ലാലേട്ടൻ പറഞ്ഞു, നമ്മൾ ചെയ്യാണ് മോനെ


കെ എ നിധിൻ നാഥ്
Published on Apr 27, 2025, 12:00 AM | 5 min read
മനുഷ്യ മനസ്സിന്റെ വൈകാരികതയിൽ ഊന്നിയുള്ള കഥപറച്ചിലാണ് തരുൺ മൂർത്തിയെന്ന സംവിധായകനെ പ്രേക്ഷകനിലേക്ക് ചേർത്തത്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകൾക്കുശേഷം മോഹൻലാലിനൊപ്പമുള്ള ‘തുടരും’ വെള്ളിയാഴ്‌ച തിയറ്ററിലെത്തി. വലിയ ഇടവേളയ്‌ക്കുശേഷം ശോഭന മോഹൻലാലിന്റെ നായികയായി. താരത്തിന്റെ നിഴലുകളില്ലാത്ത ഷൺമുഖം എന്ന ടാക്‌സി ഡ്രൈവറായി മോഹൻലാൽ എത്തി. കെ ആർ സുനിലിനൊപ്പം തരുണും ചേർന്ന് എഴുതിയ ചിത്രം സാധ്യമായത് ‘നമ്മൾ ചെയ്യാണ് മോനേ’ എന്ന ലാലേട്ടന്റെ വാക്കിൽ നിന്നാണ്. മോഹൻലാൽ എന്ന താരത്തിന്റെ ഭാരമില്ലാതെ നടനെ പ്രയോജനപ്പെടുത്തി സിനിമ ഒരുക്കിയ വഴികളെക്കുറിച്ച് സംവിധായകൻ തരുൺ മൂർത്തി സംസാരിക്കുന്നു.
കുടുംബ ചിത്രം
തുടരും സിനിമ ഒരു കുടുംബ ചിത്ര സ്വഭാവമുള്ളതാണ്. ഒരു സോഷ്യൽ ഡ്രാമയുടെ ഗണത്തിൽപ്പെടുത്താൻ കഴിയുന്ന ചിത്രവുമാണ്. എന്റെ രണ്ട് മുൻ സിനിമകളും വിവിധ ജോണറുകൾ എക്‌സ്‌പ്ലോർ ചെയ്യുന്നതാണ്. തുടരും സമാന രീതിയിലാണ്. ഫീൽ ഗുഡും പൊലീസ് നടപടികളും വൈകാരിക തലവുമെല്ലാം ഉണ്ട്. വിവിധ ജോണറുടെ സാധ്യത ഉപയോഗിക്കുന്ന മുൻ സിനിമകളുടെ രീതി, അതേ രീതിയിൽ തന്നെയാണ് തുടരും പോകുന്നത്.
അവസാനമെത്തിയ ആൾ
മോഹൻലാൽ എന്ന നടൻ നമുക്കൊപ്പം നിൽക്കുമ്പോൾ വെല്ലുവിളികളില്ല. സിനിമ ചെയ്യാൻ തയ്യാറായി നിൽക്കുമ്പോൾ, ലാലേട്ടന് അത് പൂർണമായും ചെയ്യാനുള്ള ഇടം ഒരുക്കുക എന്നു മാത്രമേയുള്ളു. കെ ആർ സുനിൽ വളരെ വർഷം മുമ്പ് ലാലേട്ടന്റെ അടുത്ത് പറഞ്ഞ കഥയാണിത്. പിന്നീട് അതിന് ഒരുപാട് മാറ്റങ്ങൾ സംഭവിച്ച് അതിന്റെ അവസാന കണ്ണിയിൽ എത്തിപ്പെട്ട ഒരാൾ മാത്രമാണ് ഞാൻ. കഥയുടെ അംശം വർഷങ്ങളായി ലാലേട്ടന്റെ മനസ്സിൽ കിടക്കുന്നുണ്ട്. ഞാൻ വന്നശേഷം അതിൽ കുറച്ചുകൂടി അടരുകൾ ഉണ്ടാക്കി എന്നതിനപ്പുറം ഇതിന്റെ അടിസ്ഥാന ആശയം സുനിലിന്റേത് തന്നെയാണ്. വർഷങ്ങളോളം ലാലേട്ടന്റെ മനസ്സിൽ കിടന്ന് സുനിലിനെ കാണുമ്പോൾ എന്നാണ് ആ സിനിമ ചെയ്യുന്നേ എന്ന് ചോദിച്ചു കൊണ്ടേയിരുന്നിരുന്നു.
