ad
Deshabhimani

സുധിയിൽ നിന്ന് സേതുവിലേക്ക്

KUNCHACKO BOBAN
avatar
ഡോ. കീർത്തി പ്രഭ

Published on Apr 12, 2026, 12:42 AM | 4 min read

മലയാളിക്ക് കുഞ്ചാക്കോ ബോബൻ എന്നത് നടന്റെ പേരുമാത്രമല്ല, ഒരു തലമുറയുടെ പ്രണയകാലസ്പന്ദനംകൂടിയാണ്. നായികയായി സ്വയം സങ്കൽപ്പിച്ച് കത്തുകളെഴുതിയവരും ഓരോ നോട്ടത്തിലും പ്രണയത്തിന്റെ ഭാഷ തിരഞ്ഞവരും അക്കാലത്ത് കുറവായിരുന്നില്ല. സുധിക്ക് മിനിയോട് തോന്നിയ ആ പഴയ ‘ഇഷ്ടം' ഇപ്പോഴും നമ്മളാരും മറന്നിട്ടില്ല.


‘എനിക്ക് മിനിയെ ഒരുപാട് ഇഷ്ടമാണ്...' എന്ന് ഇടറുന്ന ശബ്ദത്തിൽ സുധി പറഞ്ഞപ്പോൾ, അന്നത് കേട്ടത് ആ പെൺകുട്ടിമാത്രമല്ല, മലയാളക്കരയാകെയായിരുന്നു. ഓരോ ഫ്രെയിമിലും നിറഞ്ഞുനിന്ന ആ നിഷ്കളങ്കമായ പ്രണയഭാവങ്ങൾ ഒരു തലമുറയെ മുഴുവൻ സ്വപ്നം കാണാൻ പ്രേരിപ്പിച്ചു. പ്രണയനായകൻ എന്ന ഇമേജിനെ പാടേ പൊളിച്ചെഴുതിയ മലയാളികളുടെ പ്രിയപ്പെട്ട ‘ചാക്കോച്ചൻ’ പിന്നീട് സീരിയസ് കഥാപാത്രങ്ങളിലേക്ക് മാറിയപ്പോഴും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ തന്റെ ഗാനങ്ങളിലും ചുവടുകളിലും കൊണ്ടുവരാൻ ശ്രദ്ധിച്ചു. കാലം കടന്നുപോയിട്ടും ആ ചിരിക്കും പ്രസരിപ്പിനും ചടുലതയ്ക്കും മാറ്റമില്ല.


​രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ‘ന്നാ താൻ കേസ് കൊട്' എന്ന ചിത്രം കുഞ്ചാക്കോ ബോബൻ എന്ന കലാകാരന്റെ പുനർജന്മമെന്നു പറയാവുന്ന ഒരു ചിത്രമായിരുന്നു. 15ന് തിയറ്ററുകളിലെത്തുന്ന രതീഷിന്റെ പുതിയ ചിത്രം ‘ഒരു ദുരൂഹസാഹചര്യത്തിലൂ’ടെ ചാക്കോച്ചൻ ‘രാജീവനി'ൽനിന്ന് ‘സേതു’വായി മാറുകയാണ്. കാലത്തിനനുസരിച്ച് സ്വയം പുതുക്കാൻ മടിക്കാത്ത മലയാളത്തിന്റെ പ്രിയതാരം തന്റെ സിനിമാവിശേഷങ്ങളും മാറ്റങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പങ്കുവയ്‌ക്കുന്നു.


പുതിയ അനുഭവം


രതീഷ് എന്ന സംവിധായകന്റെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത്, ഒരു അഭിനേതാവിനെ അവർപോലും ചിന്തിക്കാത്ത രീതിയിൽ സ്ക്രീനിൽ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ്. ഇത് വെറും ബാഹ്യരൂപത്തിലോ വേഷവിധാനത്തിലോമാത്രം ഒതുങ്ങുന്ന മാറ്റമല്ല. കഥാപാത്രത്തിന്റെ സ്വഭാവം, ചലനങ്ങൾ, സംസാരശൈലി എന്നിവയിലെല്ലാം വളരെ സ്വാഭാവികമായ ഒരു വ്യത്യാസം കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിക്കുന്നു.


