മൂന്ന് തലമുറയുടെ കഥ
ഇനിയും ഇരുൾ നീങ്ങാത്ത അകലങ്ങൾ ചർച്ച ചെയ്ത് അരിക്

കെ ശ്രീജിത്ത്
Published on Mar 04, 2025, 02:45 PM | 4 min read
ജാതിയെക്കുറിച്ച് സംസാരിക്കുന്ന സിനിമകള്‍ പലതും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അവയിലൊന്നും ജാതിയുടെ സൂക്ഷ്മ രാഷ്ട്രീയം ആഴത്തിൽ ചര്‍ച്ച ചെയ്യപ്പെടുന്നത് കണ്ടിട്ടില്ല. ഭൂരിഭാഗത്തിലും ജാതി ഉപരിതലത്തിലൂടെ കടന്നുപോകുന്ന ഒന്നുമാത്രമാണ്.
ജാതി സൂക്ഷ്മത്തതിൽ വിശകലനം ചെയ്യാനോ അതെങ്ങനെയാണ് നമ്മുടെ നിത്യജീവിതത്തില്‍, ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളില്‍ ഇന്നും പ്രവര്‍ത്തിക്കുന്നതെന്നതോ ഉള്ളില്‍ തൊടുംവിധം പറഞ്ഞുകണ്ടിട്ടില്ല. ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു ഉള്ളില്‍ തൊടലാണ് വി.എസ്.സനോജ് സംവിധാനം ചെയ്ത 'അരിക്' എന്ന സിനിമ.
മൂന്ന് തലമുറകളിലൂടെ കടന്നുപോകുന്ന കഥ പറച്ചിലില്‍ ജാതി എങ്ങനെയാണ് മലയാള പരിസരങ്ങളില്‍ ആഴ്ന്നിറങ്ങിയിട്ടുള്ളതെന്നത് സനോജ് അരികിലൂടെ കാണിച്ചുതരുന്നു. ഇതിനിടയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പ് തൊട്ട് ഇ.എം.എസ്സിന്റെ മരണവും ബിജെപിയും സംഘപരിവാറും അധികാര രാഷ്ട്രീയത്തിന്റെ കേന്ദ്രമായി മാറുന്നതും അടക്കമുള്ള പൊതു രാഷ്ട്രീയഗതികളിലൂടെ സിനിമ കടന്നുപോകുന്നു.
കണ്ടൻ കോരന്റെ മകൻ ശങ്കരൻ
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിലാണ് സിനിമ തുടങ്ങുന്നത്. ആ കാലത്തുതന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായ കണ്ടന്‍ കോരന് ഒരു മകന്‍ ജനിക്കുന്നതും. പാര്‍ട്ടിയുടെ പിളര്‍പ്പില്‍ അത്യധികം വേദനിക്കുന്ന കോരന്‍ മകന് ശങ്കരനെന്ന് പേരിടുന്നു. മകന് കുറേക്കൂടി പരിഷ്‌കാരമുള്ള പേരിടാമെന്ന് പറയുന്ന ഭാര്യയോട് ആ പേരുകാരൊക്കെ ഏത് സമരത്തിലാണ് പങ്കെടുത്തിട്ടുള്ളതെന്ന കോരന്റെ ചോദ്യം സമരങ്ങളെത്തന്നെ മറന്നുപോയ സമകാലിക കേരളത്തോട് കൂടിയുള്ളതാണ്. പിന്നീട് ശങ്കരന്റെ വളര്‍ച്ചയാണ്. സ്‌കൂളിലെ ലംപ്‌സം ഗ്രാന്റ് ഉള്‍പ്പടെ ജാതി പ്രവര്‍ത്തിക്കുന്ന വഴികളിലൂടെ, ശങ്കരനിലൂടെ സിനിമ പുരോഗമിക്കുന്നു. പുരോഗമനാശയങ്ങള്‍ നെഞ്ചിലേറ്റുന്നുവെന്ന് പറയുന്നവരുടെ ഉള്ളില്‍ പോലുമുള്ള സംവരണവിരുദ്ധ മനോഭാവവും പ്രണയത്തിലെ ജാതിയുമെല്ലാം കടന്നുവരുന്നു. മനുഷ്യരെ അരികുകളിലേക്ക് തള്ളിമാറ്റുന്ന വ്യവസ്ഥയുടെ സ്വയം മേധാവിത്വ പ്രവണമായ സമീപനങ്ങൾ സിനിമ പരിശോധിക്കുന്നു.

