'കുമാർ' കൂടെ ചേർത്തോളാൻ ടീച്ചർ ഉപദേശിച്ചു; അഞ്ചാം ക്ലാസ് വരെ മുസ്ലീമായ ഞാൻ വിശാല ഹിന്ദുവായി

സലിം കുമാർ (ഫോട്ടോ: സുനോജ് നൈനാൻ മാത്യു)
നർമ്മത്തിൽ പൊതിഞ്ഞ ജീവിതസത്യങ്ങൾ പറയാൻ സലിം കുമാറിന് എക്കാലത്തും പ്രത്യേകമായൊരു കഴിവുണ്ടായിരുന്നു. പേരിന് പിന്നിലെ കഥയും, സ്വന്തം ജാതകം എഴുതിച്ച അനുഭവവും, മതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുമെല്ലാം ചിരിയോടൊപ്പം വലിയ ചിന്തകളും നൽകുന്നതായിരുന്നു.
സലിം എങ്ങനെ 'സലിം കുമാർ' ആയി?
സഹോദരൻ അയ്യപ്പന്റെ ആശയങ്ങളിൽ ആകൃഷ്ടരായ മാതാപിതാക്കളാണ് അദ്ദേഹത്തിന് 'സലിം' എന്ന് പേരിട്ടത്. ജാതി തിരിച്ചറിയാൻ കഴിയാത്ത പേരുകൾ മക്കൾക്ക് നൽകുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ സ്‌കൂളിൽ ചേരാൻ പോയപ്പോഴാണ് ആ പേര് മാറിയതെന്ന് അദ്ദേഹം മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
"എന്നെ സ്കൂളിൽ ചേർക്കാൻ ചിറ്റാറ്റുകര എൽപിഎസിൽ കൊണ്ടുപോയി. അവിടുള്ളവർ കുട്ടിയുടെ പേരെന്താണെന്ന് അച്ഛനോട് ചോദിച്ചു. 'സലിം' എന്ന് അച്ഛൻ മറുപടി നൽകി. അപ്പോൾ ടീച്ചർ പറഞ്ഞു, 'അത് പറ്റില്ല. കുട്ടി ഹിന്ദു അല്ലേ, പേര് കേട്ടാൽ മുസ്ലീം ആണെന്ന് തോന്നുമല്ലോ.' അച്ഛന് ഇതിനെപ്പറ്റി വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. 'എന്താ ചെയ്യുക?' എന്ന് അച്ഛൻ ചോദിച്ചപ്പോൾ കുട്ടിയുടെ പേരിന്റെ കൂടെ ഒരു 'കുമാർ' കൂടെ ചേർത്തോളാൻ ടീച്ചർ ഉപദേശിച്ചു. അങ്ങനെ കുമാർ ചേർത്ത് അവർ എന്നെ ഹിന്ദുവാക്കി. അതായത്, അഞ്ചാം ക്ലാസ് വരെ ഞാൻ മുസ്ലീം ആയിരുന്നു, അതിനുശേഷം ഞാൻ വിശാല ഹിന്ദുവായി," അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.
എട്ടു മക്കളിൽ ഇളയവനായി ജനിച്ചതുകൊണ്ട് തന്റെ ജാതകം ആരും എഴുതിച്ചിരുന്നില്ല. എന്നാൽ അങ്ങനെ ഒരു ജാതകം വേണമെന്ന് ഒരു ആഗ്രഹം തോന്നിയ രസകരമായ കഥയും അദ്ദേഹം ഒരിക്കൽ പങ്കുവെച്ചിരുന്നു.
"ഇത്രയും മക്കളുള്ളതുകൊണ്ട് ഞങ്ങളുടെ ആരുടെയും ജാതകം എഴുതിച്ചിട്ടില്ല. അത്രയും പേർക്ക് ജാതകം എഴുതിക്കാൻ വലിയ ചെലവാകുമല്ലോ. ജാതകം പോട്ടെ, ഞങ്ങൾ ജനിച്ച സമയം പോലും അമ്മയ്ക്കറിയില്ല. വർഷങ്ങൾക്ക് ശേഷം എന്റെ മൂത്ത മകന്റെ ജാതകം എഴുതിച്ചപ്പോൾ, എനിക്കും സ്വന്തമായി ഒരു ജാതകം വേണമെന്ന് ആഗ്രഹമായി. ജനിച്ച സമയം ചോദിച്ചപ്പോൾ, അയൽപക്കത്തെ ഒരു പെൺകുട്ടി ജനിച്ചതിന്റെ 56-ാം ദിവസമാണ് ഞാൻ ജനിച്ചതെന്നായിരുന്നു അമ്മയുടെ മറുപടി. ആ കുട്ടിയോട് ചോദിച്ചപ്പോൾ അവൾക്കും ജനിച്ച സമയമറിയില്ല."