‘ന്നാ താൻ കേസ് കൊട്' സിനിമയിലെ രാജീവൻ എന്നെ സംബന്ധിച്ച് തികച്ചും അപരിചിതമായ ഒരു പശ്ചാത്തലത്തിൽനിന്നുള്ള ആളായിരുന്നു. രൂപത്തിലും ഭാവത്തിലും ശാരീരികഭാഷയിലുമെല്ലാം ആ മാറ്റം കൊണ്ടുവരിക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. എനിക്ക് ഒട്ടും വഴങ്ങാത്ത മേഖലകളിൽപോലും എന്നെ അങ്ങേയറ്റം സ്വാഭാവികതയോടെ അവതരിപ്പിക്കാൻ രതീഷിന് സാധിച്ചു. അത് വലിയൊരു കാര്യമാണ്.


​ഇപ്പോൾ ‘ഒരു ദുരൂഹസാഹചര്യത്തിൽ' എന്ന സിനിമയിലേക്ക് എത്തുമ്പോഴും അത്തരമൊരു വേറിട്ട ശ്രമം ഞങ്ങൾ നടത്തിയിട്ടുണ്ട്. ട്രെയിലർ കണ്ടപ്പോൾ പലരും പറഞ്ഞത്, ആ ഡെഡ്ബോഡിക്ക് അടുത്തിരുന്ന് ചിരിക്കുന്ന സീൻ ഇതുവരെ കാണാത്ത ഒരു കുഞ്ചാക്കോ ബോബനെയാണ് കാണിച്ചുതരുന്നത് എന്നാണ്. ഒരു ആർട്ടിസ്റ്റിനെ എങ്ങനെ വ്യത്യസ്തമായി അവതരിപ്പിക്കാം എന്നതിന്റെ തെളിവാണത്. രാജീവനെപ്പോലെതന്നെ ‘ദുരൂഹസാഹചര്യത്തിലെ’ സേതുവും പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.


മാറ്റങ്ങൾ പെട്ടെന്നുണ്ടായതല്ല


സിനിമയിലെ എന്റെ ഈ മാറ്റങ്ങൾ പെട്ടെന്ന് സംഭവിച്ചതല്ല. വർഷങ്ങൾക്കുമുമ്പുതന്നെ ഇതിനായുള്ള പരിശ്രമങ്ങൾ ഞാൻ തുടങ്ങി. അതിനായി ആത്മാർഥതയോടെയുള്ള പരിശ്രമങ്ങളും ക്ഷമയും ഏകാഗ്രതയും ആവശ്യമായിരുന്നു. തെറ്റുകൾ തിരുത്തി. ഒരുപാട് പരീക്ഷണങ്ങൾ നടത്തി. അതിൽ ചിലത് വിജയിച്ചിട്ടുണ്ടാകാം. മനപ്പൂർവമായ പരിശ്രമങ്ങളിലൂടെയും സ്വാഭാവികമായ മാറ്റങ്ങളിലൂടെയും ഏറെ നാളായി നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയുടെ ഫലമാണ് ഇന്നത്തെ ഈ മാറ്റങ്ങൾ.


നൃത്തം, ഗാനങ്ങൾ


എന്റെ സിനിമാജീവിതത്തിൽ പാട്ടുകൾക്ക് എപ്പോഴും വലിയ സ്ഥാനമുണ്ട്. ആദ്യ സിനിമമുതൽ ഇതുവരെയുള്ള ചിത്രങ്ങളിൽ നല്ലൊരു ശതമാനം എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളുടെ ഭാഗമാണ്‌. തുടക്കകാലത്ത് റൊമാന്റിക് ഗാനങ്ങളും ഫാസ്റ്റ് നമ്പറുകളുമായിരുന്നു കൂടുതലും. അക്കാലത്ത് അത്തരം സിനിമകൾക്കും കഥാപാത്രങ്ങൾക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പ്രേക്ഷകമനസ്സുകളിൽ ആ പാട്ടുകൾ നിലനിന്നത് ഒരു നടനെന്ന നിലയിൽ എന്റെ ഇമേജ് നിലനിർത്താൻ ഏറെ സഹായിച്ചിട്ടുണ്ട്. പാട്ടുകൾക്കൊപ്പംതന്നെ എന്റെ നൃത്തച്ചുവടുകളിലും വലിയ മാറ്റങ്ങൾ സംഭവിച്ചു. ന്നാ താൻ കേസ് കൊട്, ബോഗൈൻ വില്ല എന്നീ സിനിമകളിലൊക്കെ എനിക്ക് ഒട്ടും പരിചിതമല്ലാത്ത ശൈലിയിലുള്ള നൃത്തങ്ങൾ പഠിച്ചവതരിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. സിനിമയിലെ ഗാനങ്ങൾ, അതിന്റെ ദൃശ്യഭംഗി, നൃത്തച്ചുവടുകൾ, ചിത്രീകരണത്തിലെ പ്രത്യേകതകൾ എന്നിവയെല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടവനായി നിലനിൽക്കാൻ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഓരോ സിനിമയിലും പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും അത് പ്രേക്ഷകരിലേക്ക് എത്തിക്കാനുമാണ് എപ്പോഴും ആഗ്രഹിക്കുന്നത്.


