പെണ്‍കരുത്തിന്റെ ' പത്തുമാസം'

സി ശ്രീകാന്ത്
Published on May 11, 2025, 11:23 AM | 2 min read
അടിസ്ഥാനവർഗ ജീവിതത്തിന്റെ കാഴ്ചകളിലേക്ക് മലയാളിയെ തിരികെ നടത്തുന്ന സിനിമയാണ് ‘പത്തുമാസം'. പ്രസീത എന്ന തൊഴിലുറപ്പു തൊഴിലാളിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രം സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തും സൗന്ദര്യവും അനുഭവവേദ്യമാക്കുന്നു. ഭർത്താവ് രഘുവിനെ അനിവാര്യമായ ഒരു സന്ദർഭത്തിൽ വീട്ടിൽനിന്ന് ഇറക്കിവിടുന്ന പ്രസീത തൊട്ടടുത്ത ദിവസങ്ങളിൽ താൻ ഗർഭിണിയാണെന്ന് തിരിച്ചറിയുന്നു. തിരികെ തന്റെ ജീവിതത്തിലേക്കു വരാൻ ശ്രമിക്കുന്ന രഘുവിനെ അവൾ ബോധപൂർവം അകറ്റിനിർത്തുന്നു. പതിനൊന്നുകാരിയായ മകൾ നിധിക്കൊപ്പം സധൈര്യം ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു. അതിനിടയിൽ പ്രസീതയ്ക്ക് അവൾ പ്രവർത്തിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ സ്ഥാനാർഥിയായി വാർഡ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടിവരുന്നു. അങ്ങനെ അവളുടെ ഗർഭകാലം കൂടുതൽ സങ്കീർണമായി.
അമ്മയുടെ സ്ഥാനാർഥിത്വത്തെ ആദ്യം ആശങ്കയോടെ കാണുന്ന നിധി ക്രമേണ പ്രസീതയുടെ രാഷ്ട്രീയപ്രവർത്തനത്തിൽ ആവേശം കണ്ടെത്തി. അതോടെ അവൾ ചുവന്ന പതാകകൾ നിറഞ്ഞ വിചിത്രമായ സ്വപ്നങ്ങൾ കണ്ടുതുടങ്ങി. താൻ വനിതാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന നിധിയുടെ സ്വപ്നം സിനിമയുടെ രാഷ്ട്രീയം പ്രഖ്യാപിക്കുന്നു.
തൊഴിലുറപ്പും കുടുംബശ്രീയുമൊക്കെ കേരളീയ ഗ്രാമങ്ങളിലെ സ്ത്രീകളെ കരുത്തരാക്കിയതിന്റെ അടയാളങ്ങൾ ‘പത്തുമാസ'ത്തിൽ ഭംഗിയായി അവതരിപ്പിച്ചു. മലയാളസിനിമ ഇതുവരെ അടയാളപ്പെടുത്തിയിട്ടില്ലാത്ത തൊഴിലുറപ്പു സ്ത്രീകളുടെ ജീവിതത്തെയും അവരുടെ സംഘബോധത്തെയും ഇടതുപക്ഷ രാഷ്ട്രീയത്തോടുള്ള അവരുടെ പൊക്കിൾക്കൊടി ബന്ധത്തെയും സിനിമ സൂക്ഷ്മമായി അടയാളപ്പെടുത്തുകയാണ്. ഒപ്പം രാഷ്ട്രീയ ഭേദങ്ങൾക്ക് അതീതമായി രൂപപ്പെടേണ്ട മാന്യമായ രാഷ്ട്രീയപ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഹിംസയും അരാഷ്ട്രീയ തമാശകളും വേരില്ലാത്ത മനുഷ്യരും അരങ്ങുവാഴുന്ന സമകാലിക സിനിമയ്ക്ക് ബദലായ ആവിഷ്‌കാരമാണ് സൗഹൃദ കൂട്ടായ്മയിൽ നിർമിക്കപ്പെട്ട ഈ സിനിമ. നാം കണ്ടിട്ടില്ലാത്ത തരത്തിൽ മനോഹരമായ ഗ്രാമദൃശ്യങ്ങൾ ഈ സിനിമയുടെ എടുത്തുപറയേണ്ട സവിശേഷതയാണ്. മലപ്പുറം ജില്ലയിലെ തിരുവാലി എന്ന മനോഹരമായ ഗ്രാമത്തിന്റെ പശ്ചാത്തലം വരച്ചുവച്ച ചിത്രംപോലെ പകർത്തിയിട്ടുണ്ട്.
‘പകൽപ്പൂരം' എന്ന സിനിമയിലൂടെ ശ്രദ്ധേയയായ കവിത ജോസാണ് പ്രസീതയെ അവതരിപ്പിക്കുന്നത്. കവിതയുടെ മകളായ റൈസാ ബിജ്‌ലിതന്നെയാണ് മകൾ നിധിയായി വേഷമിടുന്നത്. നടനും നാടൻപാട്ട് കലാകാരനുമായ സുരേഷ് തിരുവാലി പ്രസീതയുടെ ഭർത്താവ് രഘുവിനെ അവതരിപ്പിക്കുന്നു. രണ്ടു സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ‘ല.സാ.ഗു' എന്ന കേരളത്തിലെ ആദ്യത്തെ സ്കൂൾ സിനിമയിലൂടെ ശ്രദ്ധേയരായ സുമോദ്- ഗോപു ടീമാണ് ‘പത്തുമാസ'ത്തിന്റെ രചനയും സംവിധാനവും. ഗ്രാമീണ കൂട്ടായ്മയിൽ രാഷ്ട്രീയം സംസാരിക്കുന്ന നിലവാരമുള്ള സിനിമകൾ ഒരുക്കാൻ ശ്രമിക്കുന്ന അധ്യാപകരായ സുമോദും ഗോപുവും സഹോദരങ്ങളാണ്.
ല.സാ.ഗുവിലൂടെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം നേടിയ ഒ എസ് ഉണ്ണിക്കൃഷ്ണൻ രചിച്ച് ജിൻസ് ഗോപിനാഥ് ഈണം നൽകിയ ‘വിജനമാകയോ...’ എന്ന ഗാനം ഇതിനകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ജെറിൽ ഷാജിയാണ് ഗായിക. നീഹാർ ഫിലിംസ് നിർമിച്ച് മനോരമ മാക്സ് ഒടിടിയിലൂടെ റിലീസായ ചിത്രത്തിന്റെ ഛായാഗ്രഹണം സുധീർ കെ സുധാകരനാണ്. കളറിങ് ലിജു പ്രഭാകറും ചിത്രസംയോജനം സന്ദീപ് നന്ദകുമാറും പശ്ചാത്തല സംഗീതം മധു പോളും കലാസംവിധാനം ഷാജി കേശവും വസ്ത്രാലങ്കാരം കുമാർ എടപ്പാളും ചമയം സുധാകരൻ പെരുമ്പാവൂരും നിർവഹിച്ചു. അനിൽ മങ്കടയുടെ നാടൻപാട്ടുകളും ഡോ. എസ് സഞ്ജയ് എഴുതിയ കവിതയും ഉപയോഗിച്ചിട്ടുണ്ട്. ശശി പൊതുവാളാണ് പ്രൊഡക്‌ഷൻ കൺട്രോളർ. റെജി രാമപുരം, അജീഷ് കോട്ടയം, വിജിത സുരേഷ്, മാനസ സതീഷ്, ഐ സമീൽ, ബറോസ് കൊടക്കാടൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.










0 comments