print edition തപാൽ ബാലറ്റ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് മാത്രം

പോസ്റ്റൽ ബാലറ്റുകൾ തിരുവനന്തപുരം ഗവൺമെന്റ് പ്രസിൽനിന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥർ കൊണ്ടുപോകുന്നു
തിരുവനന്തപുരം
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് തപാൽ ബാലറ്റുകളുടെ വിതരണം ബുധനാഴ്‌ച ആരംഭിച്ചു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് മാത്രമേ തപാൽ ബാലറ്റ് അനുവദിക്കൂവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ പറഞ്ഞു. കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങൾ പ്രകാരം മറ്റൊരു വിഭാഗത്തിനും തപാൽവോട്ട് സൗകര്യം ഏർപ്പെടുത്താനാവില്ല. കോവിഡ് കാലത്ത് എപിഡെമിക് ഡിസീസ് ആക്‌ടിന്റെ പരിധിയിലുള്ളവർക്കുമാത്രം പ്രത്യേക തപാൽ ബാലറ്റ് അനുവദിച്ചിരുന്നു.
അപേക്ഷ ലഭിക്കുന്ന മുറയ്‌ക്ക് തപാൽ ബാലറ്റ് വിതരണംചെയ്യും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിയോഗിച്ച് ഇറക്കിയ ഉത്തരവിന്റെ ശരിപ്പകർപ്പ് സഹിതം നിശ്ചിത ഫോറത്തിലും സമയത്തിലും അപേക്ഷിക്കണം. സമ്മതിദായകനായി രജിസ്റ്റർചെയ്‌ത വാർഡിലെ വരണാധികാരികൾക്കാണ് അപേക്ഷ നൽകേണ്ടത്. തപാൽ ബാലറ്റ് അപേക്ഷകർക്ക് അയച്ചുകൊടുക്കാനും വോട്ട് രേഖപ്പെടുത്തി ബന്ധപ്പെട്ട വരണാധികാരിക്ക് തിരിച്ചയക്കുന്നതിനും തപാൽ സ്റ്റാമ്പ് ആവശ്യമില്ല. തെരഞ്ഞെടുപ്പ് കമീഷന്റെ ആവശ്യപ്രകാരം തപാൽവകുപ്പ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.









0 comments