റീജിയണൽ സിനിമകളാണ് ഇന്റർനാഷണലുകളാവുന്നത്; ദൃശ്യം അനായാസമായി ഭാഷാതിർത്തികൾ താണ്ടി: കമൽ ഹാസൻ

ചെന്നൈ: മലയാളത്തിലെ ത്രില്ലറായ ദൃശ്യം ഒരു സാധാരണക്കാരന്റെ അസാധാരണ പവറുകൾ എന്തൊക്കെയാണെന്ന് കാണിച്ച സിനിമയെന്നും അത് അനായാസമായി ഭാഷകളുടെ അതിർത്തികൾ താണ്ടിയെന്നും റീജിയണൽ സിനിമകളാണ് ഇപ്പോൾ ഇന്റർനാഷണലുകളാവുന്നതെന്നും കമൽ ഹാസൻ. ചെന്നൈയിൽ വച്ച് നടന്ന ജിയോ ഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട് എന്ന പരിപാടിക്കിടെയായിരുന്നു കമൽ ഹാസന്റെ പ്രതികരണം.
"മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും മചിലിപട്ടണത്തിലും നിന്ന് വരുന്ന സിനിമകളാണ് യഥാർഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് അത്തരം സിനിമകളെല്ലാം ലോകത്തിന്റെ വിവിധ കോണുകളിലെത്തുന്നുണ്ട്. മുംബൈ മുതൽ മലേഷ്യ വരെ പുഷ്പ, ബാഹുബലി പോലെയുള്ള തെലുങ്ക് ചിത്രങ്ങളിലെ ഡയലോഗുകൾ നിത്യോപയോഗ വാക്കുകളായി മാറി"- കമൽ ഹാസൻ പറഞ്ഞു.
36 വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്ത തഗ് ലൈഫാണ് അവസാനം പുറത്തിറങ്ങിയ കമൽ ഹസൻ ചിത്രം. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നായിരുന്നു ചിത്രത്തിന്റെ നിർമ്മാണം. ജോജു ജോർജ്, തൃഷ, ഐശ്വര്യാ ലക്ഷ്മി, അശോക് സെൽവൻ, അഭിരാമി, നാസ്സർ തുടങ്ങി വമ്പൻ താര നിര തിളങ്ങി. മണിരത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും തഗ് ലൈഫിന്റെ ഭാഗമായിരുന്നു.










0 comments