കൂടുമ്പോൾ, പ്രത്യേകിച്ചും ബന്ധുക്കളെല്ലാവരും കൂടുമ്പോൾ സങ്കടങ്ങൾ പോലും മറന്നുപോകുന്ന സ്ഥിതിയുണ്ടാവാറുണ്ട്. അതാണ് യാഥാർത്ഥ്യവും. ഈ സിനിമയിൽ കാണാനാവുന്നതും ഇത്തരം സാധാരണയായ, സ്വാഭാവികമായ സംഭവങ്ങളാണ്. പിന്നെ ചെറിയ ചെറിയ തമാശകളും.


എന്നാൽ അതേസമയം തന്നെ വെറുമൊരു തമാശചിത്രമായി ഇതിനെ തള്ളിക്കളയാനും പറ്റില്ല. ചെറിയ സിനിമയാണെങ്കിലും കൃത്യമായ രാഷ്ട്രീയം സംസാരിക്കാനും ഈ പടത്തിന് സാധിക്കുന്നുണ്ട്. വീട്ടുജോലിക്കാരിയുടെ മകനെ അവസാനം സ്വീകരിക്കുന്നതും തീൻമേശയിൽ എല്ലാവരും ഒരുമിച്ചിരിക്കുന്നതുമെല്ലാം പറയാതെ പറഞ്ഞുപോവുന്ന രാഷ്ട്രീയംതന്നെയാണ്.

chavukalyanamart

മരണമെന്ന യാഥാർത്ഥ്യം ഒരു വശത്ത് നിലനിൽക്കുമ്പോഴും, മറുവശത്ത് നടക്കുന്ന കൊച്ചു കൊച്ചു കലഹങ്ങൾ, സ്വത്ത് തർക്കങ്ങൾ, പഴയ പ്രണയത്തിന്റെ ചാരങ്ങൾ, പിന്നെ അയൽപക്കത്തെ കുശുമ്പും കുന്നായ്മയും.. എല്ലാം ഇതിൽ കാണാം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ചാവു വീട് എങ്ങനെ കല്യാണ വീടെന്ന പോലെ ബഹളങ്ങളിലേക്ക് മാറുന്നു എന്നത് മനോഹരമായാണ് സിനിമ വരച്ചുകാട്ടുന്നത്.


സിനിമയുടെ നറേഷൻ സ്റ്റൈലും വ്യത്യസ്തമാണ്. ഒരു മോക്യുമെന്ററി സ്റ്റൈലിലാണ് സിനിമ മുന്നോട്ടുപോവുന്നത്. ദീപ (പാസ്കി) എഴുതിയ ഒരു പുസ്തകത്തെ ആസ്പദമാക്കി ഡോക്യുമെന്ററി എടുക്കാൻ വരുന്നവർ നടത്തുന്ന അഭിമുഖങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്. സിനിമയിൽ ചിരിക്കാനുള്ള വക കൊണ്ടുവരുന്നതിന് ഈ ശൈലിക്കും പങ്കുണ്ട്. പലപ്പോഴും ​ഗൗരവത്തിൽ അവതരിപ്പിക്കുന്ന കാര്യങ്ങൾ പോലും ഹാസ്യതലത്തിലേക്കെത്തിക്കാൻ സീനുകൾക്കായിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നിൽ മരിച്ചയാളെക്കുറിച്ച് പുകഴ്ത്തി സംസാരിക്കുന്നവർ അന്ന് ആ വീട്ടിൽ കാണിച്ചുകൂട്ടിയ കോപ്രായങ്ങൾ പിന്നാലെ കാണിക്കുമ്പോൾ അറിയാതെ ചിരി വരും. മനുഷ്യന്റെ ഇരട്ടത്താപ്പിനെ ലളിതമായി കളിയാക്കാൻ സിനിമയാക്കായിട്ടുണ്ട്. സുഭാഷ് ചന്ദ്രനെപ്പോലെയുള്ളവരുടെ ബുദ്ധിജീവി വായനകളും സാധാരണക്കാരുടെ തനിനാടൻ സംസാരവും തമ്മിലുള്ള വ്യത്യാസം സിനിമയ്ക്ക് മറ്റൊരു തലം നൽകുന്നു.


കഥാപാത്രങ്ങളെല്ലാം നാട്ടിൻപുറത്ത് കാണുന്നവർ. നമ്മുടെ സുഹൃത്ത്, അയൽവാസി, സഹപാഠി അങ്ങനെ നമ്മൾ കാണുന്ന ആളുകൾ. നിതീഷ് ഭാസ്‌കറിന്റെ ഹരിയും അഭിമൽ ദിനേഷിന്റെ അജയനും പാസ്കിയുടെ ദീപയും എല്ലാം സിനിമയ്ക്ക് ജീവൻ നൽകുന്നു. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളും നാടകീയതയില്ലാത്ത സ്വാഭാവിക പ്രകടനങ്ങളും സംഭാഷണങ്ങളും കൊണ്ട് പ്രകടനത്തെ മനോഹരമാക്കി.


ഇതേ പ്രമേയം കൈകാര്യം ചെയ്ത മറ്റു സിനിമകളും ഉണ്ടായിട്ടുണ്ടെങ്കിലും, അത്തരം സിനിമകളിലെ ഭാരമോ ഇരുണ്ട പശ്ചാത്തലമോ ഇതിലില്ല. ലളിതമായ സീനുകളിലൂടെയും നർമത്തിലൂടെയാണ് സംവിധായകൻ ഈ കഥ പറയുന്നത്. വെറും ചിരി മാത്രമല്ല, സിനിമ കഴിഞ്ഞു പോകുമ്പോൾ മനുഷ്യസ്വഭാവത്തിലെ നിസ്സാരതകളെക്കുറിച്ച് ഒരു ചെറിയ ചിന്തയും സിനിമ ബാക്കിവെക്കുന്നു.


ചുരുക്കത്തിൽ, ഐഎഫ്എഫ്കെയിലെ ഗൗരവമേറിയ സിനിമകൾക്കിടയിൽ കിട്ടിയ ഒരു തണുത്ത നാരങ്ങാവെള്ളമാണ് 'ചാവു കല്യാണം'.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home