വെള്ളിത്തിരയിലേക്ക്‌ വെളിയനാടൻ എൻട്രി

pramod veliyanad
avatar
വി കെ വേണുഗോപാൽ

Published on Apr 18, 2025, 10:48 AM | 1 min read

‘നളിനാക്ഷന്റെ വിശേഷങ്ങൾ’ നാടകത്തിൽ വ്യത്യസ്‌ത പ്രായങ്ങളിലുള്ള വേഷപ്പകർച്ചകൾ അവതരിപ്പിച്ച്‌ പ്രമോദ്‌ വെളിയനാട്‌ നടന്നുകയറിയത്‌ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കായിരുന്നു. ചെറുവേഷങ്ങളിൽ തുടക്കം, പിന്നീട്‌ സഹനടനായും ഇപ്പോൾ നായകനടനായും വളർന്നു. അപ്പോഴും സ്വന്തം തട്ടകമായ നാടകം വിട്ടില്ല. ഇതിനു മാറ്റുകൂട്ടാൻ ഈ വർഷമെത്തിയത്‌ രണ്ട്‌ പുരസ്‌കാരങ്ങൾ.


കേരള സംഗീത നാടക അക്കാദമി നടത്തിയ സംസ്ഥാന അമച്വർ നാടക മത്സരത്തിൽ ആലപ്പുഴ മരുതം തിയറ്റേഴ്‌സിന്റെ ‘മാടൻ മോക്ഷം’ നാടകത്തിൽ കുഞ്ഞൻ വേലത്താനെ അവതരിപ്പിച്ചതിന്‌ മികച്ച നടനുള്ള സംസ്ഥാന അവാർഡ്‌. കൂടാതെ കൊണ്ടൽ, തിയറ്റർ എന്നീ സിനിമകളിലെ അഭിനയത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരവും.


കുട്ടനാട്ടിലെ വെളിയനാട് എന്ന ഗ്രാമത്തിൽ ജനിച്ച പ്രമോദിന്‌ ചെറുപ്പം മുതൽ അഭിനയത്തോട്‌ ഭ്രമമായിരുന്നു. തുണയായി ഗുരു അഭയൻ കലവൂർ ഒപ്പംനിന്നു. അദ്ദേഹം കൈപിടിച്ച്‌ അരങ്ങിലെത്തിച്ചു. 26 വർഷം നിറഞ്ഞാടി. മലയാളത്തിലെ ആദ്യ വെബ്‌സീരിസിലെ നായകനായി. അഭിലാഷ്‌ ശ്രീധരൻ സംവിധാനംചെയ്‌ത്‌ ‘നാട്ടുകാർ ഡോട്ട്‌ കോം’ എന്ന വെബ്‌സീരീസിൽ നായകനായി ചമയമിട്ടു. തുടർന്ന്‌ അറുപതിലേറെ ലഘുചിത്രങ്ങളിൽ അഭിനയിച്ചു.


നാടകരംഗത്ത്‌ ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങൾ നൽകിയ നാടകകൃത്ത്‌ ഫ്രാൻസിസ്‌ ടി മാവേലിക്കര തിരക്കഥയെഴുതിയ പാച്ചുവും കോവാലനിലുമാണ്‌ ആദ്യം വെള്ളിത്തിരയിൽ എത്തുന്നത്‌. എന്നാൽ കൈയൊപ്പ്‌ പതിഞ്ഞ ചിത്രം ജോസ്‌ തോമസിന്റെ സ്വർണക്കടുവയായിരുന്നു. ‘മുൻപേ പറക്കുന്ന പക്ഷികൾ’ എന്ന നാടകത്തിൽ പ്രമോദിന്റെ പ്രകടനം കണ്ട് ഗ്രീൻ റൂമിൽ വന്ന് സിനിമയിൽ അവസരം തന്ന ജോസ് തോമസും മുന്നോട്ടുള്ള പാത നയിച്ചു. അദ്ദേഹത്തിന്റെ ‘ഇഷ’ എന്ന ചിത്രത്തിലും വേഷമിട്ടു. ടൊവിനോ തോമസിന്റെ ‘കള’യെന്ന സിനിമയിലെ വേഷവും പ്രേക്ഷകശ്രദ്ധ നേടി. 72 സിനിമയിൽ അഭിനയിച്ചു. ഇതിൽ മൂന്നെണ്ണത്തിൽ നായകവേഷം. മലയാളത്തിലെ ഒട്ടുമിക്ക യുവനടൻമാർക്കുമൊപ്പം അഭിനയിച്ചു. നാടക മേഖലയിൽ രണ്ട് തവണ സംസ്ഥാന അവാർഡും ഒരു ദേശീയ അവാർഡും ലഭിച്ചു. അഭിനയത്തിനൊപ്പം നാടൻപാട്ടിലുമുണ്ട്‌. വെളിയനാട് കുറുകതടത്തിൽ പരേതനായ പ്രകാശൻ, വിജയമ്മ ദമ്പതികളുടെ മകനാണ്. സ്‌കൂൾ അധ്യാപികയായ പ്രജിതയാണ്‌ ഭാര്യ.ബിരുദ വിദ്യാർഥി പ്രവികാർത്തിക്‌ മകനാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home