മനസ്സു നിറച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നു

നിവിൻ പോളി (ഇടത്) മമത ബൈജു (വലത്)| Photo: Social Media
തിരുവനന്തപുരം : തീയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിക്കുകയാണ് നിവിൻ പോളി - മമിത ബൈജു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഓണം റിലീസ് ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. റൊമാന്റിക്-കോമഡി ട്രാക്കിലേക്ക് നിവിൻ പോളി തിരികെ എത്തിയ ചിത്രം ഫീൽ ഗുഡ് ഫാമിലി എന്റർടെയ്‌നറാണ്.
സ്വന്തം ജീവിതത്തോടും അനുഭവങ്ങളോടും ചേർത്തുപിടിക്കാൻ സാധിക്കുന്ന കഥാപാത്രങ്ങളും സന്ദർഭങ്ങളുമാണ് സിനിമയുടെ പ്രധാന ആകർഷണം. ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ തകർത്താടിയപ്പോൾ ആഷ്ലിയായെത്തിയ മമിതയും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇരുവരും തമ്മിലുള്ള ഓൺ-സ്ക്രീൻ കെമിസ്ട്രിയും ഏറെ ശ്രദ്ധിക്കപ്പെടുന്നു.
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ഹിറ്റുകൾക്ക് ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തിൽ സംഗീത് പ്രതാപ്, റോഷൻ ഷാനവാസ്, ഷമീർ ഖാൻ, സുരേഷ് കൃഷ്ണ തുടങ്ങി വലിയൊരു താരനിര തമാശകളുമായി നിറഞ്ഞുനിൽക്കുന്നു. ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്ന് തയ്യാറാക്കിയ തിരക്കഥയിൽ ഫസ്റ്റ് ഹാഫിലെ തമാശകൾക്കും സെക്കന്റ് ഹാഫിലെ വൈകാരിക നിമിഷങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിയിട്ടുണ്ട്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിഷ്ണു വിജയ് ഒരുക്കിയ സംഗീതവും അജ്മൽ സാബുവിന്റെ ഛായാഗ്രഹണവും സിനിമയ്ക്ക് കൂടുതൽ ഊർജ്ജം പകരുന്നു. എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരേപോലെ ആകർഷിക്കുന്ന ചിത്രം ബോക്സ് ഓഫീസ് ഹിറ്റിലേക്ക് കുതിക്കുകയാണ്.









0 comments