ഓർമകളിലെ ശ്രീനിവാസൻ ഗാനങ്ങൾ..

കൃഷ്ണപ്രിയ സി വി
Published on Dec 20, 2025, 12:18 PM | 3 min read
സ്വാഭാവിക നർമ്മത്തിന്റെ മറുപേര്, ശ്രീനിവാസൻ.. അഭിനയിച്ച ചിത്രങ്ങളോടൊപ്പം തന്നെ അദ്ദേഹം അഭിനയിച്ച ചലച്ചിത്ര ഗാനങ്ങളും അത്രമേൽ മലയാളിക്ക് പരിചിതമാണ്.. മലയാളിയുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലുമൊക്കെ ആ ഗാനങ്ങൾ വലിയ പ്രാധാന്യം വഹിച്ചിട്ടുണ്ട്. നർമ്മം കലർത്തിയ നൃത്ത ചുവടുകളും സ്വതസിദ്ധമായ അഭിനയത്താലും ഓരോ ഗാനരംഗവും മലയാളിയെ ശ്രീനിവാസൻ എന്ന അതുല്യ കലാകാരനിലേക്ക് ഏറെ അടുപ്പിച്ചു.. യുവജനോത്സവ വേദികളിലും പിന്നീട് ഇങ്ങോട്ട് സമൂഹ മാധ്യമങ്ങളിലുമടക്കം ആ ഗാനങ്ങൾ വലിയൊരു ആരാധക വൃന്ദത്തെ സ്വന്തമാക്കി. മലയാള ചലച്ചിത്ര ലോകത്തെ നിശബ്ദമാക്കി ശ്രീനിവാസൻ മടങ്ങുമ്പോൾ അദ്ദേഹത്തിന്റെ ചില പാട്ടുകളിലേക്ക് നമുക്കൊരു തിരിച്ചു നടത്തമാവാം ...
പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം..
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 1986 ൽ പുറത്തിറങ്ങിയ സന്മനസുള്ളവർക്ക് സമാധാനം എന്ന ചിത്രത്തിലെ യേശുദാസ് ആലപിച്ച ഗാനമാണിത്. പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം.. എന്നു തുടങ്ങുന്ന വരികൾ മൂളാത്ത മലയാളികളുണ്ടാവില്ല. ശ്രീനിവാസനും കാർത്തികയുമാണ് ഗാനരംഗത്തിൽ. ശ്രീനിവാസന്റെ സ്വതസിദ്ധ ശൈലിയും അല്പം നർമ്മവും കൂടിചേർന്നാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. സബ് ഇൻസ്പെക്ടർ രാജേന്ദ്രൻ കാർത്തിക അവതരിപ്പിക്കുന്ന മീരയെന്ന കഥാപാത്രത്തോട് തന്റെ പ്രണയം അറിയിക്കുന്നതാണ് ഗാനപശ്ചാത്തലം. അന്നുമിന്നും മിമിക്രി കലാകാരൻമാരിൽ പലരും ശ്രീനിവാസന്റെ ഫിഗർ ചെയ്യാൻ അകമ്പടിയായി ഈ പാട്ടാണ് ഉൾപ്പെടുത്തിയിരുന്നത്.
കരളേ കരളിന്റെ കരളേ എന്നോടൊന്നു ചിരിക്കൂ...
സൂപ്പർ സ്റ്റാർ സരോജ് കുമാറിന്റെ അത്രയും തന്നെ സൂപ്പർ ഹിറ്റായ ഗാനങ്ങളിലൊന്നാണ് കരളേ കരളിന്റെ കരളേ.. ഉദയനാണ് താരമെന്ന ചിത്രത്തിലെ ശ്രീനിവാസൻ അഭിനയിച്ച രാജപ്പനെ സരോജ് കുമാറായി വെള്ളിത്തിരയിൽ എത്തിച്ച ഒരു ഗാന രംഗം കൂടിയാണിത്. ആക്ഷേപ ഹാസ്യത്തിന് പ്രാധാന്യം നൽകിയ ചിത്രത്തിലുടനീളം സൂപ്പർ സ്റ്റാറായി സരോജ് കുമാർ അരങ്ങ് കീഴടക്കി. ശ്രീനിവാസനൊപ്പം മധുമതിയെന്ന കഥാപാത്രവുമായി മീനയാണ് ഗാനരംഗത്തിലുള്ളത്. ആക്ടിങ്ങിനൊപ്പം ഒരു പടി കൂടി കടന്ന് ഓവർ ആക്ടിംങ്ങിനാണ് ഗാനം പ്രാധാന്യം നൽകിയത്. അദേഹത്തിന്റെ മകനായ വിനീത് ശ്രീനിവാസനൊപ്പം റിമി ടോമിയും ചേർന്നാണ് ഗാനമാലപിച്ചത്.
