print edition ഭൂതകാലം നിശ്ശബ്ദമാകില്ല

ദൃശ്യം 3
കെ എ നിഥിന്‍നാഥ്
Published on May 31, 2026, 12:01 AM | 3 min read
ഏതുനിമിഷവും പുതിയ തെളിവുമായി പൊലീസ് വരുമെന്ന് ഉറപ്പിച്ച് കഴിയുന്ന ജോർജ്‌കുട്ടി. അതിനും മുമ്പേ നടക്കാനുള്ള ശ്രമമാണ് അയാളുടെ ജീവിതം. ജോർജ്‌കുട്ടിയെ ഒപ്പം ഓടിപ്പിടിക്കാൻ പൊലീസും. ഈയൊരു ‘ക്യാറ്റ് ആൻഡ് മൗസ്’ കളിയാണ് ദൃശ്യം പരമ്പരയിലെ സിനിമകൾ. ‘നമ്മൾ അയാളെയല്ല, അയാൾ നമ്മളെയാണ് നിരീക്ഷിക്കുന്നത്’ എന്ന് ജോർജ്‌കുട്ടിയെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നുണ്ട്. പൊലീസ് എന്ത് ചെയ്യുമെന്ന് ചിന്തിച്ച് അതിനെ മുൻകൂട്ടിക്കണ്ട് ആ നീക്കങ്ങളെ മറികടക്കാൻ ജോർജ്‌കുട്ടി എന്താണ് മനസ്സിൽ കണ്ടിട്ടുള്ളത് എന്ന ഉദ്വേഗമാണ് ദൃശ്യം ചലച്ചിത്രപരമ്പരകളുടെ സാധ്യത. അത്തരം കഥപറച്ചിന് ഇനിയും സാധ്യതകളുണ്ടെന്ന് തെളിയിക്കുന്നതാണ് ദൃശ്യം 3.
കുടുംബ ബന്ധങ്ങളുടെ വൈകാരികതയും, കുറ്റകൃത്യത്തെ നേരിടാനുള്ള സാധാരണ കുടുംബനാഥന്റെ അതിവിദഗ്‌ധമായ തയ്യാറെടുപ്പും കോർത്തിണക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ദൃശ്യം 3 നേടുന്ന വലിയ വിജയം മലയാള സിനിമയിലെ ഏറ്റവും മൂല്യമേറിയ ചലച്ചിത്രപരമ്പരയായിക്കൂടി ദൃശ്യത്തെ മാറ്റി. സാധാരണക്കാരനായ ഒരു നായകന്റെ അതിജീവനം എന്ന സാധ്യത പലകുറി മോഹൻലാൽ തോളിലേറ്റിയിട്ടുണ്ട്. മോഹൻലാലിന്റെ താരപദവി ചിലപ്പോഴെല്ലാം അതിന് കരുത്തുപകർന്നിട്ടുണ്ട്. എന്നാൽ മോഹൻലാൽ എന്ന താരസ്വരൂപത്തെ ജോർജ്‌കുട്ടിയെന്ന സാധാരണക്കാരനാക്കാൻ കാട്ടിയ മിടുക്കാണ് ഇവിടെ വിജയ രഹസ്യം.
ദൃശ്യം 2013ൽ വലിയ വിജയം നേടി. കൃത്യമായി പറഞ്ഞ് അവസാനിപ്പിച്ച ചിത്രമായിരുന്നു അത്. എന്നാൽ വർഷങ്ങൾക്കപ്പുറം കോവിഡ് കാലത്ത് ഒടിടിയിൽ ദശ്യം 2 എത്തി. പുനരാരംഭിക്കൽ എന്നായിരുന്നു സിനിമയുടെ ടൈറ്റിലിലുണ്ടായിരുന്നത്. ഇപ്പോൾ ദ്യശ്യം 3ൽ എത്തി നിൽക്കുമ്പോൾ ‘ഭൂതകാലം ഒരിക്കലും നിശ്ശബ്ദമാകില്ല’ എന്നാണുള്ളത്. തുടർച്ചകൾക്കുള്ള സാധ്യതയും സാഹചര്യവും കൂടുതൽ തുറന്നിട്ടിരിക്കുന്നു. റിലീസ് ചെയ്‌ത് 58 മണിക്കൂറിൽ 100 കോടി ക്ലബ്ബിലെത്തിയ ചിത്രം ഒരാഴ്‌ചയിൽ 200 കോടി ക്ലബ്ബിലുമെത്തി. മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലേക്കാണ് പോക്ക്.
