ad
Deshabhimani

കേരള പിറവി ദിനത്തിലോർക്കാം, മലയാളക്കര നെഞ്ചോട് ചേർത്ത പ്രിയഗാനങ്ങൾ

keralam
വെബ് ഡെസ്ക്

Published on Nov 01, 2025, 11:19 AM | 3 min read

69 ാം പിറന്നാൾ നിറവിലാണ് കേരളം. കേരളം എന്ന പേര് ലഭിച്ചതിന് പിന്നിൽ നിരവധി കഥകൾ നിലനിൽക്കുന്നു. പരശുരാമൻ എറിഞ്ഞ മഴു അറബിക്കടലിൽ വീണ സ്ഥലം കേരളമായി മാറിയെന്നാണ് കൂടുതൽ പേരും കേട്ടു വരുന്ന ഐതിഹ്യങ്ങളിൽ ഒന്ന്. കൂടാതെ തെങ്ങുകൾ ധാരാളമായി കാണുന്നതുകൊണ്ടാണ് കേരളം എന്ന പേര് ലഭിച്ചതെന്നും ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നു എന്നും അറിയപ്പെടുന്നു. പ്രകൃതി കനിഞ്ഞ് അനു​ഗ്രഹിച്ച നാടായതിനാൽ മാലോകർ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുന്ന കേരളം കവികളുടെ ഇഷ്ട വിഷയമായിരുന്നു.


കേരളപിറവി ദിനമായ ഇന്ന് സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതൊക്കെയും പഴയ ഒരുപിടി സിനിമാ ​ഗാനങ്ങളാണ്. മലയാള സിനിമയുടെ തുടക്കം മുതല്‍ പാട്ടുകളില്‍ കേരളമുണ്ട്. പ്രകൃതിവര്‍ണനയും മിത്തും കാല്‍പ്പനികതയുമൊക്കെ ചേര്‍ന്നാണ് ആ വരികള്‍ക്ക് സൗന്ദര്യം നല്‍കുന്നത്. കേരളപ്പിറവി ദിനത്തിൽ നമുക്ക് ആ ഗാനങ്ങളിലേയ്ക്കൊന്നു തിരിച്ചു നടക്കാം.


'മിനിമോൾ' എന്ന ചിത്രത്തിലെ ജി ദേവരാജൻ സം​ഗീതം നൽകി യേശുദാസ് ആലപിച്ച


കേരളം..കേരളം..

കേളികൊട്ടുയരുന്ന കേരളം..

കേളീകദംബം പൂക്കും കേരളം

കേരകേളീസദനമാം എൻ ‍കേരളം...എന്ന പാട്ട് മൂളാത്ത മലയാളികളുണ്ടാവില്ല. കേരളത്തിന്റെ ഗ്രാമ്യ ഭംഗിയും ഓണക്കാലത്തെ പൂവിളികളും ഒക്കെ കടന്നുവരുന്ന പാട്ട് മലയാളികളൊക്കെയും നെഞ്ചോട് ചേർക്കുന്നു.


'കൊട്ടാരം വിൽക്കാനുണ്ട്' എന്ന ചിത്രത്തിലെ ജി ദേവരാജൻ സം​ഗീതം നൽകി വയലാർ രാമവർമ്മ എഴുതി യേശുദാസ് ആലപിച്ച


ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം..

എന്ന ​ഗാനം മലയാളി തന്റെ ഹൃദയത്തോട് ചേർത്തു വെക്കുന്നതിൽ ഒന്നാമത്തേതാണ്. ഈ പാട്ടിലെ ഈ മനോഹരതീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി.. എന്ന വരികളിലേതു പോലെ ഈ മണ്ണിലേക്ക് ഇനിയൊരു തിരിച്ചു വരവ് ആരാണ് കൊതിക്കാത്തത്. അ​ത്രമേൽ സൗന്ദര്യം നിറഞ്ഞ ഈ ഭൂമിക വിട്ടു പോകുവാൻ ആർക്കും കഴിയില്ലെന്ന് കവി ഇവിടെ പറഞ്ഞുവയ്ക്കുന്നു.


യൂസഫലി കേച്ചേരി എഴുതി മോഹൻ സിതാര ഈണമിട്ട് യേശുദാസ് പാടിയ 'കരുമാടിക്കുട്ടൻ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ സോങായ


സഹ്യസാനു ശ്രുതി ചേർത്ത് വെച്ച

മണിവീണയാണെന്റെ കേരളം

നീലസാഗരമതിന്റെ തന്ത്രിയിൽ

ഉണർത്തിടുന്നു സ്വരസാന്ത്വനം..


ന്യൂജൻ കുട്ടികൾ തങ്ങളുടെ റീലുകളിൽ ഉപയോ​ഗിച്ചു വരികയാണ്. ജെൻസി വീഡിയോയ്ക്കും സ്റ്റാറ്റസിനുമൊക്കെ ഇത്തരം പാട്ടുകളാണ് അകമ്പടി.


