മലയാളികളുടെ പ്രിയനായിക തിരിച്ചുവരുന്നു; സംവൃതാ സുനിൽ വീണ്ടും ബിഗ് സ്ക്രീനിലേക്ക്

കൊച്ചി: ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട നായികമാരിലൊരാളായിരുന്നു സംവൃതാ സുനിൽ. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് പതുക്കെ അകന്നെങ്കിലും പ്രേക്ഷകരുടെ ഓർമയിലെന്നും സംവൃത ഉണ്ടായിരുന്നു. ഇടയ്ക്കിടെ സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും പഴയ പോലെ സജീവമായിരുന്നില്ല. ഇപ്പോഴിതാ വീണ്ടും ഒരു മലയാള സിനിമയുടെ ഭാഗമാകുകയാണ് താരം.
നവരസാ ഫിലിംസും സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് സംവൃതയുടെ മടങ്ങിവരവ്. ഷഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇടുക്കിയിലെ പന്ന്യാർകുട്ടിയിൽ സെപ്റ്റംബർ ഏഴിന് ലളിതമായ ചടങ്ങോടെ തുടക്കമായി. ചിത്രത്തിന് ഇതുവരെ ഔദ്യോഗികമായി പേര് നൽകിയിട്ടില്ല. ‘നവരസാ പ്രൊഡക്ഷൻ 3’ എന്നാണ് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്.
സംവിധായകൻ ഷഹീദ് അറഫാത്ത്, നിർമ്മാതാക്കളായ ശ്രീജിത്ത് കെ എസ്, കാർത്തികേയൻ എസ്, ദിലീഷ് പോത്തൻ, അൽഫോൻസ് പുത്രൻ, സംവൃതാ സുനിൽ തുടങ്ങിയവർ പൂജാ ചടങ്ങിൽ പങ്കെടുത്തു. ദിലീഷ് പോത്തൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചപ്പോൾ അൽഫോൻസ് പുത്രനാണ് ആദ്യ ക്ലാപ്പ് നൽകിയത്.
ബിജു മേനോനും വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തിയ ‘തങ്കം’ എന്ന ചിത്രത്തിന് ശേഷം ഷഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’, ‘അഡിയോസ് അമിഗോസ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ തങ്കമാണ് പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്.
ഇടുക്കിയുടെ മലയോര പശ്ചാത്തലത്തിലാണ് കഥ മുന്നോട്ടുപോകുന്നത്. ദിലീഷ് പോത്തൻ, അൽഫോൻസ് പുത്രൻ, സംവൃതാ സുനിൽ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിബിൻ ഗോപിനാഥ്, അഭിജിത്ത് സുരേഷ്, അശ്വതി മനോഹരൻ, റിയാസ് ഖാൻ, ശ്രുതി ജയൻ, ബിസാൽ പ്രസന്ന എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഛായാഗ്രഹണ വിഭാഗത്തിലാണ്. ബ്ലെസ്സിയുടെ ‘ആടുജീവിതം’ എന്ന ചിത്രത്തിന് ശേഷം സുനിൽ കെ എസ് ഒരു മലയാള സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. ‘ഗപ്പി’, ‘അമ്പിളി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ജോൺ പോൾ ജോർജാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
ശ്രീജിത്ത് കെ എസും കാർത്തികേയൻ എസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ധിലോർ, റിജോഷ്, മോൻസി, ബ്ലെസ്സി എന്നിവർ കോ-പ്രൊഡ്യൂസർമാരാണ്. അഭിജിത്ത് സുരേഷാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
സംവൃതയുടെ തിരിച്ചുവരവാണ് ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രഖ്യാപനത്തിൽ തന്നെ ശ്രദ്ധ നേടുന്ന പ്രധാന ഘടകം. ഏറെക്കാലത്തിന് ശേഷം മലയാള സിനിമയിൽ വീണ്ടും സജീവമാകുന്ന സംവൃതയെ പുതിയ കഥാപാത്രത്തിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
എഡിറ്റിംഗ്: കിരൺ ദാസ്, പശ്ചാത്തല സംഗീതം: അജേഷ് ആന്റോ, പ്രൊഡക്ഷൻ ഡിസൈൻ: സുഭാഷ് കരുൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിപിൻ വിജയൻ, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണൻ, ഡിസൈൻ: യെല്ലോ ടൂത്ത്, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി.









0 comments