താരപ്പൊലിമയില്ലാതെ
മലയാളത്തിലെ ഏറ്റവും വിപണിമൂല്യമുള്ള താരമാണ് മോഹൻലാൽ. അതിനാൽത്തന്നെ മോഹൻലാൽ എന്ന നടൻ താരത്തിന് വഴിമാറിയിട്ട് കാലമേറെയായി എന്ന വിമർശങ്ങളോട് അയാളിലെ നടൻ ജോർജ്‌കുട്ടിയിലൂടെ മറുപടിയാകുന്നു. മലയാളത്തിന്റെ മോഹൻലാലായി മാറിയത് കഥാപാത്രങ്ങളിലൂടെ നേടിയെടുത്ത ഇഷ്ടത്തിലൂടെയാണ്. ആ ഇഷ്ടത്തണലിലേക്ക് താരഭാരമില്ലാതെ ലാൽ വീണ്ടും എത്തി. പലപ്പോഴും മോഹൻലാലിൽ നടനെ കാണാനാകാതെ താരത്തിനെ മാത്രം കണ്ടിരുന്നു. അതിനുപകരം മലയാളി ഇഷ്ടപ്പെടുന്ന, ആഗ്രഹിക്കുന്ന മോഹൻലാൽ എന്ന നടനെ തിരിച്ചുവിളിച്ചു. ആ വിളിയിൽ മോഹൻലാൽ പിന്നിട്ട കാലത്തിന്റെ ഓർമകൾക്കപ്പുറം പുതിയ കാലത്തിനായി കാത്തുവച്ച പകർന്നാട്ടത്തിന്റെ കെട്ടഴിച്ചു.
വൈകാരികമായ സന്ദർഭങ്ങളെ കോർത്തെടുത്ത് ജോർജ്‌കുട്ടി തന്റെ കുടുംബത്തിനെ സംരക്ഷിക്കാനായി നടത്തുന്ന യാത്രയ്‌ക്കൊപ്പം മലയാളികൂടി ചേർന്നതോടെ ബോക്‌സോഫീസ് കണക്കുകളിൽ കോടികളുടെ പെയ്‌ത്ത് നടന്നു. ജോർജ്‌കുട്ടിയുടെ കുടുംബം എന്നത് പ്രേക്ഷകന്റേതുകൂടിയാക്കി മാറ്റാൻ ‘മലയാള സദാചാര സമൂഹ’ത്തിൽ വളരെ എളുപ്പമാണ്. സ്‌ത്രീയുടെ, പെൺമക്കളുടെ ‘മാനാഭിമാനം’ എന്ന സംരക്ഷണം ഇൗ സമൂഹ ചിന്താഗതിയിലേക്ക് എളുപ്പം ഇറങ്ങിയെത്തും. അതിനാൽത്തന്നെ കുടുംബത്തെ രക്ഷിക്കാൻ ജോർജ്‌കുട്ടിക്ക് കഴിയാതെ പോകുമോ എന്ന തോന്നൽ പ്രേക്ഷകനെ അയാൾക്കൊപ്പം കൊണ്ടുപോകുന്നുണ്ട്. ആ യാത്രയുടെ ദൈർഘ്യം കൂടുംതോറും സിനിമാ തുടർച്ചയ്ക്കും എണ്ണമേറുന്നു.
