‘ജനനായകൻ’ ആദ്യദിനം ആദ്യഷോ കാണാൻ തൃഷ; ചെന്നൈയിൽ രാവിലെ ഒമ്പതിന് പ്രദർശനം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനാകുന്ന അവസാന ചിത്രമായി അവതരിപ്പിക്കുന്ന ‘ജനനായകൻ’ ആദ്യദിനം ആദ്യഷോ കാണാൻ നടി തൃഷ കൃഷ്ണൻ. ചെന്നൈയിലെ തിയറ്ററിലാണ് തൃഷ ചിത്രം കാണുക. രാവിലെ ഒമ്പതിനാണ് തമിഴ്നാട്ടിലെ ആദ്യ പ്രദർശനം.
2004ൽ പുറത്തിറങ്ങിയ ‘ഗില്ലി’യിലാണ് വിജയും തൃഷയും ആദ്യമായി ഒന്നിച്ചത്. പിന്നീട് ‘തിരുപ്പാച്ചി’, ‘ആദി’, ‘കുരുവി’, ‘ലിയോ’ എന്നീ ചിത്രങ്ങളിലും ഇരുവരും അഭിനയിച്ചു. വിജയ്‌യുടെ ‘ദി ഗോട്ട്’ ചിത്രത്തിൽ തൃഷ അതിഥിവേഷത്തിലും എത്തിയിരുന്നു.
‘ജനനായകൻ’ മുപ്പതിലേറെ രാജ്യങ്ങളിൽ റിലീസ് ചെയ്യുമെന്നാണ് സിനിമാവൃത്തങ്ങൾ നൽകുന്ന വിവരം. ലോകമെമ്പാടുമായി 7,000 മുതൽ 8,000 വരെ സ്ക്രീനുകളിൽ ചിത്രം എത്തിക്കാനാണ് ലക്ഷ്യമെന്ന് നിർമാതാവ് വെങ്കട്ട് കെ നാരായണ നേരത്തേ പറഞ്ഞിരുന്നു.
കർണാടകയിൽ രാവിലെ ആറുമുതൽ പ്രദർശനം ആരംഭിക്കും. തമിഴ്നാട് അതിർത്തി പ്രദേശങ്ങളായ ഹൊസൂർ, കൃഷ്ണഗിരി എന്നിവിടങ്ങളിൽനിന്ന് നിരവധി ആരാധകർ കർണാടകയിലെ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.
ചിത്രത്തിലെ വിജയ്‌യുടെ ടൈറ്റിൽ കാർഡിൽ ‘ദളപതി വിജയ്’ എന്നതിനുപകരം ‘തമിഴ്നാട് മുഖ്യമന്ത്രി വിജയ്’ എന്നാണ് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കൂടുതൽ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതിന് പിന്നാലെ ചിത്രം വീണ്ടും സെൻസർ ചെയ്തിട്ടുണ്ട്. പുതിയ ദൈർഘ്യം മൂന്ന് മണിക്കൂർ മൂന്ന് മിനിറ്റ് 52 സെക്കൻഡാണ്. ടൈറ്റിൽ കാർഡിലെ മാറ്റത്തെക്കുറിച്ച് നിർമാണക്കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.










0 comments