മായാമയൂരം പീലിനീർത്തിയോ..
മലയാള സിനിമയിലെ അപൂർവ ക്ലാസിക്കുകളിൽ ഒന്നാണ് വടക്കുനോക്കിയന്ത്രം. ശ്രീനിവാസൻ്റെ രചനാവൈഭവത്തിൽ വിരിഞ്ഞ തിരക്കഥയാണിത്. 1989 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആരംഭത്തിലാണ് ഈ ഗാനം പ്രേക്ഷകരിലേക്കെത്തുന്നത്. കൈതപ്രത്തിന്റെ വരികൾക്ക് ജോൺസൺ മാഷ് ഈണം നൽകിയപ്പോൾ പിറന്നത് മലയാളിക്ക് മറക്കാനാവാത്ത ഒരു ഗാനം കൂടിയാണ്. വിവാഹമുറപ്പിച്ചതിന് ശേഷം ഒരു സാധാരണ മലയാളി യുവാവിനുണ്ടാവുന്ന സ്വപ്‍നങ്ങളും പ്രതീക്ഷകളും ആശങ്കകളും നിറഞ്ഞതാണ് ഗാന പശ്ചാത്തലം. കല്യാണത്തിനായി വീടൊരുക്കുന്നതും സാരി വാങ്ങുന്നതുമൊക്കെ ഗാനത്തിലുണ്ട്. ഒടുവിൽ കാത്തിരുന്ന കല്യാണമെത്തുന്നതോടെ ഗാനം അവസാനിക്കും. പാർവതി ജയറാമാണ് ശ്രീനിവാസന്റെ വധുവായി പാട്ടിലുള്ളത്.
തീയിലുരുക്കി തൃത്തകിടാക്കി ;ചേലൊത്തൊരു മാല തീർക്കാൻ..
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1988ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പൊൻമുട്ടയിടുന്ന താറാവ്. ശ്രീനിവാസന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഈ ചിത്രത്തിലെ തട്ടാൻ ഭാസ്കരൻ. ഒഎൻവി കുറിപ്പിന്റെ വരികളിൽ പിറന്ന തീയിലുരുക്കി തൃത്തകിടാക്കി ചോലൊത്തൊരു മാല തീർക്കാൻ ഏതു പൊന്നെന്റെ തട്ടാനേ.. എന്നു തുടങ്ങുന്ന ഒറ്റ ഗാനത്തിൽ തട്ടാൻ ഭാസ്കരനും അവിടുത്തെ ഗ്രാമവും സ്നേഹലതയും പ്രേക്ഷകരിലേക്ക് ആഴത്തിൽ പതിയുന്നു. കാലമെത്ര കഴിഞ്ഞാലും ഈ ഗാനം ആസ്വാദകരുടെ പ്രിയഗാനങ്ങളിൽ പ്രത്യേക ഇടം കണ്ടെത്തുന്നു.
മാർഗഴിയേ മല്ലികയേ മന്ദാരപ്പൂ കുരുവിയേ..
മേഘം സിനിമയിലെ ഷൺമുഖനെ അത്ര പെട്ടെന്ന് മറക്കാൻ മലയാളികൾക്കാവുമോയെന്നു സംശയമാണ്. മമ്മൂട്ടിക്കൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതായിരുന്നു ആ ശ്രീനിവാസൻ കഥാപാത്രം. ഗിരീഷ് പുത്തഞ്ചേരി എഴുതി ഔസേപ്പച്ചൻ സംഗീതം നൽകിയ മാർഗഴിയേ എന്നു തുടങ്ങുന്ന ഗാനം അക്കാലത്തെയും ഇക്കാലത്തെയും സൂപ്പർഹിറ്റുകളിലൊന്നാണ്. ഗാനരംഗത്തിലുടനീളം ഷൺമുഖനായി ശ്രീനിവാസൻ നിറഞ്ഞാടി. ന്യൂജൻസിന്റെ അഭിപ്രായത്തിൽ മമ്മൂട്ടിയെ പോലും സൈഡാക്കിയ പെർഫോമൻസായിരുന്നു ശ്രീനിവാസന്റേത്. അക്കാലത്ത് യുവജനോത്സവ വേദികളിൽ ഈ ഗാനം നിറഞ്ഞു നിന്നു. ഇന്നും യൂട്യൂബിൽ പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരാണ് പാട്ടിനുള്ളത്.
തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി....
പ്രവാസ ലോകത്തിന്റെ വേദനകളെ അത്രമേൽ ആഴത്തിൽ സ്പർശിച്ച മറ്റൊരു ഗാനമുണ്ടോയെന്നത് സംശയമാണ്. അറബിക്കഥ എന്ന ചിത്രത്തിൽ ബിജിപാൽ സംഗീതം നൽകിയ തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും.. എന്ന വരികളിൽ നിറയുന്ന പ്രവാസ ലോകത്തെ അനുഭവങ്ങൾ മറക്കാൻ മലയാളികൾക്കാവില്ല. 2007 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ക്യൂബ മുകുന്ദനായാണ് ശ്രീനിവാസൻ വേഷമിട്ടത്. ഗ്രാമത്തിൽ നിന്നും പ്രവാസ ലോകത്തേക്ക് പറിച്ചു നടേണ്ടി വരുന്ന മുകുന്ദന്റെ ജീവിതത്തിൽ ഈ പാട്ട് വല്ലാത്തൊരു നനവോർമ്മയാണ് സമ്മാനിക്കുന്നത്. വർഷമിത്ര കഴിഞ്ഞിട്ടും ഇൻസ്റ്റഗ്രാം റീലുകളിലടക്കം ഈ പാട്ട് ഇന്നും നിറഞ്ഞു നിൽക്കുന്നു.
വ്യത്യസ്തനമാമൊരു ബാർബറാം ബാലനെ..
ബാർബർ ബാലൻ, അശോക് രാജ് എന്നിവർ തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് കഥ പറയുമ്പോൾ.. 2007 ൽ എം മോഹനൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥയും സഹനിർമ്മാണവും നിർവ്വഹിച്ചത് ശ്രീനിവാസനാണ്. വാണിജ്യ വിജയവും അതോടൊപ്പം നിരൂപക പ്രശംസയും പിടിച്ചുപറ്റിയ ചിത്രമായിരുന്നു ഇത്. ഇതിൽ ശ്രീനിവാസൻ അവതരിപ്പിച്ച ബാർബർ ബാലനെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്ന ഒരു ഗാനം കൂടിയാണിത്. വ്യത്യസ്തനാമൊരു ബാർബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.. എന്നു തുടങ്ങി കഥാപാത്രത്തിന്റെ സകല മുഖങ്ങളെയും ഒരു പാട്ടിലൂടെ പറഞ്ഞുവെക്കാൻ ഗാനരചയിതാവിന് കഴിഞ്ഞു. മേലുകാവ് എന്ന ഗ്രാമീണ പശ്ചാത്തലത്തെ ഇതിവൃത്തമാക്കുന്ന ഈ ചിത്രം ഗ്രാമത്തിലെ താഴെ തട്ടിലുള്ള ജനങ്ങളുടെ ജീവിത രീതിയേയും ചലച്ചിത്രനടന്റെ താരപദവിയേയും വളരെ സൂക്ഷ്മമായും അതോടൊപ്പം വിദഗ്ദമായും നിരീക്ഷിക്കുകയും അടയളപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
മച്ചകത്തമ്മയേ കാൽതൊട്ടു വന്ദിച്ചു...
1998ൽ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻ മാഷിന്റെ ജീവിതത്തിൽ നിർണായക സ്ഥാനം വഹിക്കുന്ന ഒരു ഗാനമാണിത്. ഉത്തരവാദിത്തബോധമില്ലാത്ത ഒരു ഭർത്താവുമൂലം അയാളുടെ കുടുംബത്തിനുണ്ടാകുന്ന കഷ്ടപ്പാടുകളാണ് ചിത്രത്തിന്റെ പ്രമേയം. വിജയൻ എന്ന കഥാപാത്രത്തിന്റെ ശബരിമല സന്ദർശനമാണ് ഗാനപശ്ചാത്തലം. ഗാനത്തിലെ മലകയറ്റവും ഭക്തി പശ്ചാത്തലവും ജാതിമത ഭേദമന്യേ ഒരോ മലയാളിയും ഏറ്റെടുത്ത ഒന്നാണ്. ചിത്രത്തിലെ തന്നെ ആരോടും മിണ്ടാതെ മിഴികളിൽ നോക്കാതെ .. എന്ന ഗാനത്തിനും ആരാധകർ ഏറെയാണ്..











0 comments