ഇപ്പോഴുള്ളത് ഏറെ ആഗ്രഹിച്ച ഇടത്ത്

രാജേഷ് മാധവൻ

ആര്യാ കൃഷ്ണൻ വി
Published on Mar 08, 2026, 09:43 AM | 2 min read
പേരിലും പ്രകടനത്തിലുമെല്ലാം പുതുമ നിറച്ച് പെണ്ണും പൊറാട്ടും എന്ന ചിത്രം പ്രേക്ഷകശ്രദ്ധ നേടി മുന്നേറിയപ്പോൾ ആദ്യ സംവിധാനസംരംഭം വിജയമായതിന്റെ സന്തോഷത്തിലാണ് നടൻ രാജേഷ് മാധവൻ. 10 വർഷമായി സിനിമയുടെ പല മേഖലകളിലും രാജേഷുണ്ട്. സഹസംവിധായകനായും ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിച്ചു. ഏതാണ്ട് 25 സിനിമകളിൽ വേഷമിട്ടു. വളരെ വ്യത്യസ്തമായ പ്രമേയവുമായി ആദ്യസിനിമ പുറത്തിറങ്ങിയതോടെ രാജേഷിന്റെ കരിയർ മറ്റൊരു തലത്തിലേക്കുകൂടി കടന്നിരിക്കുന്നു. പെണ്ണും പൊറാട്ടും ഒരുങ്ങിയ വഴികളെപ്പറ്റിയും 10 വർഷത്തെ സിനിമായാത്രയെപ്പറ്റിയും രാജേഷ് മാധവൻ സംസാരിക്കുന്നു.
സംവിധാനം
ആദ്യസിനിമയ്ക്ക് ഇത്രയധികം സ്വീകരണം എല്ലായിടത്തുനിന്നും ലഭിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. പ്രതീക്ഷിച്ചതിനേക്കാളും മികച്ച അഭിപ്രായങ്ങളാണ് പലയിടത്തുനിന്നും. പിന്നണിയിൽ പ്രവർത്തിക്കണമെന്ന ആഗ്രഹത്തോടെയാണ് സിനിമയിൽ വന്നത്. കരിയറിന്റെ ഭാഗമായി ക്രമേണ അഭിനയത്തിലേക്ക് വന്നു. സംവിധായകനാകാനായി അവസരങ്ങൾ അന്വേഷിക്കുന്നതിനിടയിലാണ് അഭിനയിക്കുന്നതെങ്കിലും സംവിധാനം തന്നെയായിരുന്നു തുടക്കം മുതലുള്ള ആഗ്രഹം.

രണ്ടാംഭാഗമില്ല
പട്ടട സിനിമയ്ക്കുവേണ്ടി ഉണ്ടാക്കിയ സാങ്കൽപ്പിക ഗ്രാമമാണ്. ആ നാടിന് ഞങ്ങൾ ഇട്ട പേരാണ് പട്ടട. പട്ടടയെ പശ്ചാത്തലമാക്കിയുള്ള പുതിയ കഥകളൊന്നും ആലോചിച്ചിട്ടില്ല. ആ പേര് ചിലപ്പോൾ ഇനിയും ഉപയോഗിച്ചേക്കാം. പക്ഷേ, പട്ടടയിൽനിന്ന് ഇനി കഥകളുണ്ടാകില്ല. പെണ്ണും പൊറാട്ടുമിന് രണ്ടാംഭാഗമുണ്ടാകില്ല. അത് ഒറ്റയ്ക്കുതന്നെ നിൽക്കേണ്ട സിനിമയാണ്.
സൂപ്പർ ഹീറോ
സുട്ടുവിനെ ചെറുപ്പത്തിൽത്തന്നെ വാങ്ങിയതാണ്. പിന്നീട് ട്രെയിനർ ഉണ്ണിയാണ് പരിശീലിപ്പിച്ചത്. നാലുമാസം പ്രായമുള്ളപ്പോൾ മുതൽ സിനിമയ്ക്കുവേണ്ടിയുള്ള ചെറിയ കാര്യങ്ങൾ പരിശീലിപ്പിച്ചുതുടങ്ങിയിരുന്നു. വളരെ ആവശ്യമുള്ള കാര്യങ്ങൾ മാത്രമാണ് പഠിപ്പിച്ചത്. സുട്ടുവിന്റെ റിയാക്‌ഷനെല്ലാം പുതുമ നിറഞ്ഞതായിരിക്കാൻവേണ്ടി അധികം കാര്യങ്ങൾ അവനെ പഠിപ്പിച്ചിട്ടില്ല.
സുട്ടുവും ടൊവിനോയും
ടൊവിനോ എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ്. ടൊവിനോയുടേത് ആളുകൾക്ക് കൂടുതൽ കണക്ടാകുന്ന ശബ്ദമായിരിക്കുമെന്ന് തോന്നി. ടൊവിനോ സുട്ടുവിന്റെ ശബ്ദം ചെയ്താൽ നന്നായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഇങ്ങനെയൊരാവശ്യം പറഞ്ഞ് സിനിമയുടെ കുറച്ചുകാണിച്ചതോടെ ടൊവിനോയും ഏറെ താൽപ്പര്യം കാണിച്ചു. അങ്ങനെയാണ് സുട്ടുവിന്റെ ശബ്ദമായി ടൊവിനോ എത്തിയത്.

