വിദ്യാഭ്യാസ, ആരോഗ്യ രംഗത്തിന് കരുത്തായി ദുബായ് ഔഖാഫ്; 7.47 കോടി ദിർഹം കൈമാറി

ദുബായ് : സമൂഹക്ഷേമത്തിനും വികസന പ്രവർത്തനങ്ങൾക്കും പിന്തുണയേകാൻ 7.47 കോടി ദിർഹത്തിന്റെ എൻഡോവ്‌മെന്റ് നിക്ഷേപ വരുമാനം വിതരണം ചെയ്‌ത് ദുബായ് ഔഖാഫ്. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേേമം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഒമ്പത് സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കാണ് ധനസഹായം കൈമാറിയത്. ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ്, കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി, ദുബായ് ക്ലബ് ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ, മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ്, ദുബായ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളാണ് പ്രധാന ഗുണഭോക്താക്കൾ.
മെഡിക്കൽ ഗവേഷണങ്ങൾ, വിദ്യാഭ്യാസ പദ്ധതികൾ, വെല്ലുവിളി നേരിടുന്ന വ്യക്തികൾക്കായുള്ള പരിചരണ സേവനങ്ങൾ, വിവിധ മാനുഷിക പ്രവർത്തനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് ഫണ്ട് വിനിയോഗിക്കുക. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്താനും പൊതുസേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും ഈ ധനസഹായം സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
എൻഡോവ്‌മെന്റ് ആസ്‌തികൾ കാര്യക്ഷമമായും സുസ്ഥിര നിക്ഷേപ മാനദണ്ഡങ്ങൾ പാലിച്ചും കൈകാര്യം ചെയ്യുന്നതിന്റെ ഫലമാണ് ഇത്തരം വരുമാന വിതരണമെന്ന് ദുബായ് ഔഖാഫ് സെക്രട്ടറി ജനറൽ അലി അൽ മുതവ പറഞ്ഞു. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കാനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനും ഇത്തരം സംരംഭങ്ങൾ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായുടെ സാമ്പത്തിക-, സാമൂഹിക പുരോഗതിക്ക് കൂടുതൽ കരുത്തേകാനായി ഭാവിയിലും എൻഡോവ്‌മെന്റ് പദ്ധതികളും നിക്ഷേപ പ്രവർത്തനങ്ങളും വിപുലീകരിക്കുമെന്ന് ഔഖാഫ് അധികൃതർ അറിയിച്ചു.









0 comments