ജാതിയുടെ പാൻഇന്ത്യൻ കാഴ്ച
പ്രണയത്തില്‍ 'കള്‍ച്ചറല്‍ ഡിഫറന്‍സ്' പറയുന്നവര്‍ തന്നെ പിന്നീട് പുരോഗമന നാട്യക്കാരായി എത്തുന്ന അപഹാസ്യ നാടകവും അരിക് കാണിച്ചുതരുന്നുണ്ട്. പ്രണയത്തില്‍ പിന്തിരിപ്പന്‍ നിലപാടുകളെടുത്തവര്‍ തന്നെ പിന്നീട് മനുഷ്യപക്ഷത്തിന്റെ പ്രതിനിധികളായും സാംസ്‌കാരകി അവധൂതരായും പ്രത്യക്ഷപ്പെടുന്ന വൈരുദ്ധ്യം. സിനിമയിലെ മൂന്നാമത്തെ തലമുറയുടെ പ്രതിനിധി ശങ്കരന്റെ മകള്‍ ശിഖയാണ്. ശിഖയിലൂടെ പുതിയകാലത്ത് നിറം ഉള്‍പ്പടെയുള്ളവ ഒരു വിഷയമാകുന്നുണ്ട്.
ഇതിനിടയില്‍ താന്‍ ജോലി ചെയ്യുന്ന മാധ്യമ സ്ഥാപനത്തിലെ വൈരുദ്ധ്യങ്ങള്‍ ശങ്കരന് അറപ്പുണ്ടാക്കുന്നുണ്ട്. ജോലിയും വ്യക്തിപരമായ കാഴ്ചപ്പാടുകളും കൂട്ടിക്കുഴക്കരുതെന്ന ശങ്കരന്റെ ആത്മിത്രത്തിന്റെ ഓര്‍മപ്പെടുത്തലുണ്ട്. അതെല്ലാം സമകാലിക സാഹചര്യങ്ങളില്‍ ഒരു വ്യക്തി നേരിടുന്ന ധര്‍മസങ്കടങ്ങളാണ്. ഉന്നത വിദ്യാഭ്യാസത്തിനായി ശിഖ ഉത്തരേന്ത്യയിലെത്തുന്നതും ജാതി ഇന്ത്യയില്‍ എല്ലായിടത്തും ഒരുപോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന പാന്‍ ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും ചുരുങ്ങിയ സീനുകളിലൂടെ സിനിമ കാണിച്ചുതരുന്നു. എന്തിനും ഏതിനും ഉത്തരേന്ത്യയെ ചൂണ്ടുവിരലില്‍ കോര്‍ക്കുന്ന മലയാളികള്‍ ജാതിയുടെ കാര്യത്തില്‍ അവരെക്കാള്‍ എത്ര വൃത്തികേട്ടവരാണെന്ന യാഥാര്‍ത്ഥ്യം മറയില്ലാതെ തുറന്നുകാണിക്കുന്നുണ്ട് അരിക്.

വേദനിപ്പിക്കുന്ന വേദനകൾ
കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി കാലങ്ങളായി പ്രവര്‍ത്തിക്കുകയും സമൂഹത്തില്‍ വെള്ളത്തിലെ മീനിനെപ്പോലെ ഇടപെടുകയും ചെയ്യുന്ന ഒരു കീഴാളന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോറ്റുപോകുന്നതും അരികില്‍ കാണിക്കുന്നുണ്ട്. അതും സ്ഥിരമായി പാര്‍ട്ടി ജയിക്കുന്ന ഒരു വാര്‍ഡില്‍. പണ്ടാണെങ്കില്‍ മലയാളികള്‍ ഉള്ളിലെ ജാതി പുറത്തുകാണിച്ചിരുന്നു. എന്നാല്‍ ഇന്നാകട്ടെ പുറമേയ്ക്ക് സ്‌നേഹം നടിച്ച് ഉള്ളിലത് കൊണ്ടുനടക്കുന്നു എന്ന് കോരന്‍ പറയുന്നതില്‍ എല്ലാമുണ്ട്. ജാതി ഇന്നലെയും ഇന്നും നാളെയും കേരളത്തിലുണ്ട് എന്ന് മൂന്ന് തലമുറകളിലൂടെ സംവിധായകന്‍ കാണിച്ചുതരുന്നു. അങ്ങനെയുള്ള ജാതി കോമരങ്ങളെ സന്തോഷിപ്പിക്കുകയല്ല മറിച്ച് വേദനിപ്പിക്കുകയാണ് വേണ്ടതെന്ന് കോരന്‍ പേരക്കുട്ടിയോട് പറയുമ്പോള്‍ അത് മലയാളികള്‍ക്ക് ആകെയുള്ള സന്ദേശമായി മാറുന്നു. ഒടുക്കം ശങ്കരന്റെ മകള്‍ ശിഖ അച്ചച്ഛന്‍ ആഗ്രഹിച്ചതുപോലെ മജിസ്‌ട്രേറ്റായി വരുമ്പോഴും ജാതി വെറിയന്‍മാര്‍ക്ക് മാറ്റമില്ല.