തിരിഞ്ഞുനോട്ടം


തിരിഞ്ഞുനോക്കുമ്പോൾ വളരെ രസകരമായ യാത്രയായിരുന്നു. എല്ലാം സന്തോഷങ്ങളും അംഗീകാരങ്ങളും നിറഞ്ഞ ഒന്നായിരുന്നു എന്നല്ല അർഥം. ഒരുപാട് ഏറ്റക്കുറച്ചിലുകളുണ്ടായിരുന്നു. തിരസ്കാരങ്ങളും അംഗീകാരങ്ങളും ഒരുപോലെ അനുഭവിച്ച യാത്ര. തുടക്കകാലത്ത് സിനിമയിൽനിന്ന് മാറിനിൽക്കാൻ തീരുമാനിച്ചതും സിനിമയോടുള്ള സ്നേഹംകൊണ്ടുതന്നെയാണ്. ആ ഇടവേളയിൽ സിനിമയെ ഞാൻ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നും പ്രേക്ഷകർ എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നും ആഴത്തിൽ മനസ്സിലാക്കാൻ സാധിച്ചു. ആ തിരിച്ചറിവുകളാണ് എന്റെ രണ്ടാംവരവിന് കാരണമായത്. അതുകൊണ്ടുതന്നെ എന്റെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു കാലഘട്ടമായി ആ ഇടവേളയെ ഞാൻ കാണുന്നു. നമ്മൾ നടത്തുന്ന ഓരോ ചുവടുവയ്‌പും അത് ചെറുതാണെങ്കിൽപ്പോലും മുന്നോട്ടുതന്നെ ആയിരിക്കണമെന്ന നിർബന്ധം എനിക്കുണ്ട്.


​​​ചിന്തിപ്പിക്കുന്ന സിനിമാ അനുഭവം


‘ന്നാ താൻ കേസ് കൊട്' സിനിമയിൽ കണ്ടതുപോലെതന്നെ സമൂഹത്തിൽ പ്രസക്തമായ ഒരു വിഷയം രതീഷ് പൊതുവാൾ തന്റെ പുതിയ ചിത്രമായ ‘ഒരു ദുരൂഹസാഹചര്യത്തിലും’ കൈകാര്യം ചെയ്യുന്നുണ്ട്. ഇതിലെ കേന്ദ്ര കഥാപാത്രമായ സേതു ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഒരാളാണ്; ഒരു ഹെൽത്ത് സെന്ററിലെ ക്ലറിക്കൽ ജീവനക്കാരൻ.


സേതു ഒരു പ്രതിനിധിയാണ്. താൻ ചെയ്യേണ്ടതല്ലാത്ത ജോലികൾപോലും ചെയ്യാൻ നിർബന്ധിതനാവുകയും പല സാഹചര്യങ്ങളിലും ചൂഷണത്തിന് ഇരയാവുകയും ചെയ്യുന്ന വിഭാഗത്തിന്റെ പ്രതിനിധി. ജോലിസ്ഥലത്തായാലും ശരി, വീട്ടിലായാലും സുഹൃത്തുക്കൾക്കിടയിലായാലും അയാൾ നിരന്തരം ചൂഷണം ചെയ്യപ്പെടുന്നുണ്ട്.


