നിശ്‌ചലദൃശ്യങ്ങളിലൂടെ ജീവിതം പറയുന്ന 'കൃഷ്‌ണാഷ്‌ടമി'; ആദ്യ പ്രദർശനം തിരുവനന്തപുരത്ത് നടന്നു

തിരുവനന്തപുരം: ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത "കൃഷ്ണാഷ്ടമി, ദി ബുക്ക് ഓഫ് ഡ്രൈ ലീവ്‌സ്'ന്റെ ആദ്യ പൊതു പ്രദർശനം ബാനർ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ലെനിൻ ബലവാടിയിൽ നടന്നു. കവി വൈലോപ്പിള്ളി ശ്രീധരമേനോൻ രചിച്ച കൃഷ്ണാഷ്ടമി എന്ന കവിതയുടെ സ്വതന്ത്രമായ ദൃശ്യാവിഷ്കാരമാണിത്. വൈലോപ്പിള്ളിയുടെ "കടൽക്കാക്കകൾ' എന്ന കവിതാസമാഹാരത്തിൽ ഉൾപ്പെട്ട കവിതയാണ് "കൃഷ്ണാഷ്ടമി'.
മലയാളത്തിലധികം പരീക്ഷിക്കപ്പെടാത്ത നിശ്‌ചലദൃശ്യങ്ങളിലൂടെ കഥ പറയുന്ന രീതിയാണ് ഈ ചിത്രം. സിനിമയിലെ എല്ലാ ഫ്രെയിമുകളും നിശ്ചലദൃശ്യങ്ങളാണ്. ആറുപതിറ്റാണ്ടെങ്കിലും ആയിക്കാണും ഇത്തരം ചിത്രങ്ങൾ ജന്മമെടുത്തിട്ട്. ഗാനചിത്രീകരണത്തിന് സ്റ്റിൽ ഇമേജുകൾ ഉപയോഗിക്കുന്ന രീതി മലയാളത്തിൽ പരിചിതമാണ്. എന്നാൽ ഒരു ചലച്ചിത്രം മുഴുവനായി നിശ്ചലദൃശ്യങ്ങളുപയോഗിച്ച് ചെയ്‌തുവെന്നതാണ് "കൃഷ്‌ണാഷ്‌ടമി'യുടെ പ്രത്യേകത. പലയിടങ്ങളിൽനിന്ന് അധികാരികൾ തടവിലാക്കുന്ന മനുഷ്യരുടെ കഥകളും അനുഭവങ്ങളുമാണ് ചിത്രത്തിൽ ഇഴചേർന്ന് പ്രത്യക്ഷപ്പെടുന്നത്.
തന്റെ രാഷ്ട്രീയമാണ് തന്റെ സിനിമയെന്ന് വ്യക്തമാക്കിയ ചലച്ചിത്രകാരനാണ് അഭിലാഷ്. അതുകൊണ്ടുതന്നെ "കൃഷ്ണാഷ്ടമി' കേവലം വൈലോപ്പിള്ളിക്കവിതയുടെ ചിത്രീകരണമല്ല. സാമൂഹ്യയാഥാർഥ്യങ്ങളെ അടയാളപ്പെടുത്താനുള്ളതാണ്. അമ്പലക്കര ഗ്ലോബൽ ഫിലിംസ് നിർമിച്ച ചിത്രത്തിൽ ജിയോ ബേബി പ്രധാന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നു. ഔസേപ്പച്ചനാണ് കവിതയ്‌ക്കും സംവിധായകൻ തന്നെ രചിച്ച വരികൾക്കും പശ്ചാത്തലസംഗീതം ഒരുക്കിയത്.











0 comments