വന്ദേമാതരത്തിന് പകരം 'തമിഴ് തായ് വാഴ്ത്ത്' പാടാം: മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്‌നാട്ടിലെ ഔദ്യോഗിക ചടങ്ങുകൾ ആരംഭിക്കുമ്പോൾ വന്ദേമാതരത്തിന് പകരം 'തമിഴ് തായ് വാഴ്ത്ത്' എന്ന തമിഴ് സംസ്ഥാന ഗാനം പാടുന്നതിൽ തടസമില്ലെന്ന് മദ്രാസ് ഹൈക്കോടതി. വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ഉത്തരവ് നിലനിൽക്കുമ്പോഴും തമിഴ്‌നാടിന്റെ സാംസ്‌കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാടിന്റെ സ്വന്തം ഗാനം ആലപിക്കാമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ജനുവരി 28 ലെ കേന്ദ്ര ഉത്തരവ് പ്രകാരം ഔദ്യോഗിക ചടങ്ങുകൾ ആരംഭിക്കുമ്പോൾ വന്ദേമാതരം ആലപിക്കണം എന്ന നിബന്ധനയുണ്ട്. എന്നാൽ കാലാകാലങ്ങളായി തമിഴ്‌നാട്ടിലെ ഔദ്യോഗിക ചടങ്ങുകൾ ആരംഭിക്കുന്നത് തമിഴ് തായ് വാഴ്ത്ത് ആലപിച്ചുകൊണ്ടാണ്. ജൂലൈയിലെ കേന്ദ്ര ഉത്തരവ് പ്രകാരം വന്ദേമാതരവും ദേശീയഗാനവും തുടർച്ചയായി ആലപിക്കാനാണ് നിബന്ധന.
എന്നാൽ ഇതിനർത്ഥം തമിഴ്‌നാടിന്റെ സംസ്ഥാനഗാനം ആലപിക്കാൻ പാടില്ലെന്നോ അത് തുടക്കത്തിൽ ആലപിക്കരുതെന്നോ അല്ലെന്നും കോടതി പറഞ്ഞു. മുൻ ഗവർണർ ആർ എൻ രവി തന്റെ പ്രസംഗത്തിന് മുൻപ് ദേശീയഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ഡിഎംകെ സർക്കാർ ഇത് അംഗീകരിച്ചില്ല. നിലവിലെ ടിവികെ സർക്കാരും ചടങ്ങുകളിൽ തമിഴ് തായ് വാഴ്ത്ത് തന്നെ ആലപിക്കണം എന്ന നിലപാടാണ് സ്വീകരിച്ചത്.









0 comments