സെർച്ച് കമ്മിറ്റി രൂപീകരണ നടപടികളിലേക്ക് വീണ്ടും കടക്കാൻ നിർദേശം
print edition കലിക്കറ്റ് വിസി നിയമനം ; ഗവർണർക്ക് തിരിച്ചടി , സെർച്ച് കമ്മിറ്റി നിലനിൽക്കില്ല

കൊച്ചി
കലിക്കറ്റ് സർവകലാശാല സ്ഥിരം വിസി നിയമനത്തിനായി ചാൻസലർകൂടിയായ ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി നിലനിൽക്കില്ലെന്ന് ഹെെക്കോടതി. സർക്കാരിനെ വെല്ലുവിളിച്ച് തിടുക്കപ്പെട്ട് വിജ്ഞാപനമിറക്കിയ ഗവർണർക്ക് ഹെെക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരിച്ചടിയായി. മൂന്നംഗ സെർച്ച് കമ്മിറ്റിയിലെ രണ്ട് അംഗങ്ങളുടെ നിയമനം ചോദ്യംചെയ്യപ്പെട്ടതിലൂടെ കമ്മിറ്റിയുടെ നിലനിൽപ്പ് ഇല്ലാതായി. വീണ്ടും സെർച്ച് കമ്മിറ്റി രൂപീകരണ നടപടികളിലേക്ക് കടക്കാൻ ജസ്റ്റിസ് വി ജി അരുൺ നിർദേശിച്ചു. വിസി നിയമനത്തിനായി ചാൻസലർ രൂപീകരിച്ച സെർച്ച് കം സെലക്‌ഷൻ കമ്മിറ്റിയുടെ നിയമസാധുത ചോദ്യംചെയ്‌ത് സംസ്ഥാന സർക്കാരാണ് ഹർജി നൽകിയത്.
മൂന്നംഗ കമ്മിറ്റിയിലേക്ക് സെനറ്റ് നാമനിർദേശം ചെയ്‌ത പ്രൊഫ. എ സാബു രാജിവച്ചിരുന്നു. കൂടാതെ ചാൻസലറുടെ പ്രതിനിധി ഡോ. എലുവത്തിങ്കൽ ഡി ജെമ്മിസിന്റെ യോഗ്യത ചോദ്യംചെയ്‌തുമായിരുന്നു സർക്കാർ ഹർജി. രാജിക്കത്ത് പരിഗണിക്കാതെ പ്രൊഫ. സാബുവിനെക്കൂടി ഉൾക്കൊള്ളിച്ച് ഗവർണർ വിജ്ഞാപനമിറക്കുകയായിരുന്നു. രാജിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രൊഫ. സാബു കഴിഞ്ഞദിവസം കോടതിയിൽ സത്യവാങ്മൂലം നൽകി. കേരള സ്റ്റേറ്റ് സയൻസ് കോൺഗ്രസിന്റെ സംഘാടന ചുമതലയുള്ളതിനാലാണ് രാജിയെന്നും വ്യക്തമാക്കിയിരുന്നു. ഡോ. എലുവത്തിങ്കൽ ഡി ജെമ്മിസിനുപകരമായി പ്രൊഫ. ജി യു കുൽക്കർണിയെ ഉൾപ്പെടുത്തിയെന്ന് ചാൻസലർ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. യുജിസി പ്രതിനിധിയായ മുംബൈ സർവകലാശാല വിസി പ്രൊഫ. രവീന്ദ്ര ഡി കുൽക്കർണിയാണ് കമ്മിറ്റിയിലെ മൂന്നാമത്തെ അംഗം.
ചാൻസലർ ഇറക്കിയ വിജ്ഞാപനത്തിൽ ഇടപെടുന്നില്ലെങ്കിലും വിസി നിയമനത്തിനായുള്ള അപേക്ഷകളിലെ തീരുമാനം അന്തിമ ഉത്തരവിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ഹർജി ഡിസംബർ അഞ്ചിന് വീണ്ടും പരിഗണിക്കും.









0 comments