വിദ്യാർഥികളെ തല്ലിച്ചതച്ചിട്ട് ദിവസങ്ങൾ
ഒന്നര മാസത്തിനുശേഷം മൗനം വെടിഞ്ഞ് മോദി; അതിവേഗ കോടതിയെന്ന് പ്രഖ്യാപനം

ന്യൂഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കിയ നീറ്റ് പേപ്പർ ചോർച്ചയിൽ ഒടുവിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പേപ്പർ ചോർച്ചക്കെതിരെ സമരംചെയ്ത വിദ്യാർഥികളെ പൊലീസ് ലാത്തികൊണ്ട് തല്ലുകയും കണ്ണീർവാതകം പ്രയോഗിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തിട്ട് ദിവസങ്ങൾ പിന്നിട്ടശേഷമാണ് പ്രധാനമന്ത്രി മൗനം വെടിഞ്ഞത്.
പേപ്പർ ചോർച്ച കേസുകൾ പരിഗണിക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നാണ് മോദിയുടെ പ്രഖ്യാപനം.
ജന്തർ മന്തറിൽനിന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികൾക്കുനേരെ പൊലീസ് ക്രൂരമായ ബലപ്രയോഗമാണ് നടത്തിയത്. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ മർദിക്കുന്നതിന്റെയും അപമാനിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. നിരവധി വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുപതുകാരി വെന്റിലേറ്ററിൽ കഴിയുകയാണ്. പൊലീസ് അതിക്രമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയർന്നിട്ടും പ്രധാനമന്ത്രി ഇതുവരെ മൗനം പാലിക്കുകയായിരുന്നു.
“യുവാക്കളുടെ ക്ഷേമം, ഭാവി എന്നിവയെക്കാള്‍ പ്രധാനപ്പെട്ട മറ്റൊന്നുമില്ല” എന്നാണ് മോദി സമൂഹമാധ്യമത്തിൽ കുറിച്ചത്. പേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായവർക്ക് വേഗത്തിലും കർശനമായും ശിക്ഷ ഉറപ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി, വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമം, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരായ നടപടി, സമരക്കാരുമായി ചർച്ച, വിദ്യാർഥികളോട് മാപ്പുപറയണമെന്ന ആവശ്യം തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി ഇപ്പോഴും ഒരക്ഷരം മിണ്ടിയിട്ടില്ല.
പേപ്പർ ചോർച്ചയ്ക്കും പരീക്ഷാക്രമക്കേടുകൾക്കും ഉത്തരവാദിയായ വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നാണ് ജന്തർ മന്തറിലെ പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യം. മോദിയുടെ പ്രതികരണത്തിന് പിന്നാലെയും “ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം” എന്ന് സിജെപി ആവർത്തിച്ചു.
സോനം വാങ്ചുക്കിന്റെ നിരാഹാരസമരവും അദ്ദേഹത്തെ പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലാക്കിയതും വിദ്യാർഥികൾക്കുനേരെയുണ്ടായ നരനായാട്ടും പ്രക്ഷോഭത്തെ രാജ്യവ്യാപകമാക്കിയിരുന്നു. പ്രതിപക്ഷ പാർടികളും സിനിമാ–സാംസ്കാരിക രംഗത്തെ പ്രമുഖരും പിന്തുണയുമായി എത്തിയിരുന്നു. ഇതെല്ലാം കഴിഞ്ഞിട്ടാണ് ഇപ്പോൾ പ്രധാനമന്ത്രി മൗനം വെടിഞ്ഞത്.









0 comments