കാണാം പഞ്ചാരമിഠായി

pancharamittayi
avatar
ജിഷ അഭിനയ

Published on Jan 26, 2025, 01:00 AM | 2 min read

മിഠായിക്ക്‌ മധുരമേറെയാണ്‌. ചിരിയും ചിന്തയും പകരുന്ന മധുരമിഠായി. കുട്ടികൾക്കായി ഒരുക്കിയ ‘പഞ്ചാരമിഠായി’ എന്ന ലഘുചിത്രം ആസ്വാദകർ ഏറ്റുവാങ്ങി. കുട്ടികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നതിനെതിരെയുള്ള ബോധവൽക്കരണമാണ്‌ ചിത്രത്തിന്റെ ലക്ഷ്യം. പുതുതലമുറയിൽ ശാസ്ത്രീയ ചിന്തയും പരിസ്ഥിതി അവബോധവും പ്രോത്സാഹിപ്പിക്കുന്നു.

അവർ കഥ പറയുന്നു


നന്നായി പഠിക്കുന്ന ചില കുട്ടികൾ ഇടയ്‌ക്കിടെ ക്ലാസിലെത്തുന്നില്ല. പഠനത്തിലും വിമുഖത. ഇത്‌ മനസ്സിലാക്കിയ ക്ലാസ്‌ ടീച്ചർ ഇവരിലേക്ക് ഇറങ്ങിച്ചെന്ന്‌ അവരിലൊരാളായി മാറി പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നു. അധ്യാപിക അവരുടെ വീടുകൾ സന്ദർശിച്ച്‌ കാര്യങ്ങൾ അന്വേഷിക്കുന്നു. കുട്ടി എല്ലായ്‌പ്പോഴും മുറി അടച്ച്‌ പഠിക്കുകയാണെന്നും ഇടയ്ക്കിടയ്ക്ക് തലവേദന ആണെന്നും രക്ഷിതാവിൽനിന്ന്‌ അറിയുന്നു. ഇതോടെ ടീച്ചർക്ക്‌ ചില സംശയമുണ്ടാകുന്നു.

കുട്ടികൾ സ്കൂളിലേക്കുള്ള വഴിയിൽ അടുത്തുള്ള കടകളിൽനിന്ന് എന്താണ് വാങ്ങുന്നതെന്ന് ടീച്ചർ അന്വേഷിച്ചു. ആ സാധനങ്ങൾ ക്ലാസിലേക്ക് കൊണ്ടുവരാനും നിർദേശിച്ചു. തുടർന്ന്‌ എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട്‌ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. ലാബിൽ പരിശോധന നടത്തിയപ്പോൾ ചില മിഠായികളിൽ മയക്കുമരുന്നിന്റെ അംശം കണ്ടെത്തി. എക്സൈസ് ഉദ്യോഗസ്ഥൻ കടയിൽ പരിശോധന നടത്തി. അധ്യാപകരും കുട്ടികളും യുവജനങ്ങളും പൊതുജന പ്രതിനിധികളും ചേർന്ന് മയക്കുമരുന്ന് കച്ചവടക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നു.


സ്വന്തം ജീവൻപോലും പണയംവച്ച് ലഹരിമാഫിയയോട് ഏറ്റുമുട്ടി തങ്ങളുടെ കൂട്ടുകാരെ അവരിൽനിന്ന്‌ രക്ഷിച്ച ബാലസംഘം പ്രവർത്തകരെ നാട്ടുകാരും വിമുക്തി സുഹൃത്തുക്കളും ചേർന്ന് അഭിനന്ദിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.


എടപ്പാൾ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിയേറ്റീവ് ഫിലിം ലാബിന്റെ ബാനറിൽ ഫാറൂക്ക് മുല്ലപ്പൂ കഥയും തിരക്കഥയുമൊരുക്കി, ബാലസംഘം പോത്തനൂർ ഈസ്റ്റ് യൂണിറ്റ് നിർമിച്ച കുട്ടികളുടെ സിനിമയാണ് ‘പഞ്ചാരമിഠായി'. സംവിധാനം ജാഫർ കുറ്റിപ്പുറം.

പോത്തനൂരിലും പരിസരപ്രദേശങ്ങളിലുമുള്ള അറുപത്തഞ്ചോളം കുട്ടികളും മലയാള സിനിമാ-സീരിയൽ രംഗത്തെ അഭിനേതാക്കളും വേഷമിട്ടു. മയക്കുമരുന്നിനെതിരെയുള്ള ഒരു പ്രദേശത്തെ കുട്ടികളുടെ ഇടപെടൽകൂടിയാണ് ഈ സിനിമ.


പിന്നണിയിൽ


നിരവധി സിനിമകൾക്ക് കാമറ ചലിപ്പിച്ച അശ്വഘോഷാണ് കാമറ. ‘ഫെമിനിച്ചി ഫാത്തിമ' സിനിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദാണ്‌ എഡിറ്റിങ്. സംഗീത സംവിധാനം സന്ദീപ് ചക്രവർത്തി. സൂരജ് നായർ ശബ്ദമിശ്രണവും സന്തോഷ് എടപ്പാൾ കലാസംവിധാനവും നിർവഹിച്ചു. അജീഷ് കൊല്ലടത്ത്, വിനോദ് കുറുമ്പത്തൂർ എന്നിവരാണ് അസോസിയറ്റ് ഡയറക്ടർമാർ. നൗഫൽ പുറത്തൂർ പ്രൊഡക്‌ഷൻ കൺട്രോളർ. 35 മിനിറ്റാണ്‌ സിനിമയുടെ ദൈർഘ്യം.

jaffar ജാഫർ കുറ്റിപ്പുറം

സൗത്ത് ഇന്ത്യൻ ഫെസ്റ്റിവൽ, കൂനൂർ ഫെസ്റ്റിവൽ, തെക്കൻ മീഡിയ ഫെസ്റ്റിവൽ തുടങ്ങിയവയിൽ പഞ്ചാരമിഠായിക്ക്‌ നിരവധി പുരസ്കാരം ലഭിച്ചു. മുംബൈ ആസ്ഥാനമായുള്ള മഹാരാജാ ഫിലിം ഫെസ്റ്റിവലിൽ കുട്ടികളുടെ മികച്ച സിനിമയായി ഇതിനെ തെരഞ്ഞെടുത്തു.

സിനിമയുടെ ആദ്യ പ്രദർശനം മലപ്പുറം ചങ്ങരംകുളം മാർസ് തിയറ്ററിൽ നിറഞ്ഞ സദസ്സിലാണ് നടന്നത്. തുടർന്ന് മലപ്പുറം ബാലസംഘം ജില്ലാ സമ്മേളനത്തിൽ തവനൂരിലും സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി താനൂരിലും പഞ്ചാരമിഠായി പ്രദർശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home