താരത്തിന്റെ ബാധ്യതകളില്ല
ലാലേട്ടൻ എന്ന നടനെ ഉപയോഗിക്കുന്നതിൽ താരത്തിന്റെ ബാധ്യതകളൊന്നും ഉണ്ടായിരുന്നില്ല. എന്റെ താരവും ആകാംക്ഷയുമെല്ലാം ആ തിരക്കഥയാണ്. ആ തിരക്കഥയിലേക്ക് ലാലേട്ടനും ശോഭനയും ഞാനും സുനിലും ജേക്‌സു (ജേക്‌സ് ബിജോയ്)മെല്ലാം ഒന്നിക്കുകയായിരുന്നു. മേക്കറിന് വളരെ ആത്മവിശ്വാസം നൽകുന്നതും വിശ്വാസമുള്ളതുമായ തിരക്കഥയുണ്ടെങ്കിൽ പിന്നെ വേറെ ഒന്നും നോക്കേണ്ട എന്നാണ് വിശ്വസിക്കുന്നത്. സൂപ്പർ താരമാണെന്നോ, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നടനാണെന്നോ ഭാവമുള്ള ആളല്ല ലാലേട്ടൻ. വളരെ നല്ലൊരു ടീം മാനാണ്. ഒപ്പംനിന്ന് നമ്മൾ തൃപ്‌തിപ്പെടും വരെയും ചെയ്‌ത് തരാൻ മനസ്സുള്ളയാളാണ്.
മോഹൻലാൽ – ശോഭന
പ്രേക്ഷകർ എന്ത് ചിന്തിക്കും എന്നുവച്ച് ഒരിക്കലും ഒരു സിനിമ ഉണ്ടാക്കാനാകില്ല. നമുക്ക് കിട്ടുന്ന തിരക്കഥയിലെ കഥാപാത്രങ്ങൾ ബോധ്യപ്പെടാൻ അല്ലെങ്കിൽ വിശ്വസനീയമാകാൻ എന്ത് ചെയ്യണം എന്നാണ് കാസ്‌റ്റിങ് കൊണ്ട് ഉദേശിക്കുന്നത്. ലളിത എന്ന തമിഴ് പശ്ചാത്തലമുള്ള സ്‌ത്രീയെ അവതരിപ്പിക്കാൻ ശോഭനയെ തെരഞ്ഞെടുക്കാൻ വളരെ എളുപ്പമായിരുന്നു. മോഹൻലാലും ശോഭനയും പ്രേക്ഷകരുടെ മനസ്സിൽ അത്രയും പതിഞ്ഞ ജോഡി എന്നതിനെക്കാളും ആ കഥയാണ് പ്രസന്റ് ചെയ്‌തിരിക്കുന്നത്. കഥയെ മുഴുവൻ കൺവിൻസ് ചെയ്യാൻ ഈ ജോഡി സഹായിക്കും എന്നേയുള്ളു. മോഹൻലാൽ–- ശോഭന ജോഡിക്കു വേണ്ടി ഉണ്ടായ കഥയല്ല, മറിച്ച് കഥയ്‌ക്കു വേണ്ടിയുണ്ടായ ജോഡിയാണ്.
