Deshabhimani

വയനാടിന്റെ ‘പാൻ ഇന്ത്യൻ സ്റ്റാർ'

vishnu g warrier
avatar
ആദർശ് ജോസഫ്

Published on Mar 23, 2025, 11:12 PM | 2 min read

മുംബൈ മഹാനഗരത്തിലെ സിനിമാ നിർമാണ കമ്പനികളിൽ അവസരം തേടി കയറിയിറങ്ങിയ മലയാളി യുവാവ്‌. നിരന്തരം ഒരവസരത്തിനായി ശ്രമിച്ചിട്ടും സിനിമയുടെ വാതിൽ അവനുവേണ്ടി തുറന്നില്ല. തളരാതെ ശ്രമം തുടർന്നു. ഒരിക്കൽ, അവനൊരു വിളിവന്നു.


ഒടുവിൽ അജയ്‌ദേവഗൺ നായകനാകുന്ന ബോളിവുഡ്‌ ചിത്രം ‘മൈതാനി'ലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക്‌. ഇപ്പോൾ, ടോവിനോ തോമസ്‌ നായകനായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ മുതൽ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ വരെയെത്തി നിൽക്കുന്നു വയനാടിന്റെ ‘പാൻ ഇന്ത്യൻ സ്റ്റാർ' ആയ മാനന്തവാടി തൃശിലേരി സ്വദേശി വിഷ്‌ണു ജി വാര്യർ എന്ന ചെറുപ്പക്കാരന്റെ വിശേഷങ്ങൾ. വിഷ്ണു ആദർശ് ജോസഫിനോട് സംസാരിക്കുന്നു.


മുത്തശ്ശി കുടുംബത്തിലെ ആദ്യതാരം


മുത്തശ്ശി ലക്ഷ്‌മി വാരസ്യാരാണ്‌ കുടുംബത്തിലെ ആദ്യ സിനിമാതാരം. ഒരു മാഗസിന്റെ പരസ്യത്തിലാണ്‌ മുത്തശ്ശി ആദ്യം മുഖം കാണിക്കുന്നത്‌. ജിസ്‌ ജോയ്‌ ആയിരുന്നു സംവിധായകൻ. തുടർന്ന്‌ ജിസ്‌ ജോയ്‌ ‘സൺഡേ ഹോളിഡേ’യിൽ അവസരം നൽകി. ആസിഫലിയും അപർണ ബാലമുരളിയും അഭിനയിച്ച ചിത്രത്തിൽ അമ്മൂമ്മയായി തകർത്തു.


മുംബൈ നഗരവും ഡ്രാമ സ്‌കൂളും


ഇക്കാലത്ത്‌ ബാംഗളൂരുവിലെ ജോലി അവസാനിപ്പിച്ച്‌ വീട്ടിലെത്തിയ ഞാൻ സിനിമ സ്വപ്‌നം കണ്ടുതുടങ്ങിയിരുന്നു. മുത്തശ്ശിയുടെ സിനിമ പ്രവേശനം ആത്മവിശ്വാസമായി. മുംബൈയിലേക്ക്‌ വണ്ടി കയറി. ഡ്രാമ സ്‌കൂളിൽ ഒരു വർഷത്തെ കോഴ്‌സ്‌. അഭിനയം, സംവിധാനം മുതൽ നാടകത്തിന്റെ മേഖലകളിലെല്ലാം പ്രവർത്തിച്ചു. സ്വയം തിരിച്ചറിയാനും എങ്ങനെ അഭിനയിക്കണമെന്നും പഠിച്ചു. പഠനം കഴിഞ്ഞും നാടകപ്രവർത്തനമായി മുംബൈയിൽ തുടർന്നു.


vishnu g warrier


"മൈതാനി'ലെ ഡിഫൻഡർ


നാടകം ഇല്ലാത്ത ദിവസങ്ങളിൽ ഓഡിഷന്‌ പോകുമായിരുന്നു. അങ്ങനെയിരിക്കെയാണ്‌ "മൈതാനി'ലേക്ക്‌ വിളിയെത്തുന്നത്‌. ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ സമനിലയിൽ തളച്ച ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെയും കോച്ച്‌ സെയ്‌ദ്‌ അബ്‌ദുൾ റഹിമിന്റെയും കഥയാണ്‌ "മൈതാൻ'. ടീമിലെ ഡിഫൻഡറായ മലയാളി ചന്ദ്രശേഖരന്റെ വേഷമായിരുന്നു. ആസ്വദിച്ച്‌ ചെയ്‌ത സിനിമ.


കലോത്സവനഗരിയിൽനിന്ന്‌ "അന്വേഷിപ്പിൻ കണ്ടെത്തും'


കോഴിക്കോട്‌ സ്‌കൂൾ കലോത്സവനഗരിയിൽ കാസ്‌റ്റിങ്‌ ഡയറക്‌ടർ മിലിന്ദിനെ പരിചയപ്പെട്ടതാണ്‌ അന്വേഷിപ്പിൻ കണ്ടെത്തും സിനിമയിലേക്ക്‌ എത്താനിടയാക്കിയത്‌. മത്സരാർഥികളിൽനിന്ന്‌ സിനിമയിലെ കഥാപാത്രത്തിന്‌ ചേരുന്ന കുട്ടികളെ കണ്ടെത്താനെത്തിയതായിരുന്നു മിലിന്ദ്‌. സിനിമയിൽ ആ കഥാപാത്രത്തിന്‌ ആദ്യം ഇത്ര പ്രായമുണ്ടായിരുന്നില്ല. പിന്നീട്‌, സ്‌ക്രിപ്‌റ്റ്‌ മാറിയപ്പോൾ മിലിന്ദ്‌ ഓഡിഷന്‌ വിളിച്ചു. സിനിമയുടെ ഭാഗമായി.


അപ്രതീക്ഷിതമായെത്തിയ അവസരം


"അന്വേഷിപ്പിൻ കണ്ടെത്തും' സിനിമയുടെ ഭാഗമായിരുന്ന ദീലിപ്‌ നാഥ്‌ ഓഫീസർ ഓൺ ഡ്യൂട്ടിയിലുമുണ്ടായിരുന്നു. ഞാൻ ചെയ്‌ത കഥാപാത്രത്തിന്‌ തിരുമാനിച്ചിരുന്ന നടന്‌ എത്താനാകാതിരുന്നപ്പോൾ ദീലിപ്‌ എന്നെ സജസ്റ്റ്‌ ചെയ്‌തു. സിനിമ വലിയ വിജയമായി. എല്ലാവരും നല്ല അഭിപ്രായം പറയുന്നു. ഒരുപാട്‌ സന്തോഷം.



deshabhimani section

Related News

View More
0 comments
Sort by

Home