എബോള പ്രതിരോധം; സഹായവുമായി ദുബായ് ഹ്യൂമാനിറ്റേറിയൻ

ദുബായ് : എബോള വൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങൾക്ക് പിന്തുണയേകാൻ 20 മെട്രിക് ടൺ അടിയന്തര വൈദ്യസാമഗ്രികൾ കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലേക്ക് അയച്ച് ദുബായ് ഹ്യൂമാനിറ്റേറിയൻ. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് സഹായം. ലോകാരോഗ്യ സംഘടനയുടെ ദുബായിലെ സംഭരണകേന്ദ്രത്തിൽനിന്നുള്ള സാമഗ്രികൾ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഉഗാണ്ടവഴിയാണ് കോംഗോയിലേക്ക് അയച്ചത്.
അടുത്ത നാല് ആഴ്ചയിൽ നൂറുകണക്കിന് രോഗികൾക്ക് ചികിത്സാ സഹായം ലഭ്യമാക്കാനും ഏകദേശം 280 ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും സഹായം ഉപകരിക്കും. മെഡിക്കൽ ടെന്റുകൾ, അണുനാശിനികൾ, സുരക്ഷാ ഉപകരണങ്ങൾ, തെർമോമീറ്ററുകൾ എന്നിവ ഉൾപ്പെടെയുള്ള അവശ്യസാമഗ്രികളാണ് അയച്ചത്.
വെല്ലുവിളികൾക്കിടയിലും സഹായം അതിവേഗം ബാധിത പ്രദേശങ്ങളിലെത്തിക്കാനായി അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ദുബായ് ഹ്യൂമാനിറ്റേറിയൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജുസപ്പെ സാബ പറഞ്ഞു. യുഎഇയും ദുബായ് ഹ്യൂമാനിറ്റേറിയനും നൽകുന്ന തുടർച്ചയായ പിന്തുണയ്ക്ക് ലോകാരോഗ്യ സംഘടനയുടെ കിഴക്കൻ മെഡിറ്ററേനിയൻ മേഖല ഡയറക്ടർ ഡോ. ഹനാൻ ബാൽഖി നന്ദി അറിയിച്ചു. എബോള വ്യാപനം തടയാൻ ദ്രുതഗതിയിലുള്ള ഇടപെടലും അന്താരാഷ്ട്ര സഹകരണവും നിർണായകമാണ്. വൈദ്യസഹായം ആരോഗ്യപ്രവർത്തകർക്ക് വലിയ പിന്തുണയാകും.









0 comments