വൈകാരികത
എന്റെ ഓരോ സിനിമകളും ഓരോ ജോണറാണ് എന്നാണ് വിശ്വസിക്കുന്നത്. ഓപ്പറേഷൻ ജാവ പൂർണമായും സൈബർ റിലേറ്റഡ് ത്രില്ലറാണെങ്കിൽ സൗദി വെള്ളക്ക കുറച്ചുംകൂടി ഒരു കോടതി പശ്ചാത്തലമാക്കിയുള്ള ഇമോഷണൽ ഡ്രാമയാണ്. ഈ സിനിമയ്ക്കും അതിന്റേതായ ഒരു ജോണർ ഷിഫ്റ്റ് ഉണ്ട്. പക്ഷെ കഥാപാത്ര നിർമിതിയും അതിന്റെ വളർച്ചയുമെല്ലാം എന്നിൽ എന്താണോ ഉള്ളത് അത് തന്നെയാണ് ഈ സിനിമയിൽ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്. സിനിമ ആവശ്യപ്പെടുന്ന ഇമോഷൻസ് ഇതിലുമുണ്ട്. അല്ലാതെ ഇമോഷന് വേണ്ടി ഒന്നും കുത്തിക്കേറ്റാറില്ല. കഥ സഞ്ചരിക്കുമ്പോൾ കഥാപാത്രത്തിനും അതിന് ചുറ്റമുള്ളവർക്കും ഉണ്ടാകുന്ന മാറ്റങ്ങൾ ഈ സിനിമയിലും വളരെ ഓർഗാനിക്കായി അവതരിപ്പിച്ചിട്ടുണ്ട്. ഷൺമുഖത്തിനും അയാൾക്ക് ചുറ്റമുള്ള ആളുകൾക്കും ഇടയിൽ സംഭവിക്കുന്ന സംഘർഷത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. കഴിഞ്ഞ രണ്ട് സിനിമകളിൽനിന്ന് എന്താണ് പ്രേക്ഷകന് കിട്ടിയത്, അതുപോലെ തന്നെ ഇതിലും ഉണ്ടാകും. മോഹൻലാലും ശോഭനയും വന്നതുകൊണ്ട് എന്റെ ശൈലി ഞാൻ മാറ്റിയിട്ടില്ല. എഴുത്തിലായാലും സംവിധാനത്തിലായാലും എന്റെ ശൈലിയിലേക്ക് അവർ വന്നു നിൽക്കുകയായിരുന്നു. അത് തന്നെയാണ് എന്റെ കിക്കും.
വിന്റേജ് മോഹൻലാൽ
വിന്റേജ് എന്നതിനെ രണ്ട് രീതിയിലാണ് കാണുന്നത്. ഒന്ന് ഭയത്തോടെയും ഒന്ന് സന്തോഷത്തോടെയും. വിന്റേജ് എന്നതിനെ വളരെയേറെ ഭയപ്പെടുന്നുണ്ട്. കാരണം, നമുക്ക് വിന്റേജ് ക്രിയേറ്റ് ചെയ്യാൻ കഴിയില്ല. വിന്റേജ് എന്നത് ഓർമകൾ മാത്രമാണ്. നമ്മുടെ പഴയ കാലം ഒന്നും നമുക്ക് തിരിച്ചുവരുന്നതല്ല. പഴയ കാലം നമ്മൾ പുനർനിർമിക്കാൻ നോക്കിയാലും അതിങ്ങനെ ഏച്ചുകെട്ടിയിരിക്കും. ലാലേട്ടനെ സംവിധാനം ചെയ്യുന്ന സമയത്ത് പഴയ സിനിമകളുടെ ഫ്ലേവറുകൾ കുത്തിക്കേറ്റുക എന്നുള്ളതിനേക്കാൾ ഉപരിയായിട്ട് പഴയ സിനിമകളിൽ അദ്ദേഹം ഏതു തരം ഇമോഷനിലൂടെ കടന്നുപോയപ്പോഴാണ് പ്രേക്ഷകർ അദ്ദേഹത്തെ ഇഷ്ടപ്പെട്ടത് എന്ന് മനസ്സിലാക്കാൻ ഒരു പഠനം നടത്തി. അത് തിരക്കഥയിലേക്ക് കൊണ്ടുവന്നു. ഇന്ന് നടൻ എന്ന നിലയിൽ അദ്ദേഹത്തിന് എന്തു ചെയ്യാൻ പറ്റും അത് ഈ സിനിമയിൽ ചെയ്യുന്നുണ്ട്. അത് കാണുമ്പോൾ ചിലപ്പോൾ പണ്ടത്തെ സിനിമയിൽ ലാലേട്ടൻ ചെയ്‌തതു പോലെ തോന്നിയേക്കാം. പക്ഷെ അതൊന്നും പഴയ സിനിമയിലെ പോലെ വേണം എന്ന് പറഞ്ഞ് ചെയ്യിപ്പിച്ചതല്ല.
