പൂക്കി റിയ, സർവം ഡെലൂലു

റിയ ഷിബു
കെ എ നിധിൻ നാഥ് [email protected]
Published on Jan 04, 2026, 12:00 AM | 3 min read
‘ഡെലൂലു’വാണ് സമൂഹമാധ്യമങ്ങളിലും സിനിമാചർച്ചകളിലുമെല്ലാം. ‘സർവം മായ’ പ്രദർശനത്തിനെത്തുമ്പോൾ നിവിൻ പോളിയുടെ തിരിച്ചുവരവ് എന്നാണ് ആഘോഷിക്കപ്പെട്ടത്. എന്നാൽ, ആദ്യഷോ കഴിഞ്ഞതോടെ സർവം ഡെലൂലുവായി. പ്രേക്ഷകരെയെല്ലാം സന്തോഷിപ്പിച്ച അഖിൽ സത്യൻ ചിത്രം ‘സർവം മായ’ മലയാളസിനിമയ്‌ക്ക് സമ്മാനിച്ചത് ഒരു ‘പൂക്കി’യെയാണ്. റിലീസ് വരെ സസ്‌പെൻസായി സൂക്ഷിച്ചിരുന്ന കഥാപാത്രം ജെൻ സീ ഭാഷയിൽ സംസാരിക്കുന്ന സർവം മായയായ ഒരു കഥാപാത്രം– ഡെലൂലു. ഇൗ സമയം മലയാളസിനിമ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് റിയ ഷിബു എന്ന അഭിനേതാവിനെക്കുറിച്ചാണ്. ഇൻസ്റ്റാ റീലിൽനിന്ന് അഖിൽ സത്യൻ കണ്ടെത്തിയ അഭിനേതാവ്. ആദ്യം നിർമാതാവായി. ഇപ്പോൾ മലയാള സിനിമയുടെ ട്രെന്റായി മാറിയ യാത്രയെക്കുറിച്ച് റിയ ഷിബു സംസാരിക്കുന്നു.
ഞാൻ കഥാപാത്രം
വളരെ ആസ്വദിച്ച് ചെയ്‌ത വേഷമാണ് ഡെലൂലു. കഥാപാത്രവും ഞാനും തമ്മിൽ വ്യത്യാസമില്ല. സ്വഭാവം, മാനറിസങ്ങൾ എല്ലാം എന്റെപോലെയാണ്. ഞാൻ ചെയ്‌താൽ ശരിയാകുമോയെന്ന് കുറെ ആലോചിച്ചു. പക്ഷേ, എനിക്കുമാത്രമായിരുന്നു ആശങ്ക. സെറ്റിലുള്ള ബാക്കിയുള്ളവരോട് സംസാരിക്കുമ്പോൾ അവർക്ക് എല്ലാം ഒകെയായിരുന്നു. അഭിനയിക്കുമ്പോൾ ഇത് ഹിറ്റാണ്, അവിടെ കൈയടിയുണ്ടാകും എന്നെല്ലാം പറയുമായിരുന്നു. അത് നല്ല ആത്മവിശ്വാസമാണ് തന്നത്. സംവിധായകൻ അഖിൽ സത്യനും സത്യൻ അന്തിക്കാടും തന്ന പിന്തുണ വലുതാണ്. ദിവസവും ഞാൻ ഓകെ ആണോ എന്ന് ചോദിക്കും. അങ്ങനെ ഒരു രീതിയിലാണ് അവർ എന്നെ പരിഗണിച്ചിരുന്നത്. അത് കാര്യങ്ങൾ എളുപ്പമാക്കി.
റിയ ഷിബു
മനോഹരനിമിഷം
കവിത തിയറ്ററിൽ സിനിമ കഴിഞ്ഞ് ക്രെഡിറ്റ്‌സ് കാണിക്കുമ്പോൾ ഭയങ്കര കൈയടിയായിരുന്നു. ഞാൻ എഴുന്നേറ്റുനിന്നപ്പോഴും ആളുകൾ കൈയടിച്ചു. അത് നൽകിയ സന്തോഷം വലുതായിരുന്നു. ആളുകൾ എന്റെ അടുത്തേക്ക് വന്നപ്പോൾ ഞാൻ ശരിക്കുമുള്ളതാണെന്ന് പറയേണ്ടി വന്നു. അവർ എന്നെ കഥാപാത്രമായാണ് കണ്ടത്. ഡെലൂലു ആളുകളുടെ ഹൃദയത്തിൽ തട്ടിയെന്ന് കാണുമ്പോൾ വല്ലാത്ത അനുഭവമായിരുന്നു.
