അരങ്ങിലെ നടൻ

സന്തോഷ്. ഫോട്ടോ: നിലിയ വേണുഗോപാൽ

ആൻസ് ട്രീസ ജോസഫ്
Published on May 03, 2026, 12:01 AM | 2 min read
കാലം കാത്തുവച്ചൊരു കഥയാണ് സന്തോഷിന് സിനിമ. സ്കൂളിലെ സ്റ്റേജിൽ കയറി മോണോആക്ട് അവതരിപ്പിച്ച കുട്ടിയിൽനിന്ന് സിനിമാനടനിലേക്കുള്ള വളർച്ച അത്തരമൊന്നായിരുന്നു. നാടകവണ്ടിയിലെ വേദികളിൽനിന്ന് വേദികളിലേക്കുള്ള മനോഹരയാത്രകൾക്കിടയിൽ മനസ്സിൽ പതിഞ്ഞ സിനിമാപോസ്റ്ററുകളെയും സിനിമാകൊട്ടകയിലെ വലിയ സ്ക്രീനിൽ നിറഞ്ഞ താരങ്ങളെയും സ്നേഹിച്ച ഒരാൾ. നാടക റിഹേഴ്സലും ജോലിയും സംഘടനാ പ്രവർത്തനവുമെല്ലാം നിറഞ്ഞ തിരക്കിലും ഓഡിഷനുകൾ മുടക്കാതെ നേടിയെടുത്തൊരു സ്വപ്‌നമാണ് സിനിമയിലെ ചെറു റോളുകൾ. പകർന്നാടിയ പല വേഷങ്ങൾക്കുള്ള അംഗീകാരമാണ് സന്തോഷിന് പള്ളിച്ചട്ടമ്പിയിലെ മാറ്റംകടവിൽ ഔത.
നാടകമാണ് തട്ടകം
നാടകമാണ് പ്രധാന മേഖല. സ്കൂളിൽ പഠിച്ചിരുന്ന സമയത്താണ് നാടകത്തോടും അഭിനയത്തോടുമുള്ള ഇഷ്ടം തുടങ്ങുന്നത്. ഏഴാംക്ലാസിൽവച്ച് സ്കൂളിലെ നാടകത്തിൽ അഭിനയിച്ചു. പിന്നീട് ആറ്റിങ്ങൽ കോളേജിൽ പഠിക്കുമ്പോഴാണ് വീണ്ടും നാടകത്തിലേക്ക് എത്തുന്നത്. എസ്എഫ്ഐയുടെ സംസ്കാരയിൽ സജീവമായിരുന്ന കാലഘട്ടത്തിൽ, എം എസ് സതീഷിന്റെയും അഹമ്മദ് മുസിലിയാരുടെയും നേതൃത്വത്തിൽ തയ്യാറാക്കിയ നാടകങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. നാടകത്തെ ഗൗരവമായി കണ്ടുതുടങ്ങിയതും കോളേജ് പഠനകാലത്താണ്. തുടർന്ന് നാട്ടിലെ വായനശാലകൾ, ക്ലബ്ബുകൾ എന്നിവയുടെ നാടകങ്ങളിലും ഭാഗമായി.
നാടകകൃത്ത് വയലാ വാസുദേവൻപിള്ള ഡയറക്ടറായി കേരള സർവകലാശാലയ്ക്കുകീഴിൽ ആരംഭിച്ച സെന്റർ ഫോർ പെർഫോമിങ് ആൻഡ് വിഷ്വൽ ആർട്‌സിന്റെ രണ്ടാമത്തെ ബാച്ചിൽ തിയറ്റർ സ്റ്റഡീസ് വിദ്യാർഥി. അവിടെനിന്ന് കൂടെക്കൂട്ടിയ സൗഹൃദങ്ങളാൽ 2008ൽ കനൽ എന്ന സാംസ്കാരികവേദി രൂപീകരിച്ചു. വിവിധ വേദികളിലായി കനൽ 15 നാടകങ്ങൾ അവതരിപ്പിച്ചു. കനലിന്റെ ഇപ്പോഴത്തെ സെക്രട്ടറിയുമാണ്. കൂടാതെ വെഞ്ഞാറമൂട് രംഗപ്രഭാത്, തിരുവനന്തപുരം സൂര്യ, കല, നാട്യഗൃഹ, കലാവേദി തുടങ്ങിയ നാടകഗ്രൂപ്പുകളുടെ നാടകങ്ങളിൽ അഭിനയിച്ചു. ഓൾ ഇന്ത്യ റേഡിയോയിലെ തിയറ്റർ ആർട്ടിസ്റ്റുമാണ്.

