പിന്മാറാതെ 569 വിമതർ , മുന്നണിബന്ധം തകർന്ന് യുഡിഎഫ്
print edition കൂട്ടക്കുഴപ്പത്തിൽ യുഡിഎഫ്

തിരുവനന്തപുരം
തദ്ദേശതെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണവിഷയം ഏതെന്ന് വ്യക്തതയില്ലാത്ത യുഡിഎഫിന് കൂടുതൽ തലവേദനയായി പാളയത്തിലെ പട. 2020ൽ കിട്ടിയ സീറ്റുകൾ പോലും നിലനിർത്താനാവില്ലെന്നാണ് കെപിസിസിക്ക് ലഭിച്ച റിപ്പോർട്ടിലുള്ളത്. ജമാഅത്തെ ഇസ്ലാമിയുമായി പരസ്യമായും എസ്‌ഡിപിഐയുമായി രഹസ്യമായുമുള്ള സഖ്യത്തിന് നിർബന്ധിക്കപ്പെട്ടത് ഇതുമൂലമാണ്. പേരിനൊരു പ്രകടനപത്രികയുണ്ടെങ്കിലും അതുമാറ്റിവച്ച് ശബരിമലയുടെ പേരിൽ വിശ്വാസത്തെ ചൂഷണംചെയ്യൽ മാത്രമാണ് അജൻഡ.
മുന്നണിയായി ഒരുമിച്ചുനിൽക്കാൻ യുഡിഎഫിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേരള കോൺഗ്രസ് ജോസഫ്, ജേക്കബ്, ആർഎസ്‌പി തുടങ്ങിയ കക്ഷികളെ കോൺഗ്രസ് പരിഗണിച്ചില്ല. മുസ്ലീം ലീഗുമായി തന്നെ 39 ഇടങ്ങളിൽ നേരിട്ട് മത്സരിക്കുന്നുണ്ട്. തിരുവനന്തപുരം, കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ പലയിടത്തും ജോസഫ് വിഭാഗം തനിച്ചാണ് മത്സരം. മലപ്പുറത്തിനപ്പുറം മുസ്ലിംലീഗിനെ പരിഗണിച്ചിട്ടേയില്ല. കണ്ണൂർ കോർപറേഷനിലും കാസർകോട്ടും യുഡിഎഫിന് ലീഗിന്റെ വിമതസ്ഥാനാർഥികളുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പറവൂരിൽ ലീഗിനെ തള്ളി ജമാഅത്തെ ഇസ്ലാമിയെ മുഖ്യ ഘടകകക്ഷി യാക്കി.
ചിറ്റാറ്റുകര, കോട്ടുവള്ളി, വരാപ്പുഴ പഞ്ചായത്തുകളിൽ ലീഗ് ഓരോ സീറ്റ് ചോദിച്ചെങ്കിലും നൽകിയത് ചിറ്റാറ്റുകരയിൽ മാത്രം. ഇവിടെ കോണി ചിഹ്നത്തിൽ മത്സരിക്കരുതെന്നാണ് നിബന്ധന. അതേസമയം, ജമാഅത്തെ ഇസ്ലാമിക്ക് ചിറ്റാറ്റുകരയിൽ രണ്ടും കോട്ടുവള്ളിയിൽ ഒരു വാർഡും നൽകി. സംസ്ഥാനത്താകെ 569 വാർഡുകളിലെ വിമതരും യുഡിഎഫിന്റെ ഉറക്കംകെടുത്തുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ തെളിവുകൾ തിരിച്ചടിക്കുമെന്ന ആശങ്ക നേതാക്കൾക്കുണ്ട്. നീചകൃത്യം ചെയ്‌തയാളെ ചില നേതാക്കൾ ചേർത്തുപിടിക്കുന്നതിലെ അതൃപ്‌തി മഹിളാ നേതാക്കൾ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തനിക്കെതിരെ പറയുന്ന നേതാക്കളുടെ ‘രഹസ്യ’ങ്ങൾ പുറത്തുവിടുമെന്നാണ് രാഹുലിന്റെ ഭീഷണി. ഇതോടെ വെട്ടിലായ നേതൃത്വം രാഹുലിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.









0 comments