പഴയകാല ഫീൽ
ഷൺമുഖം എന്ന കഥാപാത്രത്തിന് പണ്ട് സിനിമയിലൊക്കെ ഉണ്ടായിരുന്നതു പോലെയുള്ള കഥാപാത്രത്തിന്റെ സംഘർഷങ്ങളിലൂടെ കടന്ന് പോകുന്നുണ്ട്. ലാലേട്ടൻ സ്റ്റാർഡത്തിൽ എത്തിയപ്പോൾ അദ്ദേഹം ചെയ്യുന്ന കഥാപാത്രങ്ങളിൽ സംഘർഷം കുറഞ്ഞു. അതായിരുന്നു നമുക്ക് നഷ്ടപ്പെട്ട് പോയത്. അദ്ദേഹത്തിന്റെ പ്രഭാവലയം, സ്റ്റാർഡം, പവർ ഒക്കെ വച്ച് നോക്കുമ്പോൾ സാധാരണ സിനിമ കാണാൻ വരുന്ന പ്രേക്ഷകന് ആ കഥാപാത്രം അനുഭവിക്കുന്ന സംഘർഷം കുറവായിരുന്നു. അതുകൊണ്ടാണ് പല തലത്തിലുള്ള ലാലേട്ടൻ പെർഫോമൻസുകൾ കിട്ടുന്നില്ലെന്ന പരാതി വന്നത്. ഈ സിനിമയിൽ സ്റ്റാർഡം ഒരു ഭാരമായി വയ്‌ക്കാത്തതു കൊണ്ടും അദ്ദേഹമത് സ്വീകരിക്കാത്തതു കൊണ്ടും കഥപാത്രം സംഘർഷങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. അതുകൊണ്ട് പഴയ കാലത്തെ ഫീൽ കിട്ടും. എന്നാൽ ഒരിക്കലും അതിനെ പുനർനിർമിക്കാനുള്ള ശ്രമം ഈ സിനിമയിൽ ഇല്ല.
പോസ്റ്റർ ബ്രില്ല്യൻസ്
തുടരും ഈ രീതിയിലാണ് പ്രൊമോട്ട് ചെയ്യപ്പെടേണ്ടതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒരിക്കലും അതൊരു ബ്രഹ്മാണ്ഡ സിനിമയല്ല. ഇത് മൗത്ത് പബ്ലിസിറ്റിയിലൂടെ തന്നെ ആളുകളിൽ എത്തേണ്ട സിനിമയാണ്. അപ്പോ ആ സിനിമയ്ക്ക് വേണ്ട ഇനിഷ്യൽ എന്നു പറയുന്നത് മോഹൻലാൽ–- ശോഭന സിനിമ എന്നുള്ളതാണ്. എമ്പുരാനും ഈ സിനിമയും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്. എമ്പുരാൻ അദ്ദേഹത്തിന്റെ സ്റ്റാർഡത്തെ കൃത്യമായി ഉപയോഗിക്കുമ്പോൾ അതിന്റെ ഏറ്റവും ഇങ്ങേയറ്റത്ത് നിന്നുകൊണ്ട് തുടരും പ്രൊമോട്ട് ചെയ്യാമെന്നുള്ളത് എന്റെയൊരു ആശയമായിരുന്നു. എമ്പുരാൻ, തുടരും ഇവ- രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന സിനിമകളാണ്. അങ്ങനെയാണ് സ്‌പ്ലൈൻഡർ പോസ്റ്റർ ഒക്കെ ചെയ്യുന്നത്. ‘മജസ്‌റ്റിക്ക് എൽ’ എന്നതൊക്കെ ഒരു ഇമോഷനാണ്. മോഹൻലാൽ എന്ന ഇമോഷനെ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ആദ്യ പോസ്റ്റർ മുതൽ സിനിമയുടെ സ്വഭാവം കൃത്യമായി മനസ്സിലാകുന്ന രീതിയിലാണ് പ്രചാരണം നടത്തിയത്.സിനിമ കണ്ടവർക്ക് പോസ്റ്ററിന്റെ തുന്നിക്കെട്ട് എന്താണെന്ന് മനസ്സിലായിട്ടുണ്ടാകും. ഇനിയും കാണാൻ വരുന്ന പ്രേക്ഷകർക്ക് ഒരു ബുദ്ധിമുട്ട് ആയേക്കും എന്നതുകൊണ്ട് സിനിമ തിയറ്റർ വിട്ടശേഷം അതിനെക്കുറിച്ച് വ്യക്തമായി പറയാം.