ലാൽ മാനറിസങ്ങൾ
എല്ലാ മലയാളിയും സ്‌നേഹിക്കുന്ന ഒരു മോഹൻലാലുണ്ടാകും എന്നത് അൽപ്പം അതിശയോക്തിയാണെങ്കിലും അതിലൊരു കാര്യമുണ്ട്. എല്ലാ മലയാളിയും ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഒന്ന് മോഹൻലാലിൽ ഉണ്ടാകും. ആ ഇഷ്ട സാധ്യത എന്നത് അയാളിലെ മാനറിസങ്ങളാണ്. ജോർജ്‌കുട്ടിയിൽ ചിരി, നിസ്സഹായത, സങ്കടം, വർത്തമാനത്തിലെ കുസൃതി എന്നിങ്ങനെ മോഹൻലാൽ മാനറിസങ്ങൾ കൃത്യമായി ഉൾച്ചേർക്കപ്പെട്ടിട്ടുണ്ട്. വലിയ ഗിമ്മിക്കുകൾക്ക് പോകാതെ കഥയുടെ മീറ്ററിൽ മാത്രം നിർത്തി, അതേസമയം അസാമാന്യ സംഭവമാണെന്ന് തോന്നിപ്പിക്കാൻ വലിയ സസ്‌പെൻസ് ട്വിസ്റ്റുകൾക്ക് പോകാതെ കഥ അവകാശപ്പെടുന്ന തലത്തിൽ മാത്രം നിർത്തിയുള്ള ആഖ്യാനമാണ് ദൃശ്യം 3ന്റെ വിജയം. മേക്കിങ്ങിലും എഴുത്തിലും സ്ഥിരം പാറ്റേണിനപ്പുറം സിനിമ പോകുന്നില്ല.
മാറുന്ന വാർപ്പുമാതൃക
ഹോളിവുഡ് അടക്കം പിൻപറ്റുന്ന സ്ഥിരം സിനിമാ ഫ്രാഞ്ചൈസികളുടെ വാർപ്പ് മാതൃകയെ ദൃശ്യം പിൻപറ്റുന്നില്ല. നായകൻ എതിരിടുന്ന പ്രതിസന്ധി, അതിനെ അയാൾ അതിജീവിച്ച് നേടുന്ന വിജയം എന്നതാണ് ഇത്തരം തുടരൻ സിനിമകളുടെ പതിവ് രീതി. ഓരോ സിനിമയിലും ഓരോ പ്രശ്‌നം എന്ന രീതിയിലാണ് അവതരണം. എന്നാൽ ദൃശ്യം അതിൽനിന്ന് വ്യത്യസ്തമാണ്. ദൃശ്യം 3ൽ എത്തുമ്പോൾ അതിൽനിന്ന് വലിയമാറ്റം ഉണ്ടാകുന്നു. നായകൻ, പ്രതിനായകൻ എന്നതിനപ്പുറത്തേക്ക് കഥാപാത്രങ്ങളുടെ വൈകാരിക തലത്തിൽ ഉൗന്നിയുള്ള കഥപറച്ചലിലേക്ക് ദൃശ്യം മാറുന്നുണ്ട്. തന്റെ പ്രവൃത്തികൾക്ക് ഭവിഷ്യത്തുണ്ട് എന്ന മാനസിക തലത്തിലാണ് ജോർജ്‌കുട്ടി. മകന്റെ കൊലപാതകം അതിന്റെ പ്രതികാരം എന്ന നിലയിൽ പ്രഭാകരൻ (സിദ്ധിഖ്), ഭാര്യ ഗീത (ആശ ശരത്ത്) എന്നിവരും മാറി. ത്രില്ലർ സ്വഭാവത്തിനപ്പുറത്തേക്ക് വൈകാരികതലം സൃഷ്ടിക്കപ്പെട്ടതോടെയാണ് ദൃശ്യം 3 തുടർസിനിമകളുടെ പതിവ് ഘടനയെ പുനനിർമിക്കുന്നത്.










0 comments