മദ്യലഹരിയില്‍ തെലങ്കാന സര്‍ക്കാരിന്‍റെ ബസുമായി കടന്നുകളഞ്ഞ് യുവാവ്; പിടികൂടിയത് 18 കിലോമീറ്ററോളം നീണ്ട ചേസിങ്ങിനൊടുവില്‍

ഹൈദരാബാദ് : മദ്യപിച്ചെത്തിയ യുവാവ് തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ടിജിഎസ്ആർടിസി) ബസുമായി കടന്നുകളഞ്ഞു. പതിനെട്ട് കിലോമീറ്ററോളം നീണ്ട ചേസിങ്ങിനൊടുവിലാണ് യുവാവിനെ പൊലീസ് പിടികൂടിയത്.
ജഗത്യാൽ ജില്ലയിലെ കൊരുട്ല ബസ് സ്റ്റാന്റിൽ വെച്ചാണ് ബുധനാഴ്ച യുവാവിന്റെ സാഹസപ്രകടനം. മദ്യലഹരിയിൽ സ്റ്റാന്റിലെത്തിയ യുവാവ് ബസ് സ്റ്റാർട്ട് ചെയ്ത് മേട്പള്ളി ഭാഗത്തേക്കാണ് ഓടിച്ചുപോവുകയായിരുന്നു. ബസ് സ്റ്റാൻഡ് വിട്ട് പോകുന്നത് കണ്ട ട്രാൻസ്പോർട്ട് കോർപ്പറേഷൻ അധികൃതർ ഉടൻ തന്നെ ജിപിഎസ് ഉപയോഗിച്ച് ബസ് പോകുന്ന ദിശ മനസിലാക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ബസിന്റെ പിന്നാലെ പൊലീസ് പായുകയായിരുന്നു. യാത്രയ്ക്കിടെ മൂന്ന് ബൈക്കുകൾബസ് ഇടിച്ചിട്ടുവെന്നാണ് റിപ്പോർട്ടുകൾ. ബസ് തടയാൻ ശ്രമിച്ച പൊലീസ് വാഹനത്തിലും ബസ് ഇടിപ്പിച്ചു. ഒടുവിൽ മേട്പള്ളിക്ക് സമീപത്ത് വെച്ച് പൊലീസ് റോഡിൽ മാർഗതടസമുണ്ടാക്കി. നിയന്ത്രണം വിട്ട ബസ് ഒരു മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ പൊലീസ് കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പൊലീസും തെലങ്കാന ട്രാൻസ്പോർട്ട് കോർപ്പറേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










0 comments