​ഇത്തരമൊരു സാധാരണക്കാരന്റെ ജീവിതത്തിൽ അവിചാരിതമായി ഉണ്ടാകുന്ന ചില സാഹചര്യങ്ങൾ അയാളുടെ സ്വഭാവത്തെയും കാഴ്ചപ്പാടുകളെയും എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. ഒരുപാട് ദുരൂഹതകളും അതോടൊപ്പംതന്നെ നർമവും വൈകാരികനിമിഷങ്ങളും കോർത്തിണക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. രതീഷിന്റെ മുൻ സിനിമകളിൽ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മികച്ച ആക്‌ഷൻ സീക്വൻസുകളും ‘ദുരൂഹസാഹചര്യത്തിലി’ന്റെ മറ്റൊരു പ്രത്യേകതയാണ്. ആവേശകരവും ഒപ്പം ചിന്തിപ്പിക്കുന്നതുമായ ഒരു സിനിമാ അനുഭവംതന്നെയാകും ഇത്.


​​മാറുന്ന സിനിമ


കാലത്തിനൊപ്പം സഞ്ചരിക്കുക എന്നത് ജീവിതത്തിലായാലും സിനിമയിലായാലും വളരെ പ്രധാനപ്പെട്ട കാര്യമാണ്. നമ്മൾ അതിജീവിക്കുന്നതുതന്നെ ഓരോ കാലഘട്ടത്തിലും വരുന്ന പ്രതിസന്ധികളെയും മാറ്റങ്ങളെയും ഉൾക്കൊള്ളാനുള്ള കഴിവുകൊണ്ടാണ്. സിനിമയുടെ സാങ്കേതികവിദ്യയിലും പ്രേക്ഷകരുടെ താൽപ്പര്യങ്ങളിലും വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ആ മാറ്റങ്ങൾക്കൊപ്പം നിൽക്കാൻ നമ്മൾ തയ്യാറാകണം. എങ്കിൽമാത്രമേ പുതിയ തലമുറയോടൊപ്പം നമുക്കും സഞ്ചരിക്കാൻ സാധിക്കൂ. പുതിയ കാലത്തെ സാങ്കേതികവിദ്യകളുടെ കടന്നുവരവ് സിനിമയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. അത് ഏറ്റവും മികച്ച രീതിയിൽത്തന്നെ നമ്മൾ ഉപയോഗപ്പെടുത്തണം.


ഉദയ എന്ന പൈതൃകം


​‘ഉദയ’ എന്ന പേര് എന്റെ സിനിമാപ്രവേശത്തിന് സഹായമായിരുന്നു എന്നത് ഒരു വസ്തുതയാണ്. സത്യത്തിൽ സിനിമയിലേക്ക് വരണമെന്ന് ഒട്ടും ആഗ്രഹിക്കാത്ത സമയത്താണ് ഈ മേഖലയിലേക്ക് എത്തുന്നത്. ഒരു വലിയ ഇടവേളയ്ക്കുശേഷം സിനിമയിലേക്ക് തിരിച്ചുവന്നപ്പോഴാണ് മലയാളികളുടെ മനസ്സിൽ ‘ഉദയ’ എന്ന പ്രസ്ഥാനത്തിന് എത്രത്തോളം സ്ഥാനമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത്. ആ ബഹുമാനവും അംഗീകാരവും കണ്ടപ്പോഴാണ് എന്റെ മുത്തച്ഛന്റെയും അച്ഛന്റെയും പേര് മോശമാക്കാതെ നിലനിർത്തേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന് എനിക്ക് തോന്നിത്തുടങ്ങിയത്. ഇന്ന് ‘ഉദയ’ നിർമിക്കുന്ന സിനിമകൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കത് മനസ്സിലാകും.


‘കൊച്ച‍ൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' പോലുള്ള ഒരു മോട്ടിവേഷണൽ ചിത്രംമുതൽ അറിയിപ്പ്, ന്നാ താൻ കേസ് കൊട്, ഇപ്പോൾ ‘ഒരു ദുരൂഹസാഹചര്യത്തിൽ’വരെ എത്തുമ്പോൾ വെറുമൊരു വിനോദത്തിനപ്പുറം സാമൂഹികപ്രസക്തിയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. ഇത് എനിക്കൊരു സമ്മർദമല്ല, മറിച്ച് എന്റെ കുടുംബത്തിന്റെ പൈതൃകത്തോടുള്ള ആത്മാർഥമായ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം ഏറ്റവും ഭംഗിയായി നിറവേറ്റാനുള്ള പരിശ്രമങ്ങൾ ഞാൻ തുടർന്നുകൊണ്ടിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home