ഒടുവിൽ നടൻ ജനാർദ്ദനൻ വഴി സ്വന്തമായി ഒരു ജാതകം ലഭിച്ചു. 1969ലെ ഒരു കന്നിമാസത്തിലാണ് ജനനം എന്ന ഏകദേശ കണക്കുവെച്ച് ഒരു കമ്പ്യൂട്ടർ ജാതകം തയ്യാറാക്കി. അത് വായിച്ച് സലിം കുമാർ ശരിക്കും ഞെട്ടി. കാരണം, താൻ ഒരു സിനിമാക്കാരനും മിമിക്രിക്കാരനുമാകുമെന്ന് അതിൽ കൃത്യമായി എഴുതിയിരുന്നു! അത് കണ്ട് ആവേശത്തോടെ മകന്റെ ജാതകം നോക്കിയപ്പോൾ അവൻ ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധനാകുമെന്നാണ് അതിൽ പറഞ്ഞിരുന്നത്. തന്റെ ജാതകം ഇത്ര കൃത്യമായ സ്ഥിതിക്ക് മകൻ എന്തായാലും ഡോക്ടറാകുമെന്ന് വിശ്വസിച്ചു. എന്നാൽ വർഷങ്ങൾ കഴിഞ്ഞപ്പോൾ മകൻ പഠിച്ചത് എൽഎൽബി ആണെന്ന് പറഞ്ഞ് അദ്ദേഹം പൊട്ടിച്ചിരിച്ചു.
മതത്തെയും ഭക്തിയെയും തികച്ചും യുക്തിസഹമായാണ് സലിം കുമാർ സമീപിച്ചിരുന്നത്. ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ എന്നൊക്കെയുള്ള വേർതിരിവുകൾ ഒരുപറ്റം ആളുകൾക്ക് ജീവിക്കാനുള്ള അഭ്യാസപ്രകടനങ്ങൾ മാത്രമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഒരിക്കൽ വലിയ ഈശ്വരവിശ്വാസിയായിരുന്ന താൻ പിന്നീട് ആ വഴിയേ പോകാതിരുന്നതിന് പിന്നിലെ കാരണവും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.
"പിന്നീടാണ് ഇതെല്ലാം വെറും കച്ചവടമാണെന്ന് എനിക്ക് മനസ്സിലായത്. ക്യൂവിൽ നിൽക്കുമ്പോൾ ആയിരം രൂപ നൽകിയാൽ ദൈവത്തെ ആദ്യം കാണാം. ഭഗവതിക്ക് ഒരു തുണ്ട് ഭൂമി എന്നൊക്കെ നമ്മൾ കേട്ടിട്ടില്ലേ? ഒരു തുണ്ട് ഭൂമിക്ക് വേണ്ടി നമ്മുടെ അടുത്ത് വന്ന് തെണ്ടേണ്ടവരാണോ ഭഗവാനും ഭഗവതിയുമൊക്കെ? പട്ടിണി മാറ്റണേ, രക്ഷിക്കണേ എന്ന് പ്രാർത്ഥിക്കാനായിരിക്കും നമ്മൾ ദൈവത്തിന്റെ അടുത്ത് പോകുന്നത്. പക്ഷേ, ദൈവം അത് കേൾക്കണമെങ്കിൽ നമ്മൾ നെയ്പായസത്തിന് പണം അടയ്ക്കണം. ഇതൊക്കെ നാളെ എന്താകുമെന്നറിയാത്ത മനുഷ്യരുടെ വെറും ഉത്കണ്ഠയാണ് ഭക്തി. അത്രയേ ഉള്ളൂ." എന്നും അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.










0 comments