വീട്ടിലെ ഒരാളായി
റിലീസിനുമുന്പ് സിനിമ ക്യൂബിൽ അപ്‌ലോഡ് ചെയ്യുമ്പോൾ കണ്ട പലരും വിളിച്ചിരുന്നു. നന്നായിട്ടുണ്ടെന്നു പറഞ്ഞു. പ്രേക്ഷകർ അംഗീകരിച്ചപ്പോൾ വലിയ സന്തോഷമായി. പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പലരും അവരുടെ വീട്ടിലെയോ അടുത്ത വീട്ടിലേയൊ കൊച്ചിനെപ്പോലെയാണ് പരിഗണിക്കുന്നത്. പുതിയ ഒരാൾക്ക് കിട്ടുന്ന ഇൗ അംഗീകാരം അനുഗ്രഹമാണ്. തിയറ്ററുകളിൽനിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ എന്നെ നല്ലവണം ഇമോഷണലാക്കുന്നുണ്ട്. ഇൗ പ്രതികരണങ്ങളെല്ലാം എന്നും ഹൃദയത്തിൽ സൂക്ഷിക്കും.
റിയ ഷിബു
എനിക്കായി മാറ്റിയ തിരക്കഥ
ഞാൻ സിനിമയുടെ ഭാഗമായശേഷമാണ് എന്റെ രീതിയിലേക്ക് തിരക്കഥ മാറ്റിയത്. എനിക്ക് മനസ്സിലാകുന്ന രീതിയിലേക്ക് മാറ്റുകയാണ് ചെയ്‌തത്. കുട്ടിത്തവും എന്റെ മാനറിസങ്ങളും ചേർത്തു. എന്റെ ഒരു ഇൻസ്റ്റാ റീൽ കണ്ടാണ് അഖിൽ ചേട്ടൻ വിളിക്കുന്നത്. സംസാരിക്കുന്ന രീതി കൊള്ളാമെന്ന് പറഞ്ഞു. പപ്പയെ വിളിച്ചിട്ട് അഭിനയിക്കുന്നതിനെപ്പറ്റി പറഞ്ഞു. എന്റെ കുട്ടിത്തവും തമാശ മൂഡും കറക്ടാകുമെന്ന് അഖിൽ ചേട്ടൻ പറഞ്ഞു. ഓഡിഷൻ ചെയ്‌തു. തിരക്കഥ വായിച്ചപ്പോൾ ഇഷ്ടമായി. പക്ഷേ, അപ്പോൾ തിരക്കഥയിൽ തമാശയുണ്ടായിരുന്നില്ല. സിനിമയുടെ ഐഡിയ ഇഷ്ടമായി.
അന്തിക്കാടിന്റെ ഓകെ
തിരക്കഥ കേട്ടശേഷം ഞങ്ങൾ ഭക്ഷണം കഴിക്കുകയായിരുന്നു. അതിനിടയിൽ സിനിമയല്ലാതെ മറ്റു കാര്യങ്ങൾ കുറെ സംസാരിച്ചു. എന്റെ കുറച്ച് ഫോട്ടോകൾ എടുത്തു. ആ ഫോട്ടോകൾ കണ്ടപ്പോൾ സത്യൻ സാറ് (സത്യൻ അന്തിക്കാട്) റിയ ഓകെയാണെന്നു പറഞ്ഞു. റിയയാണ് നമ്മുടെ ഡെലൂലു എന്നു പറഞ്ഞു. ഒരുപാടുപേരെ സിനിമയിൽ അവതരിപ്പിച്ച ആൾ അങ്ങനെ പറഞ്ഞത് വലിയ കരുത്തായി.
സംവിധായകന്റെ ക്രിയേറ്റിവിറ്റി
ഡെലൂലു എന്ന കഥാപാത്രം പൂർണമായും അഖിൽ ചേട്ടന്റെ ക്രിയേറ്റിവിറ്റിയാണ്. എന്റെ ഇൻസ്റ്റഗ്രാം റീലുകളെല്ലാം കണ്ടാണ് കഥാപാത്രത്തിന്റെ മാനറിസങ്ങളും സംഭാഷണവുമെല്ലാം എഴുതിയത്. സിനിമയിൽ പറയുന്ന ‘സിമ്പിൾ, എക്‌സാറ്റ്‌ലി’ ഒക്കെ തിരക്കഥയിൽ എഴുതിയിരുന്നതാണ്.
റിയ ഷിബു
പൂക്കി എന്റെ സംഭാവന
നിവിൻ ചേട്ടനുമായി നല്ല പരിചയമായശേഷം സംസാരിക്കുമ്പോൾ സ്വാഭാവികമായി കടന്നുവരുന്ന സംഭാഷണങ്ങളും സിനിമയിൽ ഉപയോഗിച്ചു. ‘പൂക്കി പ്രഭ’ ഡയലോഗ് ഞാൻ പറഞ്ഞതാണ്. കൂട്ടുകാരുമായി സംസാരിക്കുമ്പോൾ ഞാൻ ഉപയോഗിക്കാറുള്ളതാണ് ‘പൂക്കി’. ലൈക്ക് ഇറ്റ് അതുപോലെ ഞാൻ പറഞ്ഞതാണ്.
