ഹ്രസ്വചിത്രങ്ങളുടെ ബഡാ ദോസ്‌ത്


ശ്രീരാജ് ഓണക്കൂർ [email protected]
Published on Feb 14, 2026, 10:07 PM | 2 min read
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ അവസരം. തന്റെ സിനിമാസ്വപ്‌നങ്ങൾക്ക് ചിറകുമുളച്ചെന്ന് രാജേഷ് പുത്തൻപുരയിൽ കരുതി. എന്നാൽ, ജീവിതസാഹചര്യങ്ങൾ അനുകൂലമായില്ല. സ്വപ്‌നം സ്വപ്‌നമായിത്തന്നെ അവശേഷിച്ചു. വർഷങ്ങൾക്കിപ്പുറം, ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിച്ച സ്വകാര്യ ഹ്രസ്വ ചലച്ചിത്രോത്സവങ്ങളിൽ ഒന്നിന്റെ അമരക്കാരനായിരിക്കുകയാണ് രാജേഷ്. നല്ല സിനിമകളോടുള്ള സ്നേഹം കൈമുതലാക്കി സംഘടിപ്പിച്ച പ്രഥമ എൽകെ ഹ്രസ്വചലച്ചിത്രമേള ഇതിനകം വാർത്തകളിൽ ഇടംപിടിച്ചു. സിനിമ എന്ന മാധ്യമത്തോടുള്ള വൈകാരികമായ അടുപ്പമാണ് ഓസ്‌കാറിനെപ്പോലെ അന്താരാഷ്ട്രനിലവാരമുള്ള ചലച്ചിത്രോത്സവം ഒരുക്കുകയെന്ന സ്വപ്‌ന സാക്ഷാൽക്കാരത്തിലേക്ക് നയിച്ചത്. മികച്ച അന്താരാഷ്ട്ര സിനിമകൾ നിർമിക്കാനുള്ള സാംസ്‌കാരികപരിസരം രൂപപ്പെടുത്തിയെടുക്കുക എന്ന ദൗത്യമാണ് താൻ നിർവഹിക്കുന്നതെന്ന് ഫെസ്റ്റിവൽ ഡയറക്ടർ രാജേഷ് പുത്തൻപുരയിൽ പറയുന്നു. സർക്കാർ മേഖലകളിലും ഫിലിം സൊസൈറ്റികളെപ്പോലുള്ള സ്വകാര്യ കൂട്ടായ്മകൾ ചെറിയ ഇടങ്ങളിലും നടത്തുന്ന ചലച്ചിത്രോത്സവങ്ങളല്ലാതെ മറ്റൊന്നും ഈ രംഗത്തില്ല. അതിന് ഒരു മറുപടിയാണ് ദേശീയ–അന്തർദേശീയ തലത്തിലേക്ക് വളരുന്ന എൽകെ ഫിലിം ഫെസ്റ്റിവൽ. പാൻ ഇന്ത്യൻ ലെവലിൽ ഒരു സ്വതന്ത്ര ഹ്രസ്വചലച്ചിത്രോത്സവം നിലവിൽ ഇന്ത്യയിൽ ഇല്ല. നാലുവർഷത്തിനകം ഇന്ത്യയിലെ നമ്പർ വൺ സ്വകാര്യ ഹ്രസ്വചലച്ചിത്രോത്സവങ്ങളിലൊന്നാക്കി ഇതിനെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിനിമയെ വെല്ലുന്ന ഹ്രസ്വചിത്രങ്ങൾ
420 എൻട്രികൾ. അന്തിമപട്ടികയിൽ സിനിമയെ വെല്ലുന്ന 20 ഹ്രസ്വചലച്ചിത്രങ്ങൾ. ഓസ്‌കാർ പുരസ്‌കാരവേദിയെ ഓർമിപ്പിക്കുന്ന സ്‌റ്റേജ്. കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിൽ 2025 ഏപ്രിൽ 26ന് നടന്ന പ്രഥമ എൽകെ ഹ്രസ്വചലച്ചിത്രമേള വ്യത്യസ്‌തമായത് ഇത്തരത്തിലാണ്. എൽകെ പ്രൊഡക്‌ഷൻസ് സംഘടിപ്പിച്ച ഈ ചലച്ചിത്രമേള സിനിമ സ്വപ്‌നം കാണുന്നവർക്ക് മുന്നോട്ടുള്ള വഴികാട്ടിയായി മാറി. ദേശീയ–അന്തർദേശീയ സിനിമകളെ അടുത്തറിയാനും പഠിക്കാനുമുള്ള അവസരമൊരുക്കി സംഘടിപ്പിച്ച മേള സ്വതന്ത്ര ചലച്ചിത്രമേളകളിൽ പുതിയ ചരിത്രം സൃഷ്‌ടിച്ചു. അന്തർദേശീയ നിലവാരമുള്ള ചലച്ചിത്രപ്രവർത്തകരെ അടുത്തറിയാൻ പുതുതലമുറയ്‌ക്ക് മേള വേദിയൊരുക്കി. സംവിധായകൻ കമലായിരുന്നു ജൂറി ചെയർമാൻ.