കേരളത്തിന്‌ പുറത്തിരുന്നുകൊണ്ട് നാടിനെ ഓർക്കുന്ന പാട്ടുകൾ ഇന്നും ജനപ്രിയമായുണ്ട്. 'നിണമണിഞ്ഞ കാൽപാടുകൾ' എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്കരൻ എഴുതി എം എസ് ബാബുരാജ് ഈണമിട്ട് പി ബി ശ്രീനിവാസ് പാടിയ


മാമലകൾക്കപ്പുറത്ത് മരതക പട്ടുടുത്ത്

മലയാളമെന്നൊരു നാടുണ്ട് കൊച്ചു

മലയാളമെന്നൊരു നാടുണ്ട്... എന്ന വരികൾക്ക് ഇന്നും പ്രസക്തിയേറെയാണ്. കേരളത്തിന്റെ പച്ചപ്പും ഭം​ഗിയും വരികളിൽ ഇന്ദ്രജാലം തീർക്കുന്നു.


'തുറക്കാത്ത വാതിൽ' എന്ന ചിത്രത്തിനു വേണ്ടി ഭാസ്കരൻ മാഷ് എഴുതിയ


നാളികേരത്തിന്റെ നാട്ടിലെനിക്കൊരു

നാഴിയിടങ്ങഴി മണ്ണുണ്ട് ...

കിളിക്കൂട് പോലത്തെ വീട്, നാലുകാല്‍ ഓലപ്പുര, വാഴക്കൂമ്പുപോലുള്ള പെണ്ണ് എന്നിങ്ങനെ പ്രയോഗങ്ങളെല്ലാം പഴയ കാലത്തെ ഓര്‍മിപ്പിക്കുന്നതാണ്. കേരളത്തിനു പുറത്ത് ജോലിതേടി പോകുന്ന ഏതൊരു മലയാളിയുടെയും, അന്നത്തെയും ഇന്നത്തെയും സ്വപ്നങ്ങളായ സ്വന്തമായ വീട്, വിവാഹം, നല്ല ജീവിതം എന്നിവയെല്ലാം വരികളില്‍ കാണാം.


1973 ല്‍ പുറത്തിറങ്ങിയ 'പ്രേതങ്ങളുടെ താഴ്‌വര' എന്ന ചിത്രത്തിലെ,

മലയാള ഭാഷ തന്‍ മാദകഭംഗി നിന്‍ എന്ന പാട്ട് ഏറെ പ്രശസ്തമാണ്.


ബ്ലെസ്സിയുടെ സംവിധാനത്തിൽ 2004ൽ പുറത്തിറങ്ങിയ 'കാഴ്ച' എന്ന ചിത്രത്തിലെ


കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പോള്‍

പാട്ടൊന്നു പാടെടി കാക്ക കറുമ്പീ

അന്തിക്കുടം കമിഴ്ത്തി ഞാന്‍

ഇളംകള്ളു കുടിക്കുമ്പോള്‍...

പഴംകഥ പറയെടി പുള്ളിക്കുയിലേ... എന്ന ഗാനം മലയളികളെ എക്കാലവും താളം പിടിപ്പിക്കുന്ന ഒന്നാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്കു മോഹൻ സിത്താര ഈണമൊരുക്കി. കലാഭവൻ മണിയും മധു ബാലകൃഷ്ണനും ചേർന്നാണ് ഈ ഗാനം ആലപിച്ചത്.


'ജലോത്സവം' സിനിമയിലെ പാട്ട് മലയാളികൾക്ക് സുപരിചതമാണ്.

കേര നിരകളാടും ഒരു ഹരിത ചാരു തീരം

പുഴയോരം കള മേളം കവിത പാടും തീരം

എന്നാണ് പാട്ടിന്റെ തുടക്കം. റിലീസ് ചെയ്ത് വർഷങ്ങള്‍ക്കിപ്പുറവും ഈ ഗാനത്തിന്റെ ആസ്വാദകരുടെ എണ്ണം കുറവല്ല.


പുഴയും കായലും വയലേലകളും വള്ളംകളിയും കുട്ടനാടന്‍ ഗ്രാമഭംഗിയുമൊക്കെ നിറയുന്ന വരികള്‍ പാടിയത് പി ജയചന്ദ്രനാണ്. കേരളവുമായി ബന്ധപ്പെട്ട ആഘോഷങ്ങളിലെല്ലാം ഏറെ നിറഞ്ഞുനില്‍ക്കുന്ന പാട്ട് കൂടിയാണിത്. മലയാളത്തെയും കേരളത്തെയും കുറിച്ചുള്ള സിനിമാ പാട്ടുകള്‍ ഇനിയുമുണ്ട്. ഇത്തരം വര്‍ണനകള്‍ സിനിമാ പാട്ടുകളില്‍ മാത്രം ഒതുങ്ങുന്നുമില്ല. ലളിതഗാനങ്ങളിലും നാടന്‍പാട്ടുകളിലുമൊക്കെ മലയാളത്തെക്കുറിച്ചുള്ള വര്‍ണനകള്‍ കാണാം. ഓരോ കേൾവിയിലും മധുരം തുളുമ്പുന്ന മലയാളത്തിന്റെ മനോ​ഹര ​ഗാനങ്ങൾ ഈ കേരളപിറവി ദിനത്തിൽ നമുക്ക് ഒന്നു കൂടി കേട്ട് വരാം.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home