ആരുടെ കരണത്തെ അടിയാണ്
സിനിമയുടെ അവസാന സീനില്‍ ശങ്കരന്റെ ഭാര്യ കോടതിയിലെ ജീവനക്കാരന്റെ കാരണത്തടിക്കുമ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ ഇന്നേവരെ ഇറങ്ങിയിട്ടുള്ള ജാതി വിവേചനം പ്രമേയമാക്കിയിട്ടുള്ള സിനിമകളില്‍ ഏറ്റവും മികച്ചവയിലൊന്നായി കണക്കാക്കപ്പെടുന്ന മറാത്തി സിനിമയായ ഫാന്‍ട്രിയെ ഓര്‍മിപ്പിച്ചു. ഫാന്‍ട്രിയിലെ അവസാന സീനില്‍ സവര്‍ണ പ്രമാണിമാര്‍ക്കുനേരെ എറിയുന്ന കല്ല് ക്യാമറയ്ക്കുനേരെ വന്ന് വീഴുമ്പോള്‍ അത് യാഥാര്‍ത്ഥത്തില്‍ മൊത്തം സമൂഹത്തിന്റെ മുഖത്താണ് വന്നുവീഴുന്നത്. അതുപോലെ അരികിലെ ശങ്കരന്റെ ഭാര്യ ഹരീഷ് പേങ്ങന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കരണത്തടിക്കുമ്പോള്‍ അത് വന്നുകൊള്ളുന്നത് മൊത്തം മലയാളി സമൂഹത്തിന്റെ കരണത്താണ്. അപ്പോഴും ശങ്കരന്‍ ഭാര്യയോട് ചോദിക്കുന്നത് അയാളെത്തല്ലി തന്റെ കൈ വേദനിച്ചോ എന്നാണ്. ആ തല്ലിലൂടെ സ്വന്തം കൈ വേദനിപ്പിക്കാമെന്നല്ലാതെ മലയാളി സമൂഹം മാറാന്‍ പോകുന്നില്ലെന്ന നിശിതമായ വിമര്‍ശനം.

ഇടതാണ് ബലം
മുഖ്യധാരാ ഇടതുപക്ഷത്തെ പ്രധാനപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പലകാര്യങ്ങളിലും വിമര്‍ശനാത്മകമായി സമീപിക്കുമ്പോഴും കണ്ടന്‍ കോരന്‍ ഒരിക്കലും പാര്‍ട്ടിയെ തള്ളിപ്പറയുന്നില്ല എന്നത് അരികിനെ ശ്രദ്ധേയമാക്കുന്നുണ്ട്. പാര്‍ട്ടിയെ വിമര്‍ശിക്കുമ്പോഴും അതിനെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നുണ്ട് അയാള്‍. തന്റെ പാര്‍ട്ടിക്ക് എന്തൊക്കെ കുറവുകളുണ്ടെങ്കിലും എത്രയൊക്കെ വിമര്‍ശിക്കേണ്ടിവരുമ്പോഴും ആ പാര്‍ട്ടി പരിപാടിയുടെ ഭാഗമായിത്തന്നെയാണ് അയാള്‍ നിലകൊള്ളുന്നത്. കേരളത്തിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ സ്വത്വനിര്‍മിതിയില്‍ പാര്‍ട്ടിയുടെ പങ്കിന്റെ പ്രാധാന്യത്തെ ഉള്‍ക്കൊള്ളുന്നതിനൊപ്പം സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുഖ്യധാരാ ഇടതുപക്ഷത്തിന് നേതൃത്വം നല്‍കുന്ന പ്രധാനപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രാധാന്യത്തിന് അടിവരയിടുക കൂടെയാണ് അതിലൂടെ സംവിധായകന്‍ ചെയ്യുന്നത്. പൊതുവെ രാഷ്ട്രീയം പറയുന്ന, പ്രത്യേകിച്ച് ഇടതുപക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സിനിമകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് സനോജിന്റെ ഈ സമീപനം. ഇടതുപക്ഷവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും മൊത്തം അബദ്ധമാണ് എന്ന അത്തരം സിനിമകളിലെ കാടടച്ച് വെടിവെക്കല്‍ സനോജിന്റെ അരികിലില്ല.
