ad
Deshabhimani

ഓളപ്പരപ്പിലെ ആവേശത്തിന് മണിക്കൂറുകൾ മാത്രം: നെഹ്റു ട്രോഫി വള്ളംകളി നാളെ; ഹൃദയം കീഴടക്കാൻ 71 വള്ളങ്ങൾ

nehru trophy
വെബ് ഡെസ്ക്

Published on Aug 21, 2026, 06:32 PM | 1 min read

ആലപ്പുഴ: ലോകമെമ്പാടുമുള്ള ജലോത്സവ പ്രേമികളെ ആവേശത്തിലാഴ്‌ത്തുന്ന പുന്നമടയുടെ ജലപ്പൂരത്തിന്‌ ശനിയാഴ്‌ച അരങ്ങുണരും. 72ാമത്‌ നെഹ്‌റു ട്രോഫി വള്ളംകളി ആവേശപ്പൂരമാക്കാൻ നാടും നഗരവും ഒരുങ്ങി. ഒരേ താളവും പാട്ടുമായി 71 വള്ളങ്ങൾ ആലപ്പുഴയുടെ ഹൃദയം കീഴടക്കും.


പുന്നമടയിലെ 1150 മീറ്റർ നെട്ടായത്തിന്‌ ചുറ്റും തടിച്ചുകൂടുന്ന പതിനായിരങ്ങളെ സാക്ഷിയാക്കി ജലരാജന്മാർ കൊമ്പുകോർക്കും. പകൽ 11ന് മത്സരം ആരംഭിക്കും. ഉദ്ഘാടന സമ്മേളനത്തിന്‌ ശേഷം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കും. വൈകിട്ട്‌ നാലോടെ വമ്പന്മാരുടെ പോരിനൊടുവിൽ പ്രഥമ പ്രധാനമന്ത്രി കൈയ്യൊപ്പിട്ട്‌ കുട്ടനാടിന്‌ സമ്മാനിച്ച വെള്ളിക്കിരീടം അതിന്റെ പുതിയ അവകാശികളെ കണ്ടെത്തും. ചുണ്ടൻ വിഭാഗത്തിൽ 22 വള്ളങ്ങൾ ആറ്‌ ഹീറ്റ്‌സുകളിലായി മത്സരത്തിനിറങ്ങുന്നുണ്ട്‌. ആദ്യ നാല് ഹീറ്റ്‌സുകളിൽ നാലു വീതം വള്ളങ്ങളും അഞ്ച്, ആറ് ഹീറ്റ്‌സുകളിൽ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റുട്രോഫിക്കായുള്ള ഫൈനൽ പോരാട്ടത്തിനായി ഇറങ്ങുക.


ചുരുളൻ- രണ്ട്‌, ഇരുട്ടുകുത്തി എ- മൂന്ന്‌, ഇരുട്ടുകുത്തി ബി– 16, ഇരുട്ടുകുത്തി സി- 14, വെപ്പ് എ- അഞ്ച്‌, വെപ്പ് ബി- നാല്‌, തെക്കനോടി തറ- ഒന്ന്‌, തെക്കനോടി കെട്ട്- നാല്‌ എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിലെ വള്ളങ്ങളുടെയെണ്ണം. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്. സമയക്രമം മത്സരവേദിയിൽ സ്‌ക്രീനിൽ പ്രദർശിപ്പിക്കും.


അതേസമയം മുൻ വർഷങ്ങളിലേതുപോലെ കെഎസ്‌ആർടിസി ഇത്തവണ പുന്നമടയിലേക്ക്‌ ചാർട്ടേഡ്‌ സർവീസ്‌ നടത്താത്തത്‌ കാണികളെ നിരാശയിലാക്കി. സ്വകാര്യ വാഹന സർവീസുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്‌ ക്ലബ്ബുകളും വ്യക്തികളും. സ്വകാര്യ വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്ന ബീച്ച്‌ പരിസരത്തുനിന്ന്‌ ബോട്ട്‌ ജെട്ടി ഭാഗത്തേക്ക്‌ ഫീഡർ സർവീസ്‌ മാത്രമാണ്‌ ഇത്തവണ ഒരുക്കിയിട്ടുള്ളത്‌.


വള്ളംകളി നടക്കുന്ന ദിവസം കെഎസ്‌ആർടിസി ആലപ്പുഴ ഡിപ്പോയിൽനിന്ന്‌ ടിക്കറ്റ്‌ എടുക്കാം. സുരക്ഷയ്‌ക്കായി 1700 പൊലീസുകാരെ വിന്യസിക്കും. ശനി രാവിലെ എട്ടുമുതൽ മറ്റ്‌ ബോട്ടുകൾക്ക്‌ കായലിൽ പ്രവേശനമില്ല. വള്ളംകളി കാണാൻ ബോട്ടിൽ വരുന്നവർ പത്തിനുമുന്പ്‌ മത്സരസ്ഥലത്ത്‌ എത്തണം. രാവിലെ ഒന്പതുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home