ധനരാജ് വധം: മുഴുവൻ പ്രതികളെയും കോടതിയിൽ ചോദ്യംചെയ്‌തു

സി വി ധനരാജ്
തളിപ്പറമ്പ്: സിപിഐ എം പ്രവർത്തകൻ സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ബിജെപി–ആർഎസ്എസുകാരായ മുഴുവൻ പ്രതികളെയും കോടതിയിൽ നേരിട്ട് ചോദ്യംചെയ്‌തു. തളിപ്പറമ്പ് അഡീഷണൽ ജില്ലാ കോടതി ജില്ലാ ജഡ്ജ് കെ എൻ പ്രശാന്ത് മുൻപാകെയാണ് ചോദ്യം ചെയ്‌തത്. കേസിലെ വിവിധ സാക്ഷികളും അന്വേഷണ ഉദ്യോഗസ്ഥരും നൽകിയ മൊഴികളിൽനിന്നായി തയ്യാറാക്കിയ 2160 പേജുള്ള ചോദ്യാവലി പ്രകാരമാണ് പ്രതികളോട് ചോദിച്ചത്. കേസിലെ ഓരോ പ്രതിയോടും 328 ചോദ്യംവീതം 20 പ്രതികളോടായി 6560 ചോദ്യങ്ങളാണ് ചോദിച്ചത്.
അക്രമികൾ വെട്ടിപ്പിളർന്ന ധനരാജിനെ ആശുപത്രിയിലെത്തിച്ച പി വി പ്രജീഷ്, അമ്മ സി വി മാധവി, ധനരാജിന്റെ ഭാര്യ സജിനി, ആശുപത്രിയിലെത്തിക്കുന്നതിന് സഹായിച്ച ടി വി സുനിൽകുമാർ, സാക്ഷികളായ പി പി സജിൽ, എം കൃപേഷൻ, കെ വി സുബീഷ്, അന്വേഷണ ഉദ്യോഗസ്ഥർ, ഫോറൻസിക് സർജൻ തുടങ്ങിയവർ കോടതിയിൽ നൽകിയ വിവരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ജഡ്‌ജി പ്രതികളോട് ചോദിച്ചത്. കേസ് അന്വേഷണത്തിനിടെ പിടികൂടിയ ബൈക്കുകളും കാറും പ്രതികളായ കെ മനൂപിന്റെയും സി ഷൈജുവിന്റെയും എ വി നിജേഷിന്റെയും പി ധനേഷിന്റെയും ലിജിന്റെയും സി സുകേഷ്, ടി പി ബിജു, പണ്ടാരവളപ്പിൽ രാജേഷ് എന്നിവരുടേതുമാണെന്ന് ഇവർ കോടതിയിൽ സമ്മതിച്ചു.
ശനിയാഴ്‌ച കോടതിയിൽ പ്രതിഭാഗത്തിന് തെളിവുകളോ സാക്ഷികളോ ഹാജരാക്കാനുണ്ടെങ്കിൽ അവസരം നൽകും. 27ന് അഭിഭാഷകർ തമ്മിലുള്ള വാഗ്വാദം പൂർത്തിയാക്കും. അടുത്ത മാസത്തോടെ വിധി പറയും. 2016 ജൂലൈ 11ന് രാത്രിയാണ് ബിജെപി–ആർഎസ്എസ് ക്രിമിനൽ സംഘം കുന്നരു കാരന്താട്ടെ ധനരാജിനെ അരുംകൊലചെയ്തത്. കേസിൽ പ്രോസിക്യൂഷന്‌വേണ്ടി അഡ്വ. ടി വി വിനീഷ് ഹാജരായി.










0 comments