പട്ടട എന്ന യൂണിവേഴ്സ്
പട്ടട എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത് എന്നതുകൊണ്ടുതന്നെ പട്ടടയിലെ മനുഷ്യർ പുതുമുഖങ്ങളാകണം എന്നുണ്ടായിരുന്നു. ഇതുവരെ കണ്ട ഏതെങ്കിലും കാഴ്ച പട്ടടയിലെ മനുഷ്യൻമാരെ കാണുമ്പോൾ പ്രേക്ഷകരെ സ്വാധീനിക്കരുത് എന്നുള്ള ആഗ്രഹത്തിന്റെ പുറത്താണ് ഭൂരിഭാഗം കഥാപാത്രങ്ങളിലേക്കും പുതുമുഖങ്ങളെ തെരഞ്ഞെടുത്തത്. എട്ടുമാസത്തോളം ഓഡിഷൻ നടത്തി. പിന്നീട് വർക്‌ഷോപ്പുകൾക്കും ശേഷമാണ് ഷൂട്ടിങ് ആരംഭിച്ചത്. സിനിമയ്ക്ക് ഒരു ഫ്രഷ് ഫീൽ കിട്ടാൻ കാരണം ഈ പുതുമുഖങ്ങൾ തന്നെയാണ്. ആർക്കും ആസ്വദിക്കാൻ പറ്റുന്ന ഒരു ഹാസ്യ സിനിമയാണ് ഒറ്റ കാഴ്ചയിൽ പെണ്ണും പൊറാട്ടും.
മുന്നൊരുക്കങ്ങളില്ല
സംവിധായകന്റെ നടനാണ് ഞാൻ. മുന്നൊരുക്കങ്ങൾ നടത്തി സിനിമയിൽ അഭിനയിക്കുന്ന ആളല്ല. സംവിധായകൻ പറയുന്നതാണ് പ്രധാനം. അത് നമ്മളിലേക്ക് എത്തുമ്പോൾ സ്വാഭാവികമായി എന്തെങ്കിലും പുതിയ കാര്യങ്ങൾ ഉണ്ടാകുന്നെങ്കിലേയുള്ളൂ. ആഗ്രഹിച്ച ഇടത്തേക്ക് എത്തി എന്ന തോന്നലാണ് ഇപ്പോൾ. ഇനി ഈ ആഗ്രഹങ്ങളുടെ തുടർച്ചയാണ് മറ്റ് യാത്രകളെല്ലാം. അഭിനയിച്ച കുറച്ചു സിനിമകൾ വരാനുണ്ട്. സംവിധാനത്തിന്റെ ആഗ്രഹങ്ങളുമുണ്ട്. എല്ലാം ഉടൻ തന്നെ പ്രേക്ഷകർ അറിയും.











0 comments