നിധിൻരാജിന്റെ മരണം
ഡോ. റാമിനെ രക്ഷിക്കാൻ ഒത്തുകളി: കോടതിയുടെ രൂക്ഷവിമർശനം ഏറ്റിട്ടും ചടുല നീക്കങ്ങളില്ലാതെ പൊലീസ്

ഡോ. എം കെ റാം, നിധിന്‍രാജ്

സ്വന്തം ലേഖകൻ
Published on Jul 23, 2026, 10:29 AM | 2 min read
കണ്ണൂർ: അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളേജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിധിൻരാജിന്റെ മരണം അന്വേഷിക്കുന്നതിലെ അനാസ്ഥയിൽ ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചിട്ടും ചടുല നീക്കങ്ങളില്ലാതെ പൊലീസ്. കേസിലെ മുഖ്യ പ്രതിയായ അധ്യാപകൻ ഡോ. എം കെ റാമിനെ പിടികൂടാത്തതിലാണ് കോടതി വിമർശിച്ചത്. നിധിൻരാജിന്റെ മരണം സംഭവിച്ച് നൂറുദിവസം കഴിഞ്ഞ് ഡോ. റാമിനെ അറസ്‌റ്റു ചെയ്‌തത് ഒത്തുകളിയായിരുന്നുവെന്നാണ് തെളിയുന്നത്. നടപടിക്രമം പാലിക്കായെുള്ള അറസ്‌റ്റായതിനാൽ പ്രതിയെ തലശേരി എസ്‌സി–എസ്‌ടി പ്രത്യേക കോടതി വിട്ടയക്കുകയുണുണ്ടായത്. ഇതിനുള്ള സാഹചര്യം പൊലീസ് മനഃപൂർവം സൃഷ്ടിക്കുകയായിരുന്നു.
അറസ്‌റ്റ് പ്രഹസനമാക്കിയതിൽ ബുധനാഴ്‌ച ഹൈക്കോടതി വീണ്ടും രൂക്ഷ വിമർശമാണ് നടത്തിയത്. ഡോ. റാമിനെ കുടകിൽനിന്ന് നിയമവിരുദ്ധമായി അറസ്‌റ്റുചെയ്‌ത ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയെ ‘ജോലിയിൽ തുടരാൻ പറ്റാത്തയാൾ’ എന്നാണ് കോടതി പറഞ്ഞത്. സുപ്രീംകോടതി മാർഗനിർദേശം പാലിക്കാതെയുള്ള അറസ്‌റ്റിലൂടെ ഡോ. റാമിന് രക്ഷപ്പെടാൻ പഴുതൊരുക്കിയ ഒത്തുകളി പൊളിഞ്ഞതോടെ നാണംകെട്ടിരിക്കുകയാണ് പൊലീസ്. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഗൂഢാലോചന ഇതിനുപിന്നിലുണ്ടെന്ന സൂചന പുറത്തുവരുന്നത് ആഭ്യന്തരവകുപ്പിനെയും വെട്ടിലാക്കുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കുന്പോഴുള്ള നടപടിക്രമങ്ങൾ അറിയാത്തയാളല്ല പരിചയസന്പന്നനായ ഡിവൈഎസ്‌പി. ഇദ്ദേഹത്തെ കരുവാക്കി രക്ഷപ്പെടാൻ പഴുതൊരുക്കിയത് ആരാണെന്ന ചോദ്യമാണുയരുന്നത്. പൊലീസിലെ ഉന്നതർ അറിയാതെ ഇത്തരമൊരു നാടകം നടക്കില്ല. ഹൈക്കോടതി പരാമർശിച്ചതുപോലെ, പ്രതിക്കൊപ്പം നടന്ന് ഫുഡും അടിച്ച്, കീഴടങ്ങാൻ വരുന്പോൾ അറസ്‌റ്റ് നാടകം നടത്തിയ പൊലീസാണ് പ്രതിക്കൂട്ടിലാകുന്നത്. സാന്പത്തിക ഇടപാട് നടന്നോ എന്ന സംശയവും ബലപ്പെടുകയാണ്. പ്രോസിക്യൂട്ടറെ അറിയിക്കാതെ പ്രതിയെ കോടതിയിൽ ഹാജരാക്കിയതും ഒത്തുകളിയുടെ ഭാഗമാണ്.
ഡോ. റാമിന്റെ അറസ്‌റ്റ് സംബന്ധിച്ച കാര്യങ്ങൾ എസ്‌പി കെ വി വേണുഗോപാൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിശദീകരണമായി നൽകിയിട്ടുണ്ട്. ഡിവൈഎസ്‌പി സുധീർ കല്ലനുണ്ടായ പിഴവ് എന്ന നിലയിൽ, അദ്ദേഹത്തിനെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാനാകും ആഭ്യന്തരവകുപ്പ് ശ്രമിക്കുക.
അന്വേഷകസംഘത്തെ മാറ്റി പരീക്ഷിച്ചിട്ടും നിധിൻരാജ് കേസിൽ ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ജാതിയധിക്ഷേപത്തിൽ മനംനൊന്താണ് നിധിൻരാജ് മരിച്ചതെന്ന് കുടുംബം പറയുന്നു. ആദ്യഘട്ടത്തിൽ ആ വഴിക്കുള്ള അന്വേഷണം നടന്നുവെങ്കിലും, ലോൺ ആപ്പിൽനിന്ന് വായ്പയെടുത്തതുമായി ബന്ധപ്പെട്ട പ്രശ്‌നമെന്ന നിലയിലാണ് ക്രൈംബ്രാഞ്ച് കേസ് തുടർന്നത്. നിധിൻരാജിനെ ഭീഷണിപ്പെടുത്തിയ ലോൺ ആപ് കമ്പനിയിലെ നാലുപേരെ അറസ്‌റ്റും ചെയ്‌തു. എന്നാൽ, ഡോ. റാമിനെതിരായ നടപടി ബോധപൂർവം വൈകിപ്പിച്ചു.
കഴിഞ്ഞ ഏപ്രിൽ പത്തിനാണ് കോളേജ് കെട്ടിടത്തതിൽനിന്നുവീണ് മരിച്ചനിലയിൽ നിധിൻരാജിനെ കണ്ടത്. ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും രണ്ടുവീതം സംഘങ്ങൾ അന്വേഷിച്ച കേസ് ഇപ്പോൾ മൂന്നാം ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷിക്കുന്നത്. എന്നിട്ടും മുഖ്യ പ്രതിയായ ഡോ. റാമിന്റെ വിശദ മൊഴി രേഖപ്പെടുത്താൻപോലും കഴിഞ്ഞിട്ടില്ല. അറസ്‌റ്റുചെയ്‌തപ്പോൾ അതിനുള്ള കാരണം റാമിന്റെ മാതൃഭാഷയിൽ എഴുതി അറിയിച്ചില്ലെന്ന പിഴവാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യം ചെയ്‌തതിനാലും മുൻകൂർജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതിനാലുമാണ് അറസ്‌റ്റ് എന്നുമാത്രമാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇൗ രഹസ്യരേഖ പ്രതിഭാഗം അഭിഭാഷകന് പൊലീസ് തന്നെ ചോർത്തിനൽകിയെന്നാണ് ഉയരുന്ന ആരോപണം. റാമിനെ കോടതിയിൽ ഹാജരാക്കുംമുമ്പേ, റിമാൻഡുചെയ്‌തുവെന്ന നിലയിൽ ചാനലുകളിൽ വാർത്ത വന്നതും സംശയത്തിനിടയാക്കി.









0 comments