ഓസ്കർ മത്സരത്തിലേക്ക് ‘രാമായണ’യും; പുരസ്കാര പരിഗണനയ്ക്ക് സമർപ്പിച്ചു

ന്യൂഡൽഹി: രൺബീർ കപൂർ നായകനായ ‘രാമായണ: പാർട്ട് 1’ ഓസ്കർ പുരസ്കാര പരിഗണനയ്ക്ക് സമർപ്പിച്ചതായി റിപ്പോർട്ട്. നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രം 2027ൽ നടക്കുന്ന 99-ാമത് അക്കാദമി പുരസ്കാരത്തിനായാണ് നിർമാതാക്കൾ സമർപ്പിച്ചത്. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുത്തിരിക്കുന്നത് മറാത്തി ചിത്രമായ ‘ഗോന്ധൽ’ ആണ്. എന്നാൽ ഒരു രാജ്യത്തിന്റെ ഔദ്യോഗിക എൻട്രിയല്ലാത്ത ചിത്രങ്ങൾക്കും അക്കാദമിയുടെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ച് മറ്റ് വിഭാഗങ്ങളിൽ സ്വതന്ത്രമായി മത്സരിക്കാം.
ഓസ്കർ പരിഗണനയ്ക്ക് യോഗ്യത നേടണമെങ്കിൽ അമേരിക്കയിലെ അംഗീകൃത നഗരങ്ങളിലൊന്നിൽ തുടർച്ചയായി ഏഴുദിവസമെങ്കിലും നിശ്ചിത വ്യവസ്ഥകൾ പാലിച്ച് ചിത്രം തിയറ്ററിൽ പ്രദർശിപ്പിക്കണം. ലോസ് ആഞ്ജലസ്, ന്യൂയോർക്ക്, സാൻഫ്രാൻസിസ്കോ, ചിക്കാഗോ, ഡാലസ്–ഫോർട്ട് വർത്ത്, അറ്റ്ലാന്റ എന്നിവയാണ് യോഗ്യതാ പ്രദർശനത്തിനുള്ള നഗരമേഖലകൾ. 2026ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്ലാറ്റ്ഫോം പുരസ്കാരം നേടിയ നാഗ ഭാഷാ ചിത്രമായ ‘ആങ്’ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ സ്വതന്ത്ര പരിഗണനയ്ക്കുള്ള യോഗ്യത നേടിയിട്ടുണ്ട്.
രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും അഭിനയിക്കുന്ന ചിത്രം നവംബർ അഞ്ചിനാണ് തിയറ്ററുകളിലെത്തിയത്. 2027 മാർച്ച് 14നാണ് 99മത് ഓസ്കർ പുരസ്കാരസമർപ്പണം. ഡിസംബർ 15ന് ഷോർട്ട്‌ലിസ്റ്റും ജനുവരി 21ന് അന്തിമ നാമനിർദേശങ്ങളും പ്രഖ്യാപിക്കും.








0 comments