ആട് 3 ചിത്രീകരണം പുരോഗമിക്കുന്നു സിനിമക്കാരുടെ ഇഷ്ട ജില്ലയായി പാലക്കാട്

പാലക്കാട്: കേരളത്തിൽ ഒട്ടേറെ ആരാധകരുള്ള ആട് 1, ആട് 2 സിനിമയിലെ കഥാപാത്രങ്ങളായ ജയസൂര്യയുടെ ഷാജി പാപ്പനും കൂട്ടരും പാലക്കാട് ചിത്രീകരണത്തിനായി എത്തിയിട്ട് അറുപത് ദിവസം പിന്നിടുന്നു. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 യുടെ ചിത്രീകരണമാണ് ജില്ലയിൽ മലമ്പുഴ,നവോദയ കാട്, കവ, തോണിക്കാട്, പ്ലാച്ചിമട കൊക്കകോള ഫാക്ടറി, നല്ലേപ്പിള്ളി, ചിറ്റൂർ, മേനോൻപാറ മലബാർ ഡിസ്റ്റലറി, പോളി ടെക്നിക്ക് മൈതാനം എന്നിവിടങ്ങളിലായി നടന്നത്.സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും പാലക്കാടാണ് ചിത്രീകരിക്കുന്നത്.

ആട് 3 കൂടാതെ രോഹിത് വി എസ് സംവിധാനം ചെയ്ത് ആസിഫ് അലി, നസ്ലിൻ എന്നിവരഭിനയിക്കുന്ന ടിക്കി ടാക്ക, ധ്യാൻ ശ്രീനിവാസൻ അഭിനയിക്കുന്ന ഭീഷ്മർ എന്നീ സിനിമകളുടെ ചിത്രീകരണവും പാലക്കാട് പുരോഗമിക്കുകയാണ്.ഒരാഴ്ച മുൻപാണ് ബിഗ് ബജറ്റ് ചിത്രം ജയിലർ -2 വിന്റെ രണ്ടാം ഷെഡ്യൂൾ വാളയാർ നടുപ്പതി ഊരിൽ പൂർത്തിയാക്കി സൂപ്പർ സ്റ്റാർ രജിനികാന്തും സംഘവും മടങ്ങിയത്.നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ സിനിമാ ചിത്രീകരണം നടക്കുന്ന ജില്ലകൂടിയാണ് പാലക്കാട്.
പാലക്കാടിനെ അടുപ്പിച്ചത് വൈവിധ്യമാർന്ന ഭൂപ്രദേശം
വിജയ് ബാബു: നേരത്തെ ആട് 2 ന്റെ ചില ഭാഗങ്ങൾ കൊല്ലങ്കോടും പരിസരങ്ങളിലുമായിരുന്നു ചിത്രീകരിച്ചത്. വൈവിധ്യമാർന്ന ഭൂപ്രകൃതിയും സിനിമയ്ക്ക് അനുയോജ്യമായ ഗ്രാമീണാന്തരീക്ഷവുമാണ് ആട് 3 ചിത്രീകരിക്കാനായി പാലക്കാടിനെ തെരഞ്ഞെടുത്തത്. 80 ദിവസത്തിൽപ്പരം ഷെഡ്യൂളാണ് പാലക്കാടുണ്ടാകുക.
അഞ്ഞൂറോളം ടെക്നീഷ്യന്മാരടങ്ങിയ സംഘമാണുള്ളത്. പലയിടത്തും കൂറ്റൻ സെറ്റുകളൊരുക്കിയും പ്രതികൂല കാലാവസ്ഥയെ മറികടന്നും 64 ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കാനായി. മലമ്പുഴയിലെ മനോഹാരിതക്ക് പുറമേ ഓർമയിൽ നിൽക്കുന്നത് ആദ്യമായി പ്ലാച്ചിമടയിലെ അടച്ച് പൂട്ടിയ കൊക്കകോള കമ്പനിയിൽ ഒരു സിനിമാ ചിത്രീകരണം നടത്താൻ ആടിന്റെ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞുവെന്നതാണ്.
ചിത്രീകരണത്തിന് തടസ്സം വരാതെ ജനങ്ങളും സഹകരിക്കുന്നത് നല്ല കാര്യമാണ്.സിനിമ 2026 മാർച്ച് 19 ന് തിയേറ്ററുകളിലെത്തും കൂടുതൽ വിശേഷങ്ങൾ പിന്നീട് അറിയുക്കുന്നതായിരിക്കും. സിനിമയുടെ നിർമ്മാതാവും ഫ്രൈഡേ ഫിലിംസ് സ്ഥാപകനുമായ വിജയ് ബാബു ദേശാഭിമാനിയോട് പറഞ്ഞു.











0 comments