നല്ല തണുത്ത കാറ്റുണ്ടല്ലേ
വടക്കൻ സെൽഫി നല്ല ഇഷ്ടമുള്ള സിനിമയാണ്. ‘നല്ല തണുത്ത കാറ്റുണ്ടല്ലേ’ എന്നത് ഞാൻ പെട്ടെന്ന് പറഞ്ഞതാണ്. അതു കേട്ടപ്പോൾ നിവിൻ ചേട്ടൻ ചിരിച്ചു. അങ്ങനെ സിനിമയിൽ ഉപയോഗിച്ചു. എഡിറ്റിങ് സമയത്തും അഖിൽ രസമുണ്ടെന്ന് പറഞ്ഞിരുന്നു. പിന്നീട് നിവിനോട് അത് വർക്കായില്ലെങ്കിൽ ഞാൻ എയറിൽ പോകുമോ എന്ന് ചോദിച്ചു. അപ്പോൾ ‘ആ പോകും’ എന്നായിരുന്നു മറുപടി. പിന്നീട് ആലോചിച്ചപ്പോഴാണ് അങ്ങനെ ഉണ്ടാകുമല്ലേ എന്ന് ചിന്തിച്ചത്. പക്ഷേ, അത് ചെയ്യുമ്പോൾ അങ്ങനെ ഒരു ചിന്തയുമുണ്ടായിരുന്നില്ല.
റിയ ഷിബു റിയ ഷിബു
നിർമാതാവായത് ഗുണം
നിർമാതാവാണ് എന്നത് ‘സർവം മായ’ ചെയ്യുമ്പോഴും ഗുണം ചെയ്‌തിട്ടുണ്ട്. മനയുടെ സെറ്റ് 50 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമിച്ചതാണ്. 30 ദിവസമാണ് അവിടെ ചിത്രീകരിക്കാൻ സമയമുണ്ടായിരുന്നത്. അത് കഴിഞ്ഞാൽ ആ സ്ഥലത്ത് വേറെ ഷൂട്ടുണ്ട്. അവസാന മൂന്നുദിവസമാണ് എന്റെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ചിരുന്നത്. അതിന്റെ ഒരു സമ്മർദം അവിടെയുണ്ട്. എന്നാൽ, അവരത് എന്നോട് പറഞ്ഞിരുന്നില്ല. പക്ഷേ, ആ സമ്മർദം പറയാതെതന്നെ മനസ്സിലാക്കാനായി.
വെല്ലുവിളികൾ
അഭിനയിക്കുമ്പോഴും സിനിമ നിർമിക്കുമ്പോഴും നമ്മൾ പെർഫെക്ടാറയിരിക്കണം. സിനിമ ചെയ്യുമ്പോൾ സമയം പ്രധാനമാണ്. നഷ്ടമാക്കരുത്. നമ്മുടെ മുഴുവൻ ഉൗർജവും ചെലവിടണം. അതേസമയം, ആസ്വദിച്ച് ചെയ്യാനും കഴിയണം. നിർമാതാകുമ്പോൾ വളരെ ആലോചിച്ചാണ് ഓരോ കാര്യവും ചെയ്യേണ്ടത്. സിനിമ ഹിറ്റാകുന്നതിനെക്കുറിച്ച് ഒരിക്കലും പറയാനാകില്ല. അതിൽ എപ്പോഴും റിസ്‌ക് ഫാക്ടറുണ്ട്. ബിസിനസ്, ഒടിടി സാധ്യതകൾ ഒക്കെ നോക്കണം. പൈസ ഉൾപ്പെടുന്നതിനാൽ വളരെ ശ്രദ്ധയും ആവശ്യമാണ്. ബിസിനസും ഇഷ്ടമുള്ള മേഖലയായതിനാൽ അഭിനയംപോലെ ഇഷ്ടപ്പെട്ടാണ് നിർമാണവും ചെയ്യുന്നത്.
സിനിമയാണ് താൽപ്പര്യം
ചെന്നൈ ലയോള കോളേജിൽനിന്ന് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദമെടുത്തു. പഠനം കഴിഞ്ഞാൽ ഉടൻ ജോലിയെന്ന് പറയുന്നപോലെയാണ് സിനിമയിൽ എത്തിയത്. ഏപ്രിലിൽ കോഴ്‌സ് കഴിഞ്ഞു. ജൂണിൽ സിനിമ തുടങ്ങി. സിനിമയിൽ അഭിനയിക്കാനാണ് താൽപ്പര്യം. നല്ല അവസരങ്ങൾ കിട്ടിയാൽ സിനിമയിൽത്തന്നെ തുടരാനാണ് ആഗ്രഹം. ‘അതിരടി’യാ ണ് വരാനിരിക്കുന്ന ചിത്രം. ‘സർവം മായ’പോ ലെ യുള്ള അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്.











0 comments