ad
Deshabhimani

print edition പുരസ്‌കാര നിറവിൽ മലയാളത്തിന്റെ 
പൂങ്കുയിൽ

vaikom vijayalakshmi

വൈക്കം വിജയലക്ഷ്‌മിക്ക്‌ അച്ഛൻ വി മുരളീധരനും അമ്മ പി വിമലയും 
മധുരം നൽകുന്നു

വെബ് ഡെസ്ക്

Published on Jul 19, 2026, 12:00 AM | 1 min read

വൈക്കം: ​ചലച്ചിത്രഗാനലോകത്തിന്റെ നെറുകയിൽ വൈക്കത്തിന്റെ ഗാനകോകിലമായ വിജയലക്ഷ്‌മി. ദേശീയ പുരസ്‌കാരം അക്ഷരാർഥത്തിൽ വിജയലക്ഷ്‌മിക്ക്‌ സർപ്രൈസ്‌ ആയിരുന്നു. പുരസ്‌കാരപ്രഖ്യാപനം ലൈവായി വീട്ടിലാരും കാണുന്നുണ്ടായിരുന്നില്ല. പ്രഖ്യാപനം വന്നപ്പോൾ ഉദയനാപുരത്തെ "നാദബ്രഹ്മം' വീട്ടിൽ വിജയലക്ഷ്‌മിക്കൊപ്പം അച്ഛൻ വി മുരളീധരനും അമ്മ പി വിമലയുമുണ്ടായിരുന്നു. വാർത്തയറിഞ്ഞപ്പോൾ കുടുംബത്തിന്‌ ആഹ്ലാദം അടക്കാനായില്ല.


""ഞാൻ സർപ്രൈസടിച്ചു പോയി കേട്ടോ.'' – വിജയലക്ഷ്‌മി പ്രതികരിച്ചു. ""ഞങ്ങൾ ഇ‍ൗ സമയത്ത്‌ ടിവി വെയ്‌ക്കാറില്ല. ഏഴ്‌ മണിയൊക്കെ കഴിഞ്ഞേ വെയ്‌ക്കാറുള്ളൂ. എനിക്കുവേണ്ടി "സല്യൂട്ട്‌' എന്ന ഡോക്യുമന്ററി എടുത്ത സുഭാഷ്‌ചേട്ടൻ വിളിച്ച്‌ അഭിനന്ദനം പറഞ്ഞു. എന്താ കാര്യമെന്ന്‌ ചോദിച്ചപ്പോഴാണ്‌ ദേശീയ പുരസ്‌കാരം കിട്ടിയെന്നറിയുന്നത്‌. എന്താ പറയുക. രോമാഞ്ചം വന്നുപോയി.'' – വിജയലക്ഷ്‌മി പറഞ്ഞു.


"അജയന്റെ രണ്ടാം മോഷണം' എന്ന ടോവിനോ ചിത്രത്തിലെ "അങ്ങ്‌ വാനക്കോണില്‌' എന്ന ഗാനമാണ്‌ വിജയലക്ഷ്‌മിയെ പുരസ്‌കാരത്തിന്‌ അർഹയാക്കിയത്‌. ""മുത്തശ്ശി കൊച്ചുമോന്‌ കഥ പറഞ്ഞുകൊടുക്കുന്ന ഫീലോടെ പാടണമെന്ന്‌ പറഞ്ഞപ്പോൾ അങ്ങനെ പാടിയ പാട്ടാണത്‌.'' – വിജയലക്ഷ്‌മി പറഞ്ഞു.


വ്യത്യസ്‌തമായ ആലാപന ശൈലിയും ശബ്ദവുമായി മലയാളിയുടെ മനസിൽ വിജയലക്ഷ്‌മി ചേക്കേറിയിട്ട്‌ ഒരു വ്യാഴവട്ടത്തിലേറെയായി. സംഗീത സപര്യക്ക്‌ കാഴ്‌ചയില്ലാത്ത കണ്ണുകൾ തടസമായിട്ടില്ല. 2013ൽ കമൽചിത്രമായ സെല്ലുലോയ്‌ഡിലെ "കാറ്റേ കാറ്റേ' എന്ന ഗാനം സൂപ്പർ ഹിറ്റായപ്പോൾ മുതൽ വിജയലക്ഷ്‌മിയുടെ കഴിവ്‌ മലയാളികൾ അറിഞ്ഞിരുന്നു. അടുത്തവർഷം "ഒറ്റക്ക്‌ പാടുന്ന പൂങ്കുയിലേ' എന്ന ഗാനത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം തേടിയെത്തി. ബ്രഹ്മാണ്ഡചിത്രമായ ബാഹുബലിയിലും പാടി. ഇന്ത്യയിലെ പല ഭാഷയിലും പ്രിയങ്കരിയാണ്‌ വിജയലക്ഷ്‌മി.


"അച്യുത അവതാരം' എന്ന സിനിമയിലാണ്‌ അവസാനമായി പാടിയത്‌. അഞ്ച്‌ ഭാഷയിൽ ഡബ്‌ ചെയ്‌തിരിക്കുന്ന ചിത്രത്തിൽ അഞ്ച്‌ ഭാഷയിലും വിജയലക്ഷ്‌മി ഗാനമാലപിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home