കൂട്ടായ നേട്ടം, കാണേണ്ട പടം
പീരിയഡ് സിനിമ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭീമമായ ബജറ്റിലൊരുക്കുന്ന ബ്രഹ്മാണ്ഡ സിനിമകളാണ് നമ്മുടെ മനസ്സില്‍ വരിക. എന്നാല്‍ ഒരു കോടി പത്ത് ലക്ഷം രൂപ എന്ന ചെറിയ ബജറ്റിലൊരുക്കിയ പീരിയഡ് സിനിമയാണ് അരിക്.
അഭിനേതാക്കള്‍ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. നായകനായ കണ്ടാണ് കോരനെ അവതരിപ്പിച്ച സെന്തില്‍, ശങ്കരനായെത്തിയ ഇര്‍ഷാദ്, ശങ്കരന്റെ ആത്മമിത്രത്തെ അവതരിപ്പിച്ച റോണി ഡേവിഡ് രാജ്, സതിയായി എത്തിയ ശാന്തി, ശിഖയെ അവതരിപ്പിച്ച ധന്യ അനന്യ അങ്ങനെ എല്ലാവരും. ചെറിയ റോളുകളില്‍ വന്നു പോയവര്‍ പോലും മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ച മനേഷ് മാധവന്‍, സംഗീതം ഒരുക്കിയ ബിജിബാല്‍, പ്രൊഡക്ഷന്‍ ഡിസൈനറായ ഗോകുല്‍ദാസ്, ശബ്ദരൂപകല്പനയില്‍ എം.ആര്‍.രാജാകൃഷ്ണന്‍, അജയന്‍ ചാലിശ്ശേരി തുടങ്ങിയ മികച്ച ടെക്‌നീഷ്യന്‍മാരുടെ സാന്നിദ്ധ്യം അരികിന്റെ മിഴിവ് കൂട്ടിയിട്ടുണ്ട് എന്നതില്‍ സംശയമില്ല.

ടീം അരിക്
കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച് വി.എസ് സനോജ് കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് അരിക്. സെന്തിൽ കൃഷ്ണ, ഇർഷാദ് അലി, ധന്യ അനന്യ എന്നിവരാണ് 'അരികിലെ' പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രൻ, സിജി പ്രദീപ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ രംഗത്ത് എത്തിക്കുന്നത്.
ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ തുടങ്ങി ഇന്നുവരെയുള്ള സാമൂഹ്യമാറ്റം ഒരു തൊഴിലാളി കുടുംബത്തിന്റെ കാഴ്ചയിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. വി.എസ് സനോജ്, ജോബി വർഗീസ് എന്നിവരാണ് തിരക്കഥ. ഛായാഗ്രഹണം മനേഷ് മാധവൻ., എഡിറ്റർ - പ്രവീൺ മംഗലത്ത്, പശ്ചാത്തലസംഗീതം - ബിജിബാൽ, പ്രൊഡക്ഷൻ ഡിസൈൻ - ഗോകുൽദാസ്, സൗണ്ട് ഡിസൈൻ - രാധാകൃഷ്ണൻ എസ്, സതീഷ് ബാബു, സൗണ്ട് ഡിസൈൻ - അനുപ് തിലക്, ലൈൻ പ്രെഡ്യൂസർ - എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ശ്രീഹരി ധർമ്മൻ, വസ്ത്രാലങ്കാരം - കുമാർ എടപ്പാൾ, മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂർ, കളറിസ്റ്റ് - യുഗേന്ദ്രൻ, കാസ്റ്റിംഗ് ഡയറക്ടർ - അബു വളയംകുളം, സ്റ്റിൽസ് - രോഹിത് കൃഷ്ണൻ, ടൈറ്റിൽ, പോസ്റ്റർ ഡിസൈൻ - അജയൻ ചാലിശ്ശേരി, മിഥുൻ മാധവ്, പി.ആർഒ - സതീഷ് എരിയാളത്ത്, മാർക്കറ്റിംഗ് – കണ്ടന്റ്.










0 comments