ഫെസ്റ്റിവൽ ഡയറക്ടർ രാജേഷ് പുത്തൻപുരയിലും മണിപ്പുർ ചലച്ചിത്ര സംവിധായകൻ ഹൗബം പവൻ കുമാറും
സംവിധായകരായ വിധു വിൻസെന്റ്, സുന്ദർദാസ്, എ കെ സാജൻ, ബൈജുരാജ് ചേകവർ, ഫിപ്രസി ഇന്ത്യ പ്രസിഡന്റ് വി കെ ജോസഫ് എന്നിവർ ഉൾപ്പെട്ട ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. മണിപ്പുർ സംവിധായകൻ ഹൗബം പവൻകുമാർ മേള ഉദ്‌ഘാടനം ചെയ്‌തു. അദ്ദേഹത്തെയും സംവിധായകരായ ടി വി ചന്ദ്രൻ, സിബി മലയിൽ, കമൽ, സിനിമാ നിരൂപകൻ വി കെ ജോസഫ് എന്നിവരെയും മേളയിൽ ആദരിച്ചു. ഡോ. ബിജു, നടി അഞ്‌ജലി നായർ എന്നിവരുടെ സാന്നിധ്യവും മേളയുടെ മാറ്റുകൂട്ടി. 1500ലധികംപേർ മേളയിൽ പങ്കെടുത്തു. ചിത്രങ്ങളുടെ പ്രദർശനത്തിനുശേഷം സംഘടിപ്പിച്ച ഓപ്പൺ ഫോറവും ഏറെ ശ്രദ്ധേയമായി. ‘പെയ്‌ത്ത്’ ആണ് മികച്ച ഹ്രസ്വചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.
അന്തിമപട്ടികയിലെത്തിയ 40 ചലച്ചിത്രങ്ങളുടെ അണിയറപ്രവർത്തകർക്ക് സർട്ടിഫിക്കറ്റും അവാർഡും നൽകി. ചലച്ചിത്രപ്രതിഭകളെ മേളയിൽ ആദരിക്കുകയും ചെയ്‌തു. സിനിമ ചെയ്യുന്ന സൂക്ഷ്‌മതയോടെ ചെയ്‌ത ചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചതെന്ന് സംവിധായകൻ കമൽ പറഞ്ഞു. ഡൽഹി ആസ്ഥാനമായ എൽകെ ഫൗണ്ടേഷന്റെ കീഴിലുള്ള എൽകെ ഫിലിം ഫെസ്റ്റിവൽ ഡിവിഷനാണ് ഹ്രസ്വചിത്രമത്സരം സംഘടിപ്പിച്ചത്. ഈ ഡിവിഷൻ ഭാവിയിൽ പതിനാറോളം വിവിധതരം ചലച്ചിത്രോത്സവങ്ങൾ നടത്താൻ പദ്ധതിയിടുന്നുണ്ട്.
അടുത്ത പതിപ്പ് 2026ൽ
ചലച്ചിത്രമേളയുടെ അടുത്ത പതിപ്പ് 2026 ഏപ്രിലിൽ നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് രാജേഷ് പുത്തൻപുരയിൽ പറഞ്ഞു. 3000ത്തോളം ആളുകളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നുമുള്ള എൻട്രികളുണ്ടാകും. 2027ലെ മൂന്നാം എഡിഷനിൽ അന്തർദേശീയ ഹ്രസ്വചലച്ചിത്രോത്സവം ആയിരിക്കുമെന്ന് രാജേഷ് പറഞ്ഞു.











0 comments