‘സ്‌കൂൾ ബച്ചാവോ ആന്തോളൻ’; പ്രക്ഷോഭം ശക്തമാക്കും: എസ്‌എഫ്‌ഐ

സ്വന്തം ലേഖകൻ
Published on Aug 21, 2026, 06:06 PM | 1 min read
ന്യൂഡൽഹി: കഴിഞ്ഞവർഷം ഡിസംബറിൽ ആരംഭിച്ച ‘സ്‌കൂൾ ബച്ചാവോ ആന്തോളൻ’ തുടർമാസങ്ങളായി കൂടുതൽ ശക്തിപ്പെടുത്തുമെന്ന് എസ്‌എഫ്‌ഐ. രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി മുഴുവൻ സംസ്ഥാനങ്ങളിലെയും സ്‌കൂളുകൾ സന്ദർശിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കും. സ്‌കൂൾ അടച്ചുപൂട്ടൽ, ലയിപ്പിക്കൽ എന്നിവ മൂലം പഠിപ്പ് മുടങ്ങിയ വിദ്യാർഥികളെ കണ്ടെത്തി അവരെ സംഘടിപ്പിക്കും. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും പൂട്ടിയ സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിനായി നാട്ടുകാരെ ഉൾപ്പെടുത്തി പ്രതിഷേധം സംഘടിപ്പിക്കും. പ്രക്ഷോഭത്തിന്റെ ഭാഗമായി പത്ത് കോടി ഒപ്പാണ് ശേഖരിക്കുന്നത്. പ്രതിപക്ഷ ശക്തികളെയുൾപ്പെടെ അണിനിരത്തിയാണ് പരിപാടി മുന്നോട്ടുകൊണ്ടുപോവുക. ബ്ലോക്ക്, സബ്‌ഡിവിഷൻ, ജില്ലാതലങ്ങളിലെ ഓഫീസുകളിൽ രാജ്യത്തെ സ്‌കൂളുകളുടെ സ്ഥിതിയെ സംബന്ധിച്ച് നിവേദനം നൽകും.
സംസ്ഥാന തലത്തിൽ കൻവെൻഷനുകൾ, നിയമസഭാ, രാജ്‌ഭവൻ മാർച്ചുകൾ എന്നിവ സംഘടിപ്പിക്കും. അന്താരാഷ്‌ട്ര സാക്ഷരതാ ദിനമായ സെപ്‌തംബർ എട്ടിന് എച്ച്‌കെഎസ് സുർജിത്ത് ഭവനിലാണ് ആദ്യ കൺവെൻഷൻ സംഘടിപ്പിക്കുക. പൊതുവിദ്യാഭ്യാസ സംവിധാനത്തിലേക്ക് കൂടുതൽ ഫണ്ട് അനുദിക്കുക, ദേശീയ വിദ്യാഭ്യാസ നയം റദ്ദാക്കുക, അടച്ചുപൂട്ടിയ മുഴുവൻ സർക്കാർ സ്‌കൂളുകളും തുറക്കുക, 1:20 അനുപാതത്തിൽ അധ്യാപകരെ നിയമിക്കുക, സ്‌കൂൾ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, കൊഴിഞ്ഞുപോക്ക് തടയുന്നതിനുള്ള നടപടികളെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് എസ്‌എഫ്‌ഐ പ്രധാനമായും ഉന്നയിക്കുന്നതെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടചാര്യ, വൈസ് പ്രസിഡന്റ് സുഭാഷ് ജാഖഡ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സൂരജ് ഇളമൺ, കാന്തി കുമാരി, ഡൽഹി സംസ്ഥാന പ്രസിഡന്റ് നാദിയ എന്നിവരാണ് സംസാരിച്ചത്. മുൻ മാസങ്ങളിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ സംബന്ധിച്ച എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റിയുടെ പ്രസിദ്ധീകരണമായ സ്റ്റുഡന്റ്‌സ് സ്‌ട്രഗിളിന്റെ പ്രത്യേക പതിപ്പും വാർത്താസമ്മേളനത്തിൽ പ്രകാശനം ചെയ്തു.









0 comments