ad
Deshabhimani

മാറ്റങ്ങൾ അടുത്ത വര്‍ഷം മുതൽ

ക്ലാറ്റ് പരീക്ഷയിൽ അഴിച്ചുപണി: വീഴ്കൾ പതിവാക്കിയ സാഹചര്യത്തിൽ ചുമതല എൻടിഎയ്ക്ക് നൽകരുതെന്ന് വിദഗ്ധര്‍

Exam
വെബ് ഡെസ്ക്

Published on Jul 23, 2026, 11:04 AM | 2 min read

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര (LL.B, LL.M) കോഴ്‌സുകളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷയായ ക്ലാറ്റ് (Common Law Admission Test) രീതിയിൽ പരിഷ്കാരങ്ങൾ നിർദേശിച്ച് വിദഗ്ധ സമിതി. കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്‌സിറ്റീസ് നിയോഗിച്ച അഞ്ചംഗ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ടെസ്റ്റ് നടത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഏകീകൃത പരീക്ഷാ ഏജൻസിയായ എൻടിഎയെ ഏല്പിക്കരുതെന്ന് സമിതി പ്രധാന മുന്നറിയിപ്പ് നൽകുന്നു. എൻടിഎയുടെ ഉത്തരവാദിത്തമില്ലായ്മയും ആവര്‍ത്തിക്കുന്ന വീഴ്കളും ചൂണ്ടിയാണ് മുന്നറിയിപ്പ്.


ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ പ്രൊഫ ദേവ് സൈഫ് ഗാംഗുലി, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലെ പ്രൊഫ തരുണാഭ് ഖൈതാൻ എന്നിവരാണ് കമ്മിറ്റിക്ക് നേതൃത്വം നൽകിയത്.


നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (NTA) പരീക്ഷാ നടത്തിപ്പിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കുക, കറന്റ് അഫയേഴ്‌സ്/ജനറൽ നോളജ് വിഭാഗം ഒഴിവാക്കുക, പരീക്ഷാ നടത്തിപ്പ് കൂടുതൽ പ്രൊഫഷണലാക്കുക തുടങ്ങിയ നിർണായക ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്.


ദേശീയ തലത്തിൽ വിദ്യാർത്ഥി-യുവജന പ്രക്ഷോഭങ്ങളിൽ എൻടിഎയുടെ നിരന്തരമായ വീഴ്ചകളും കെടുകാര്യസ്ഥതയും പ്രധാന വിഷയമായി ഉയർന്നുനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ റിപ്പോർട്ട് ഏറെ ശ്രദ്ധേയമാണ്. എൻ ടി എയെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെയും കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് ന്യായീകരിക്കുന്നതിനിടിയിലാണ് വിദഗ്ധ സമിതി പരാമര്‍ശങ്ങൾ.


എൻ ടി എയ്ക്ക് പരീക്ഷാ ചുമതല നൽകില്ല


എൻ ടി എ നടത്തുന്ന 14 പ്രവേശന പരീക്ഷകളിൽ 5 എണ്ണത്തിലെങ്കിലും വലിയ തട്ടിപ്പുകളും ക്രമക്കേടുകളും ഉണ്ടായിട്ടുണ്ടെന്ന പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി കണ്ടെത്തൽ ചൂണ്ടിക്കാട്ടിയാണ് എൻടിഎയെ ഒഴിവാക്കാൻ നിർദേശിച്ചത്.


അനാവശ്യമായി വിവരങ്ങൾ മനഃപാഠമാക്കുന്ന രീതി അവസാനിപ്പിക്കാൻ യു ജി പരീക്ഷയിലെ ജനറൽ നോളജ് / കറന്റ് അഫയേഴ്‌സ് വിഭാഗം പൂർണ്ണമായി ഒഴിവാക്കും. പരീക്ഷാ വിഭാഗങ്ങൾ 5-ൽ നിന്ന് 3 ആയി കുറയ്ക്കും. ഭാഷാ പരിജ്ഞാനവും ആശയഗ്രഹണ ശേഷിയും അളക്കും. മുൻകൂട്ടിയുള്ള നിയമപരിജ്ഞാനത്തേക്കാൾ യുക്തിചിന്ത പരിശോധിക്കും. വിവരങ്ങൾ അപഗ്രഥിക്കാനുള്ള ശേഷി വിലയിരുത്തും. എൽഎൽ.എം പ്രവേശന പരീക്ഷയിൽ മുൻപത്തെ 2 വർഷത്തെ നിയമപരമായ പുരോഗതികൾ മാത്രം ആധാരമാക്കിയുള്ള ചോദ്യങ്ങളും വിശദമായി ഉത്തരമെഴുതേണ്ട 'പ്രോബ്ലം ചോദ്യങ്ങളും' ഉൾപ്പെടുത്തും.


മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ കടന്നുകൂടിയ പിഴവുകളും അപകതകളും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ശരിയായ ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഉൾപ്പെടുത്തൽ, വസ്തുതാപരമായ തെറ്റുകൾ തുടങ്ങിയവ കാരണം സുപ്രീം കോടതിയിൽ നിന്ന് കൺസോർഷ്യത്തിന് കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു.


കൂടാതെ, സ്വകാര്യ കോച്ചിംഗ് കേന്ദ്രങ്ങളുടെ സ്വാധീനം കുറയ്ക്കാനായി മാതൃകാ ചോദ്യപേപ്പറുകളും പഠന സാമഗ്രികളും കൺസോർഷ്യം തന്നെ സൗജന്യമായി വിവിധ പ്രാദേശിക ഭാഷകളിൽ ഉൾപ്പെടെ ലഭ്യമാക്കണമെന്നും നിർദേശമുണ്ട്.


മാറ്റങ്ങൾ ക്ലാറ്റ് 2028 മുതൽ


റിപ്പോർട്ട് സമർപ്പിച്ചെങ്കിലും വരാനിരിക്കുന്ന ക്ലാറ്റ് 2027 പരീക്ഷയുടെ സിലബസിൽ മാറ്റമുണ്ടാകില്ല. പുതിയ നിർദേശങ്ങൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും, ശുപാർശകൾ ക്ലാറ്റ് 2028 പരീക്ഷ മുതൽ നടപ്പിലാക്കാനാണ് തീരുമാനമെന്നും കൺസോർഷ്യം അറിയിച്ചു.


ക്ലാറ്റ് 2027

ഡിസംബർ 6-ന്;

അപേക്ഷ ഓഗസ്റ്റ് 3 മുതൽ


അതേസമയം, വരാനിരിക്കുന്ന ക്ലാറ്റ് 2027 പരീക്ഷ 2026 ഡിസംബർ 6-ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ നടത്താൻ കൺസോർഷ്യം തീരുമാനിച്ചു. ജൂലൈ 18-ന് ചേർന്ന കൺസോർഷ്യം എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും ഗവേണിംഗ് ബോഡിയുടെയും യോഗത്തിലാണ് തീയതികൾ നിശ്ചയിച്ചത്.

  • ഓൺലൈൻ അപേക്ഷ: 2026 ഓഗസ്റ്റ് 3 മുതൽ.

  • അവസാന തീയതി: 2026 ഒക്ടോബർ 31.

പ്രവേശന നടപടികളുടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് കൺസോർഷ്യം വാ വാർത്താക്കുറിപ്പിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home