ad
Deshabhimani

തന്തപ്പേരും, ഞാൻ രേവതിയും മെൽബൺ ചലച്ചിത്രമേളയിൽ ഒരേ ദിവസം

melbourne
വെബ് ഡെസ്ക്

Published on Aug 21, 2026, 05:26 PM | 2 min read

മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിൽ നടക്കുന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ ഒരേ ദിവസം രണ്ട് മലയാളം ചിത്രങ്ങൾ സ്ക്രീൻ ചെയ്യുന്നു. ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ ഇന്ത്യൻ ചലച്ചിത്ര മേളയുടെ 17-ാമത് എഡിഷനിൽ തന്തപ്പേര് (Thanthapperu, Life of a Phallus) 'ഞാൻ രേവതി' (I Am Revathi) എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ശനിയാഴ്ച സ്ക്രീൻ ചെയ്യുന്ന ഈ രണ്ട് ചിത്രങ്ങളുടെയും ക്യാമറ ഒരേ ഛായാഗ്രഹകനാണ് നിര്‍വ്വഹിച്ചിട്ടുള്ളത്.


തന്തപ്പേര് കേരളത്തിലെ അപൂര്‍വ ഗോത്രവിഭാഗമായ ചോലനായ്രുടെ ജീവിത പശ്ചാത്തലത്തിൽ ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത രാഷ്ട്രീയ ചിത്രമാണ്. പ്രശസ്ത ട്രാൻസ് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ എ രേവതിയുടെ ജീവിതത്തെയും പോരാട്ടങ്ങളെയും ആസ്പദമാക്കി പി അഭിജിത്ത് സംവിധാനം ചെയ്ത ലോങ് ഡോക്യുമെന്ററി ചിത്രമാണ് 'ഞാൻ രേവതി. രണ്ട് ചിത്രങ്ങളുടെയും ഛായാഗ്രഹണം നിര്‍വ്വഹിച്ചത് എ മുഹമ്മദ്.


ലണ്ടനിലെ എൻ എഫ് ടി എസിൽ നിന്ന് പഠിച്ചിറങ്ങിയ അങ്കാമി ഗോത്രവർഗ്ഗക്കാരനായ നാഗാ സംവിധായകൻ തേജ റിയോയുടെ റിമൈൻസ്, ആഡേ (Remains, Ade) എന്നീ ചിത്രങ്ങൾ പ്രദര്‍ശനത്തിലുണ്ട്. ഹിമാചൽ പ്രദേശിലെ കിന്നൗരി പശ്ചാത്തലത്തിൽ നിഹാരിക നേഗി ഒരുക്കിയ ടെൻഫ (Tenfa) മറ്റൊരു ശ്രദ്ധേയ ചിത്രമാണ്. ഇതോടൊപ്പം അസമിലെ കാര്‍ബി ഭാഷയിൽ ഖഞ്ചൻ കിഷോർ നാഥ് സംവിധാനം ചെയ്ത കാങ്ബോ അലോട്ടി, ദി ലോസ്റ്റ് പാത്ത് എന്നീ ചിത്രങ്ങളുമുണ്ട്. അസമിൽ നിന്നുള്ള നോയി കഥ, റിവർ ടേൽസ് & ഫ്ലവേഴ്സ് ഇൻ എ ഹെയിൽസ്റ്റോം എന്നീ ചിത്രങ്ങളും ഇതേ വിഭാഗത്തിൽ ലോക സിനിമാ പ്രേക്ഷകര്‍ക്ക് മുന്നിൽ എത്തുന്നു.


പാര്‍ശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെയും പാര്‍ശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും അതിജീവന കഥകൾ പറയുന്ന 'ഇന്ത്യൻ ഇൻഡിജിനസ് ഫിലിംസ്: സിനിമ ഫ്രം ദി മാർജിൻസ്' എന്ന വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളാണിവ. കൊളോണിയൽ വിരുദ്ധത, വംശീയ സ്വത്വം, ജെൻഡര്‍ രാഷ്ട്രീയം തുടങ്ങിയ സമകാലിക വിഷയങ്ങളാണ് സിനിമകൾ ചര്‍ച്ച ചെയ്യുന്നത്. പരമ്പരാഗത വാര്‍പ്പുമാതൃകകളെ ഇവ നിരാകരിക്കയും ജീവിതത്തിന്റെ തനത് കാഴ്കളിലേക്ക് ഉയരുകയും ചെയ്യുന്നു. പ്രശസ്ത ചലച്ചിത്ര ക്യൂറേറ്റർ മീനാക്ഷി ഷെഡ്ഡെയാണ് ഈ വിഭാഗം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home