സിനിമയിലേക്ക്
നാടകവേദികൾ തന്ന കരുത്തിലാണ് സിനിമകളുടെ ഓഡിഷനുകളിലേക്ക് എത്തുന്നത്. സനൽകുമാർ ശശിധരന്റെ "ഒരു ഉന്മാദിയുടെ മരണ'മാണ് ആദ്യ സിനിമ. പിന്നീട് ഡോ. ബിജുവിന്റെ പോർട്രെയിറ്റിലും അഭിനയിച്ചു. രണ്ടും ഫെസ്റ്റിവൽ പടങ്ങളായിരുന്നു. പിന്നീട് തിരുവനന്തപുരത്തെ നാടകക്കൂട്ടായ്മയുടെ ബലത്തിലാണ് വിനേഷ് വിശ്വനാഥന്റെ "സ്ഥാനാർഥി ശ്രീക്കുട്ടനി’ൽ പ്യൂൺ വിജയൻ എന്ന കഥാപാത്രം കിട്ടിയത്. ചെറുതെങ്കിലും സിനിമയിൽ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു. അടുത്ത ഓഡിഷൻ ഡിജോ ജോസ് ആന്റണിയുടെ "മലയാളി ഫ്രം ഇന്ത്യ'യിലേക്കായിരുന്നു. അതേ ഓഡിഷനാണ് പള്ളിച്ചട്ടമ്പിയിലെ മാറ്റംകടവിൽ ഔത എന്ന കഥാപാത്രത്തിലേക്ക് എത്തിച്ചത്. അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത് ബേസിൽ നായകനായ ‘അതിരടി’യാണ് അടുത്ത ചിത്രം.
നാടകവും സിനിമയും
നാടകത്തിൽ പൂർണമായും നമ്മളാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. റീടേക്കുകൾ ഇല്ല. പാളിച്ചകൾ കാണികൾ അറിയാതെ മെയിന്റൈൻ ചെയ്യണം. ശബ്ദമുയർത്തിയും മുഖത്തെ ഭാവങ്ങൾ എല്ലാവർക്കും വ്യക്തമാകുന്ന വിധത്തിലും അഭിനയിക്കണം. പക്ഷേ, സിനിമയിലേക്ക് എത്തുമ്പോൾ കാമറയ്ക്ക് ആവശ്യമുള്ള അഭിനയം മതി. നാടകത്തിൽനിന്ന് സിനിമയിലേക്ക് എത്തിയപ്പോൾ ഏറ്റവും എളുപ്പമെന്ന് തോന്നിയത് ഡയലോഗ് പഠിക്കുന്നതാണ്. മൂന്നാമത്തെ വായനയിൽത്തന്നെ ഡയലോഗ് മനസ്സിലേക്ക് കയറും. പക്ഷേ, അഭിനയം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ റീൽസിൽ അഭിനയിക്കുന്ന കുട്ടികളിൽനിന്നുപോലും പഠിക്കാനേറെയുണ്ട്. എത്ര അനായാസമായാണ് അവർ അഭിനയിക്കുന്നത്. സിനിമയിലെ ചെറിയ റോളുകളാണെങ്കിൽപ്പോലും ആളുകൾ തിരിച്ചറിയുന്നതിന്റെ സന്തോഷം വേറെതന്നെയാണ്.
കലയെ സ്നേഹിച്ച നാട്
കലാകാരന്മാരുടെ നാടാണ് വെഞ്ഞാറമൂട്. എല്ലാ വീട്ടിലും ഒരു കലാകാരനെങ്കിലും ഉണ്ടാകും. വായനശാലകൾ, സംഘടനകൾ, ഉത്സവങ്ങൾ അങ്ങനെ പലവേദികളിലായി കലാകാരന്മാർ സൃഷ്ടിക്കപ്പെടുകയാണ്. എല്ലാവരെയും നാട് ഏറ്റെടുക്കുന്നുണ്ട്, പ്രോത്സാഹിപ്പിക്കുന്നുണ്ട്. കലയോടുള്ള ഒരാളുടെ സ്നേഹവും അഭിനിവേശവും കണ്ടറിഞ്ഞ് അവർക്ക് അവസരമൊരുക്കുന്ന ഇടങ്ങളാണ് നാടിന്റെ ഓരോ കോണും. ലോകം അറിയുന്ന കലാകാരന്മാരെയും നാടറിയുന്നവരെയും സ്ഫുടംചെയ്തെടുക്കാൻ നാടിന് കഴിഞ്ഞിട്ടുണ്ട്. പേരിനൊപ്പം വെഞ്ഞാറമൂട് എന്ന് ചേർക്കുന്നതുതന്നെ അഭിമാനമാണ്.
കേരള സർവകലാശാലയിലെ അസിസ്റ്റന്റ് രജിസ്ട്രാറായ സന്തോഷ്, കേരള സർവകലാശാല എംപ്ലോയീസ് യൂണിയൻ പ്രസിഡന്റുമാണ്. അമ്മ പ്രഹളാമണിയമ്മയും ഭാര്യ ഗായത്രിയും മക്കളായ ശിവാനിയും ശിവദയും അടങ്ങുന്നതാണ് കുടുംബം. സഹോദരൻ സതീഷ് വെഞ്ഞാറമൂടും നാടകപ്രവർത്തകനാണ്.











0 comments