ചിന്തകൾ ഇത്ര വലുതല്ല
ഇത് സുനിലിന്റെ തിരക്കഥ തന്നെയാണ്. ഞാൻ കണ്ടെത്തുന്നത് എനിക്ക് പറ്റുന്ന ചെറിയ ചെറിയ കഥകളാണ്. നാളെ ഒരാൾ വന്ന് താരത്തിനു വേണ്ടി സിനിമ വേണമെന്ന് പറഞ്ഞാൽ എന്റെ കൈയിൽ നിന്ന് ഒരിക്കലും കിട്ടില്ല. എന്റെ കൈയിൽ അങ്ങനത്തെ കഥകളോ ചിന്തകളോ ഉണ്ടാകില്ല. കാരണം എന്റെ ചിന്തകളൊന്നും അത്രയും വലുതുമല്ല. സുനിൽ അങ്ങനെയൊരു തിരക്കഥ വർക്ക് ചെയ്തു വച്ചതുകൊണ്ട് എന്റെ ജോലി വളരെ എളുപ്പമായിരുന്നു. ഞാൻ ഈ സിനിമയിലേക്ക് എത്തിയപ്പോൾ സുനിൽ പറഞ്ഞത് എന്റെ കൈയിലുള്ള തിരക്കഥ നോക്കുകയേ വേണ്ട, തരുൺ ഒന്നിൽ നിന്ന് തുടങ്ങ് എന്നായിരുന്നു. എഴുത്തിൽ ഓരോ രംഗവും എഴുതുമ്പോൾ സുനിലിന് ഒക്കെയാണോ എന്ന് നോക്കിയാണ് ചെയ്‌തത്. സുനിൽ കൃത്യമായി അഭിപ്രായം പറയുന്ന, ഇഷ്ടക്കേട് പറയുന്ന, ഇഷ്ടക്കൂടുതൽ കാണിക്കുന്ന ആളാണ്. അതുകൊണ്ട് തിരക്കഥ എഴുത്തിൽ കൊടുക്കൽ വാങ്ങൽ കിട്ടിക്കൊണ്ടിരുന്നു.
പാട്ടിനായി പരിശ്രമം
സാധാരണ എന്റെ സിനിമകളിൽ പശ്ചാത്തല സംഗീതം പോലെയാണ് പാട്ടുകൾ ഉപയോഗിക്കാറുള്ളത്. പക്ഷേ, ഈ സിനിമയിൽ പശ്ചാത്തല സംഗീതം പോലെയും നമ്മുടെ ഇമോഷൻ, സിനിമ കാണാൻ വരുന്ന പ്രേക്ഷകരുടെ മനസ്സുകൂടി കണ്ടാണ് പാട്ടുകൾ ചെയ്‌തിട്ടുള്ളത്. വിരലിൽ എണ്ണാവുന്ന അത്രയും ഗാനങ്ങളുടെ കൂട്ടിച്ചേർക്കലുണ്ട്. ഒരുപാട് പ്രഗത്ഭരായ സംഗീതജ്ഞരെ ഒപ്പം നിർത്താൻ കഴിഞ്ഞു. ജേക്ക്‌സ് ബിജോയ് ഒപ്പം നിന്ന്, എന്റെ ആഗ്രഹങ്ങൾ, ചിന്തകൾ കേട്ട് അദ്ദേഹത്തിന്റെ സമയം എനിക്കുവേണ്ടി ചെലവഴിച്ചു. മ്യൂസിക്കൽ സ്‌കേപ്പ് ഉണ്ടാക്കിയിരിക്കുന്നത് നാടൻ ഉപകരണങ്ങൾ ഒക്കെ ഉപയോഗിച്ചാണ്. ഞാൻ ഏറ്റവും കൂടുതൽ പാട്ടുകൾക്കായി പ്രവർത്തിച്ചിട്ടുള്ളതും പാട്ടിനായി പരിശ്രമിച്ചിട്ടുള്ളതുമായ സിനിമയാണ് തുടരും. സംവിധായകൻ എന്നതിനെക്കാൾ ഉപരി കച്ചവട സാധ്യതകൂടി നോക്കിയാണ് പ്രവർത്തിച്ചത്.
0 comments